Quantcast

45 സെക്കൻഡിൽ 520 മീറ്റർ; ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ ഉദ്ഘാടനം നാളെ

ആകെ 16.6 കിലോമീറ്റർ ദൂരം വരുന്ന പദ്ധതിയിലെ മെട്രോ ടണൽ നിർമിച്ചിരിക്കുന്നത് ഹൂഗ്ലി നദിയിലാണ്

MediaOne Logo

Web Desk

  • Published:

    5 March 2024 2:23 PM GMT

Prime Minister Narendra Modi will tomorrow inaugurate the Howrah Maidan-Esplanode section of Kolkata Metro, Indias first underwater metro.
X

കൊൽക്കത്ത:ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോയായ കൊൽക്കത്ത മെട്രോയുടെ ഹൗറ മൈതാൻ -എസ്പ്ലാനോഡ് സെക്ഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും. ആകെ 16.6 കിലോമീറ്റർ ദൂരം വരുന്ന പദ്ധതിയിലെ മെട്രോ ടണൽ നിർമിച്ചിരിക്കുന്നത് ഹൂഗ്ലി നദിയിലാണ്. കൊൽക്കത്തയുടെ ഇരട്ടനഗരങ്ങളായ ഹൗറയെയും സാൾട്ട് ലേക്കിനെയുമാണ് പാത ബന്ധിപ്പിക്കുക.

ഹൂഗ്ലി നദിയുടെ കിഴക്കും പടിഞ്ഞാറുമായാണ് ഹൗറയും സാൾട്ട് ലേക്ക് നഗരവും സ്ഥിതി ചെയ്യുന്നത്. അണ്ടർ ഗ്രൗണ്ടിലുള്ള മൂന്നെണ്ണമടക്കം ആറ് സ്‌റ്റേഷനുകളാണ് പാതയിലുണ്ടാകുക. ഹൗറ മൈതാൻ, ഹൗറ സ്‌റ്റേഷൻ കോംപ്ലക്‌സ്, ബിബിഡി ബാഗ് (മഹാകരൺ) എന്നിവയാണ് ഈസ്റ്റ് -വെസ്റ്റ് മെട്രോയുടെ ഗ്രീൻ ലൈനിലെ മൂന്നു സ്‌റ്റേഷനുകൾ.

മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിലാണ് മെട്രോ ഓടുക. അത് ഹൂഗ്ലിയിലെ ഭാഗം 45 സെക്കൻഡ് കൊണ്ട് മറികടക്കും. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ദിവസം തന്നെ പൊതുജനങ്ങൾക്കായി മെട്രോ യാത്ര നടത്താൻ അവസരം ലഭിക്കും.

കൊൽക്കത്ത മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡാണ് (കെഎംആർസിഎൽ) പദ്ധതി നടപ്പാക്കുന്നത്. നിലവിൽ കൊൽക്കത്ത മെട്രോക്ക് മൂന്നു ലൈനുകളാണുള്ളത്. ദക്ഷിണേശ്വർ മുതൽ കവി സുഭാഷ്, സാൾട്ട് ലേക്ക് സെക്ടർ അഞ്ച് മുതൽ സീൽദാ, ജോക മുതൽ താർതല എന്നിങ്ങനെയാണ് ഈ ലൈനുകൾ. മറ്റു മൂന്നു ലൈനുകൾ നിർമാണത്തിലാണുള്ളത്.





