Quantcast

"വയനാട്ടിലെ ജനങ്ങൾ കുടുംബാംഗങ്ങളെ പോലെ, വോട്ടർമാർക്ക് കത്തെഴുതും": രാഹുൽ ഗാന്ധി

'ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി എത്തിയപ്പോൾ മുതൽ അദാനിയുമായി കൂട്ടുകെട്ടുണ്ട്'

MediaOne Logo

Web Desk

  • Updated:

    2023-03-25 08:42:24.0

Published:

25 March 2023 8:10 AM GMT

Rahul Gandhi_pressmeet
X

ഡൽഹി: വയനാട്ടിലെ ജനങ്ങൾ കുടുംബാങ്ങങ്ങളെ പോലെയെന്ന് രാഹുൽ ഗാന്ധി. വയനാട്ടിലെ ജനങ്ങളുമായി ഒരേ കുടുംബത്തിലെ അംഗങ്ങൾ എന്ന ബന്ധം ആണ് ഉള്ളത്, വോട്ടർമാർക്ക് കത്തെഴുതുമെന്നും രാഹുൽ പറഞ്ഞു. തൻ്റെ ഹൃദയത്തിൽ ജനങ്ങൾക്കുള്ള സ്ഥാനം കത്തിലൂടെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. അയോഗ്യനാക്കിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണമായിരുന്നു ഇത്.

ജനാധിപത്യത്തിന് നേരെയുള്ള ആക്രമണത്തിന് നിരന്തരം ഉദാഹരണങ്ങൾ രാജ്യത്ത് ഉണ്ടാകുന്നു. അയോഗ്യതയും ഇതിന്റെ ഭാഗമാണ്. ചോദ്യങ്ങൾ ചോദിച്ചതിനാണ് നടപടിയുണ്ടായത്. പക്ഷേ, ചോദ്യം ചോദിക്കുന്നത് നിർത്താൻ ഉദ്ദേശിച്ചിട്ടില്ല. അദാനി നരേന്ദ്ര മോദി കൂട്ടുകെട്ട് ആദ്യം മുതലുണ്ട്. തെളിവുകൾ സഹിതം പാർലമെന്റിൽ ഇത് ഉന്നയിച്ചതുമാണ്. ഇരുപതിനായിരം കോടി രൂപ അദാനിയുടെ ഷേൽ കമ്പനിയിൽ ലഭിച്ചിട്ടുണ്ട്. ഇതാരുടെ പണമാണെന്നാണ് ചോദിച്ചത്. എന്നാൽ, എന്റെ വാക്കുകൾ പാർലമെന്റ് രേഖകളിൽ നിന്നടക്കം നീക്കി.

ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി എത്തിയപ്പോൾ മുതൽ അദാനിയുമായി കൂട്ടുകെട്ടുണ്ട്. സ്പീക്കറിന് വിശദവിവരങ്ങൾ ഉൾപ്പെടുത്തി കത്ത് നൽകി. തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് സ്പീക്കർ പറഞ്ഞത്. ഇവരെയാരെയും എനിക്ക് ഭയമില്ല. ഇന്ത്യയുടെ ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് രാഹുൽ പറഞ്ഞു.

ഭാരത് ജോഡോ യാത്രയിൽ 4 മാസം ജനങ്ങൾക്ക് ഇടയിൽ തന്നെ ഉണ്ടായിരുന്നു, ഇനിയുമത് തുടരും. പ്രതിപക്ഷ പാർട്ടികൾക്ക് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ മീഡിയ എന്ന മാർഗ്ഗം മാത്രമേയുള്ളൂ. പിന്തുണച്ചതിന് പ്രതിപക്ഷ പാർട്ടികൾക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.

അതേസമയം, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. മഹാരാഷ്ട്രയിൽ എംഎൽഎമാരുടെ നേതൃത്വത്തിൽ നിയമസഭയിൽ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. കേരളത്തിലും വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. തിരുവനന്തപുരത്ത് രാജഭവനിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി . സംഘർഷത്തിൽ മൂന്ന് പ്രവർത്തകരുടെ തലയ്ക്ക് പരിക്കേറ്റു . കോഴിക്കോട്ടും കോൺഗ്രസ് മാർച്ചിൽ സംഘർഷം ഉണ്ടായി.

യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയായിരുന്നു ആദ്യം നൈറ്റ് മാർച്ചുമായി രാജ്ഭവനിലേക്ക് എത്തിയത്. പ്രവർത്തകർക്ക് നേരെ മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും അക്രമ സംഭവങ്ങൾ ഉണ്ടായില്ല. പിന്നീട് കെ.എസ്.യു പ്രവർത്തകരുടെ ഊഴമായിരുന്നു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോൾ നിർത്താതെ ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവർത്തകർ പ്രകോപിതരായി. പൊലീസിന് നേരെ കല്ലും കമ്പുകളും വലിച്ചെറിഞ്ഞതോടെ ലാത്തിചാർജും ഉണ്ടായി.

TAGS :

Next Story