ഫോണുകൾ സ്വിച്ച് ഓഫ്; ഉദ്ദവ് താക്കറയെ വെട്ടിച്ച് എംപിമാർ? മഹാരാഷ്ട്രാ രാഷ്ട്രീയം ഡൽഹിയിലേക്ക്
പണം നൽകി എംപിമാരെ വിലയ്ക്ക് വാങ്ങാൻ ശ്രമമെന്ന് ഉദ്ധവ് വിഭാഗം

- Published:
17 Jun 2026 7:49 AM IST

ന്യൂഡൽഹി: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും നാടകീയ നീക്കങ്ങൾ. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു.ബി.ടി) വിഭാഗത്തിലെ ലോക്‌സഭാ എം.പിമാരിൽ ഭൂരിഭാഗവും ഭരണപക്ഷമായ ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി സൂചന.
മുതിർന്ന യു.ബി.ടി നേതാക്കൾക്ക് ചില എം.പിമാരെ ഫോണിൽ പോലും ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് വിവരം. പലരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
പ്രതിസന്ധി പരിഹരിക്കാൻ ഉദ്ധവ് താക്കറെയും മറ്റ് മുതിർന്ന നേതാക്കളും നേരിട്ട് എം.പിമാരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പലരും നിലവിൽ പാർട്ടി നേതൃത്വത്തിന്റെ പരിധിക്ക് പുറത്താണ്. നാളെ ഡൽഹിയിൽ യു.ബി.ടിയുടെ പാർലമെന്ററി കമ്മിറ്റി യോഗം ചേരാനിരിക്കെ, ഉദ്ധവ് പക്ഷത്തെ പ്രമുഖ എംപിമാർ ഇതിനകം തന്നെ ദേശീയ തലസ്ഥാനത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.
വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, ഉദ്ധവ് പക്ഷത്തുനിന്ന് മാറാൻ തീരുമാനിച്ച എംപിമാർ നാളെ പുലർച്ചെ ഡൽഹിയിലെ ശ്രീകാന്ത് ഷിൻഡെയുടെ (ഏക്‌നാഥ് ഷിൻഡെയുടെ മകൻ) വസതിയിൽ യോഗം ചേരും. ഈ യോഗത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം വിമത എം.പിമാർ ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ കാണാൻ സാധ്യതയുണ്ട്. ലോക്‌സഭയിൽ ഔദ്യോഗികമായി ഒരു പ്രത്യേക ഗ്രൂപ്പ് രൂപീകരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ഇവർ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള യഥാർത്ഥ ശിവസേനയിൽ ലയിക്കുക.
ഉദ്ധവ് താക്കറെ പക്ഷത്തുനിന്നുള്ള 6 എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജയ് ദിനാ പാട്ടീൽ, സഞ്ജയ് ദേശ്‌മുഖ്, നാഗേഷ് പാട്ടീൽ അഷ്ടികർ, ഓംരാജെ നിംബാൽക്കർ, ഭാവുസാഹേബ് വാക്ചൗരെ, സഞ്ജയ് ജാദവ് എന്നിവരാണ് ഉദ്ധവ് ശിവസേന വിടാനൊരുങ്ങുന്നത്. ഒമ്പത് എംപിമാരാണ് പാര്‍ട്ടിക്കുള്ളത്. അതേസമയം പണം നൽകി എംപിമാരെ വിലയ്ക്ക് വാങ്ങാൻ ശ്രമമെന്നാണ് ഉദ്ധവ് വിഭാഗം പറയുന്നത്.
Adjust Story Font
16
