Quantcast

ലൈംഗിക ചൂഷണ പരാതിയില്‍ സ്വാമി അവിമുക്തേശ്വരാനന്ദിനെതിരെ കേസെടുക്കാന്‍ യുപി കോടതി നിര്‍ദേശം

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ കടുത്ത വിമര്‍ശകനാണ് സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി

MediaOne Logo
Police Case Against UP Seer To Probe Sexual Abuse
X

ലഖ്‌നൗ: സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിക്കും ശിഷ്യന്‍ സ്വാമി മുകുന്ദാനന്ദ് ഗിരിക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് യുപി പ്രയാഗ്‌രാജിലെ പ്രത്യേക പോക്‌സോ കോടതി. ഇരുവര്‍ക്കുമെതിരായ ലൈംഗിക ചൂഷണ പരാതിയിലാണ് കോടതി നിര്‍ദേശം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കടുത്ത വിമര്‍ശകനാണ് സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി.

സ്വാമിക്കെതിരെ ഉയര്‍ന്ന പരാതികളില്‍ കേസെടുത്ത് വിശദമായ അന്വേഷണം നടത്താന്‍ പ്രത്യേക പോക്‌സോ കോടതി ജഡ്ജി വിനോദ് കുമാര്‍ ചൗരസ്യയാണ് ഉത്തരവിട്ടത്. ഇതുപ്രകാരം ഝാന്‍സി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്യുക. വിദ്യാമഠം ആശ്രമത്തിലെ ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ കേസെടുക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് അശുതോഷ് ബ്രഹ്മചാരി മഹാരാജ് എന്നയാളാണ് കോടതിയിലെത്തിയത്.

അന്വേഷണത്തെ സ്വാമി അവിമുക്തേശ്വരാനന്ദ് സ്വാഗതം ചെയ്തു. അന്വേഷണത്തിലൂടെയേ തനിക്കെതിരായ പരാതിക്ക് പിന്നിലെ ഗൂഢാലോചന തെളിയൂവെന്ന് അദ്ദേഹം പ്രതികരിച്ചു. പരാതി കൊടുത്തവരും അതിന്റെ പിന്നില്‍ ഗൂഢാലോചന നടത്തിയവരെയും അന്വേഷണത്തില്‍ കണ്ടെത്തണം. എത്രയും പെട്ടെന്ന് തന്നെ കോടതി നിര്‍ദേശപ്രകാരമുള്ള അന്വേഷണം നടത്തണം. സത്യം എന്താണെന്ന് ആത്യന്തികമായി തെളിയും -സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി പ്രതികരിച്ചു.

യോഗി ആദിത്യനാഥിന്റെ വിമര്‍ശകനായ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയെ ജനുവരി 18ന് മാഘ മേളക്കെത്തിയപ്പോള്‍ ത്രിവേണീസംഗമത്തില്‍ സ്നാനത്തിന് അനുവദിക്കാതെ പൊലീസ് തടഞ്ഞത് വിവാദമായിരുന്നു. 11 ദിവസം സ്ഥലത്ത് പ്രതിഷേധിച്ചെങ്കിലും അധികൃതര്‍ അനുവാദം നല്‍കാത്തതിനെ തുടര്‍ന്ന് സ്നാനം നടത്താതെ മടങ്ങിയിരുന്നു.

പിന്നാലെ യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനം അദ്ദേഹം നടത്തി. ഹിന്ദുക്കളോട് അനുകമ്പയുള്ളയാളാണെങ്കില്‍ യുപിയില്‍ നിന്നുള്ള ബീഫ് കയറ്റുമതി അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയെ അദ്ദേഹം വെല്ലുവിളിച്ചു. പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ, ജ്യോതിഷ് പീഠത്തിന്റെ ശങ്കരാചാര്യരെന്ന പദവിയില്‍ സ്വാമി അവിമുക്തേശ്വരാനന്ദ് സ്വയം അവരോധിതനായത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന് കാണിച്ച് മാഘമേള അധികൃതര്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ശങ്കരാചാര്യര്‍ പദവി സംബന്ധിച്ച് സുപ്രിംകോടതിയില്‍ കേസുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനിന്ന ശങ്കരാചാര്യരാണ് സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി. യോഗി ആദിത്യനാഥിന്റെ പല നിലപാടുകളെയും നേരത്തെയും വിമര്‍ശിച്ചിട്ടുണ്ട്.

TAGS :

Next Story