Quantcast

പെണ്‍കുട്ടികളെ കാണാതാകല്‍ 'പെയ്ഡ് പ്രമോഷന്‍' എന്ന് ഡല്‍ഹി പൊലീസ്; പ്രചരിപ്പിച്ചാല്‍ നടപടി

ചിലര്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കായി പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്നാണ് പൊലീസിൻ്റെ വിചിത്രവാദം

MediaOne Logo
Paid promotion fuelling reports of surge in missing girls, says Delhi Police
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കാണാതാകുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ഡല്‍ഹി പൊലീസ്. കാണാതാകുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഇല്ലെന്നും ചിലര്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കായി 'പെയ്ഡ് പ്രമോഷന്‍' നടത്തി പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്നുമാണ് പൊലീസിന്റെ വിചിത്രവാദം. ഇത്തരം വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ് പൊലീസ്. എന്നാല്‍, കാണാതാകല്‍ കേസുകളുടെ കണക്ക് പുറത്തുവിടാന്‍ പൊലീസ് തയാറായില്ല.

'ഡല്‍ഹിയില്‍ വ്യാപകമായി പെണ്‍കുട്ടികളെ കാണാതാകുന്നെന്ന റിപ്പോര്‍ട്ടുകള്‍ പണം നല്‍കിയുള്ള പ്രമോഷനാണ്. സാമ്പത്തിക നേട്ടത്തിനായി പരിഭ്രാന്തി സൃഷ്ടിക്കുന്നത് അനുവദിച്ചുകൊടുക്കില്ല. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും' -ഡല്‍ഹി പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലല്ല ഇത്തവണത്തെ കാണാതാകല്‍ കേസുകള്‍ എന്ന് ഡല്‍ഹി പൊലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ തയാറായില്ല. അതേസമയം, പൊലീസിന്റെ അവകാശവാദം ആം ആദ്മി പാര്‍ട്ടി തള്ളി. ബിജെപി ഭരണത്തില്‍ ഡല്‍ഹി 'ലാപതാഗഞ്ച്' (കാണാതാകുന്നവരുടെ നഗരം) ആയി മാറുകയാണെന്ന് ആം ആദ്മി കുറ്റപ്പെടുത്തി.

ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ മാത്രം ഡല്‍ഹിയില്‍ 807 പേരെയാണ് കാണാതായതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതില്‍ 509 പേരും സ്ത്രീകളാണ്. ദിവസം ശരാശരി 54 പേരെ വീതമാണ് കാണാതായിരിക്കുന്നത്. 807 പേരില്‍ 298 പേരാണ് പുരുഷന്മാര്‍. പ്രായപൂര്‍ത്തിയാകാത്ത 191 പേരെ കാണാതായപ്പോള്‍ 616 പേരാണ് മുതിര്‍ന്നവര്‍. ഒരു ദിവസം ശരാശരി 13 കുട്ടികളെ വീതമാണ് കാണാതായിരിക്കുന്നത്. കാണാതായ പ്രായപൂര്‍ത്തിയാകാത്തവരില്‍ 146 പേരും പെണ്‍കുട്ടികളാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയകാര്യം. 2025ല്‍ ആകെ 24,508 പേരെയാണ് ഡല്‍ഹിയില്‍ നിന്നും കാണാതായത്. ഇതില്‍ 60 ശതമാനവും (14,870 പേര്‍) സ്ത്രീകളാണ്. ബാക്കി 9,638 പേരാണ് പുരുഷന്മാര്‍. ഇതില്‍ 15,421 പേരെ കണ്ടുപിടിക്കാനായെങ്കിലും 9,087 പേര്‍ ഇപ്പോഴും എവിടെയാണെന്ന് വിവരമില്ല.

TAGS :

Next Story