കൊൽക്കത്ത അണ്ടർ വാട്ടർ മെട്രോ പദ്ധതിയുടെ പ്രത്യേകതകൾ

  • കൊൽക്കത്ത മെട്രോയുടെ ഹൗറ മൈതാനം-എസ്പ്ലനേഡ് സെക്ഷനിലാണ് അണ്ടർ വാട്ടർ മെട്രോ സൗകര്യം ആസ്വദിക്കാനാകുക. ഹൗറ മൈതാൻ-എസ്പ്ലനേഡ് ഭാഗം ഹൂഗ്ലി നദിയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ സെക്ഷനിൽപ്പെട്ട ഹൗറയാണ് ഇന്ത്യയിലെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷൻ. 33 മീറ്ററാണ് ഇവിടുത്തെ ആഴം.
  • 2023 ഏപ്രിലിൽ ഹൂഗ്ലി നദിക്ക് താഴെയുള്ള തുരങ്കത്തിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ ട്രയിൻ ഓടിച്ച് കൊൽക്കത്ത മെട്രോ ചരിത്രം സൃഷ്ടിച്ചു. ഇത് ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു.
  • ഹൗറ മൈതാനത്തെ എസ്പ്ലനേഡുമായി ബന്ധിപ്പിക്കുന്ന പാതയ്ക്ക് 4.8 കിലോമീറ്റർ നീളമുണ്ട്.
  • ഈസ്റ്റ് വെസ്റ്റ് മെട്രോ ഇടനാഴിയുടെ ഭാഗമായ പാത ഹൗറ മൈതാനത്തെ സാൾട്ട് ലേക്ക് ഐടി ഹബ് സെക്ടർ അഞ്ചുമായാണ് ബന്ധിപ്പിക്കുന്നത്.
  • ഹൂഗ്ലി നദിയിലെ 520 മീറ്റർ നീളമുള്ള ഭാഗം 45 സെക്കൻഡിനുള്ളിൽ മെട്രോ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • എസ്പ്ലനേഡിനും സീൽദായ്ക്കും ഇടയിലുള്ള ഈസ്റ്റ്-വെസ്റ്റ് അലൈൻമെന്റിന്റെ ഭാഗം ഇപ്പോഴും നിർമാണത്തിലാണ്. എന്നാൽ സാൾട്ട് ലേക്ക് സെക്ടർ അഞ്ച് മുതൽ സീൽദാ വരെയുള്ള ഭാഗം ഇതിനകം ഉപയോഗിച്ചുവരുന്നുണ്ട്.
  • ഓട്ടോമാറ്റിക് ട്രെയിൻ ഓപ്പറേഷൻ (എടിഒ) എന്ന സംവിധാനമാണ് മെട്രോയിൽ ഉപയോഗിക്കുന്നത്. മോട്ടോർമാൻ ഒരു ബട്ടൺ അമർത്തിയാൽ ട്രെയിൻ യാന്ത്രികമായി അടുത്ത സ്റ്റേഷനിലേക്ക് നീങ്ങുന്നതാണ് ഇതിലെ രീതി.
  • ഈസ്റ്റ് -വെസ്റ്റ് മെട്രോയുടെ ആകെയുള്ള 16.6 കിലോമീറ്ററിൽ, ഹൂഗ്ലി നദി തുരങ്കം ഉൾപ്പെടെ 10.8 കിലോമീറ്ററും ഭൂമിക്കടിയിലാണ്. ബാക്കിയുള്ളത് ഭൂമിക്ക് മുകളിലാണ്.
  • സാൾട്ട് ലേക്ക് സെക്ടർ അഞ്ചിനും ഹൗറ മൈതാനത്തിനും ഇടയിലുള്ള ഈസ്റ്റ് - വെസ്റ്റ് റൂട്ടിൽ സർവീസ് ജൂൺ അല്ലെങ്കിൽ ജൂലൈയിൽ ആരംഭിക്കാനാണ് കൊൽക്കത്ത മെട്രോ ലക്ഷ്യമിടുന്നത്.
  • 2020 ഒക്‌ടോബറിലാണ് മെട്രോ സെക്ഷന് അംഗീകാരം ലഭിച്ചത്. 8574.98 കോടി എസ്റ്റിമേറ്റിലാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം അനുമതി നൽകിയത്.

    Prime Minister Narendra Modi will tomorrow inaugurate the Howrah Maidan-Esplanode section of Kolkata Metro, India's first underwater metro.

TAGS :

Next Story