Quantcast

കോയമ്പത്തൂർ സ്‌ഫോടനക്കേസ്: അഞ്ച് പ്രതികൾക്ക് 60 ദിവസം പരോൾ അനുവദിച്ച് തമിഴ്നാട് സർക്കാർ

പരോൾ അനുവദിച്ചതിനെതിരെ ബിജെപി രം​ഗത്തെത്തി

MediaOne Logo
കോയമ്പത്തൂർ സ്‌ഫോടനക്കേസ്: അഞ്ച് പ്രതികൾക്ക് 60 ദിവസം പരോൾ അനുവദിച്ച് തമിഴ്നാട് സർക്കാർ
X

ചെന്നൈ: 1998-ലെ കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന അഞ്ച് പ്രതികൾക്ക് 60 ദിവസത്തെ പരോൾ അനുവദിച്ച് തമിഴ്നാട് സർക്കാർ. കോയമ്പത്തൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഹമ്മദ് അൻസാരി, മുഹമ്മദ് അലി, മൊണപ്പ എന്ന മുഹമ്മദ് ഹസൻ, മുഹമ്മദ് അജം, നവാബ് ഖാൻ എന്നിവർക്കാണ് സർക്കാർ പരോൾ അനുവദിച്ചത്. 46നും 55നും ഇടയിൽ പ്രായമുള്ള ഇവർ വ്യക്തിപരമായ സാഹചര്യങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് പരോളിനായി അപേക്ഷ നൽകിയിരുന്നതെന്ന് ജയിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇവരുടെ പരോൾ അപേക്ഷകൾ ഈ വർഷം ആദ്യം തന്നെ അംഗീകരിച്ചിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് കാരണം റിലീസ് നീട്ടിവെക്കുകയായിരുന്നുവെന്നും ഇപ്പോൾ പുതിയ അപേക്ഷകൾ പരിഗണിച്ചാണ് നടപടിയെന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

തടവിൽ ദീർഘകാലം കഴിഞ്ഞവർക്ക് നൽകിവരുന്ന സ്വാഭാവിക ഇളവുകളുടെ ഭാഗമാണ് ഈ പരോളെന്നും മറ്റ് പ്രതികൾക്ക് നൽകുന്നതിന് തുല്യമായ ആശ്വാസം മാത്രമാണിതെന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്. പരോൾ അനുവദിച്ചതിൽ മുഖ്യമന്ത്രി വിജയ്ക്ക് ടിവികെ എംഎൽഎ വി.എം.എസ് മുസ്തഫ നന്ദി അറിയിച്ചു.


കോയമ്പത്തൂർ സ്‌ഫോടനക്കേസ് പ്രതികളായ മുഹമ്മദ് അലി മൻസൂർ, അബൂബക്കർ സിദ്ദീഖ്, സാദിഖ് അലി എന്നിവർ

എന്നാൽ, സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ബിജെപി സംസ്ഥാന മുഖ്യ വക്താവ് നാരായണൻ തിരുപ്പതി രംഗത്തെത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കറുത്ത അധ്യായങ്ങളിലൊന്നായ ഭീകരാക്രമണത്തിന്റെ ഗൗരവത്തെക്കാൾ വലുതല്ല വ്യക്തിപരമായ കാരണങ്ങളെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ശിക്ഷയ്‌ക്കെതിരായ അപ്പീലുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കോയമ്പത്തൂർ സ്‌ഫോടനക്കേസിലെ ചില ജീവപര്യന്തം തടവുകാർക്ക് ജാമ്യം നിഷേധിച്ച 2023 ഒക്ടോബർ നാലുലെ സുപ്രിംകോടതി ഉത്തരവും അദ്ദേഹം ചൂണ്ടിക്കാട്ടി.

തടവുകാരുടെ സ്വാഭാവിക അവകാശമാണ് പരോളെന്നും ഇത് ശിക്ഷയുടെ ഗൗരവം കുറയ്ക്കുന്ന ഒന്നായി കാണേണ്ടതില്ലെന്നും നിയമവിദഗ്ധർ വ്യക്തമാക്കുന്നുണ്ട്. 2023 ജനുവരിയിൽ ആരോഗ്യപരമായ കാരണങ്ങളാൽ ഒമ്പത് പ്രതികൾക്ക് കോടതി ഇടക്കാല ഇളവ് അനുവദിച്ചിരുന്നു. തലച്ചോറിലെ ട്യൂമറും കാൻസർ ലക്ഷണങ്ങളും ചൂണ്ടിക്കാട്ടി മറ്റൊരു തടവുകാരനായ അബ്ദുൽ ഹക്കീമിന് മദ്രാസ് ഹൈക്കോടതി മൂന്ന് മാസത്തെ സാധാരണ ഇളവും നൽകിയിരുന്നു. കൂടാതെ, കേസിലെ പ്രധാന പ്രതിയായ അൽ ഉമ്മ സ്ഥാപകൻ എസ്.എ ബാഷയ്ക്കും മുമ്പ് പലതവണ ജാമ്യം ലഭിച്ചിരുന്നു. 2024 ഡിസംബറിൽ 84-ാം വയസിലാണ് ബാഷ മരിച്ചത്.

1998 ഫെബ്രുവരി 14-നാണ് മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനി പങ്കെടുക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് റാലിക്ക് മുന്നോടിയായി കോയമ്പത്തൂരിൽ സ്‌ഫോടന പരമ്പര നടന്നത്. അദ്വാനി സ്ഥലത്ത് എത്താതിരുന്നതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. 58 പേർ കൊല്ലപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്‌ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത 168 പേരിൽ 158 പേരെ 2007-ൽ കോടതി ശിക്ഷിച്ചു. ഇതിൽ 43 പേർക്ക് ജീവപര്യന്തം തടവാണ് വിധിച്ചത്.

TAGS :

Next Story