'മിയ മുസ്‌ലിം'കളെ കുറിച്ച് വിഭാഗീയത വളർത്തുന്ന പരാമർശം; ഹിമന്ത ബിശ്വ ശർമക്കെതിരെ പരാതി
ഹിമന്തയുടെ പരാമർശങ്ങൾ ഭയവും വിവേചനവും വെറുപ്പും പടർത്തുന്നതാണെന്നും അത് രാജ്യത്തിന്റെ അടിത്തറയെ തകർക്കുന്നതാണെന്നും അലഹബാദ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂർ പറഞ്ഞു

- Published:
30 Jan 2026 9:38 PM IST

ഗുവാഹതി: 'മിയ മുസ്‌ലിംകൾ'ക്കെതിരെ (ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകൾ) വിഭാഗീയത വളർത്തുന്ന പരാമർശം നടത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെ പരാതി. ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ഹർഷ് മന്ദറാണ് ഹിമന്ത ബിശ്വ ശർമക്കെതിരെ പരാതി നൽകിയത്. ജനുവരി 27ന് നടത്തിയ പരാമർശങ്ങൾ അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകൾക്കെതിരെ വെറുപ്പും വിദ്വേഷവും വിവേചനവും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് മന്ദർ ചൂണ്ടിക്കാട്ടി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 196- വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, സെക്ഷൻ 197- ദേശീയ ഐക്യത്തെ തകർക്കൽ, സെക്ഷൻ 299- മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം മുഖ്യമന്ത്രിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിലെ ഹൗസ് ഖാസ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
തിൻസുകിയ ജില്ലയിലെ ദിഗ്ബോയിയിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വിവാദ പ്രസ്താവന നടത്തിയത്. മിയ വിഭാഗക്കാരെ ഉപദ്രവിക്കാനും അവർക്കെതിരെ വിവേചനം കാണിക്കാനും വോട്ടർ പട്ടികയിൽ നിന്ന് അവരുടെ പേരുകൾ നീക്കം ചെയ്യാനും അദ്ദേഹം ആഹ്വാനം ചെയ്തു. 'മിയാ ജനതയെ ദുരിതത്തിലാക്കുക എന്നതാണ് എന്റെ ജോലി' എന്ന് ഹിമന്ത പറഞ്ഞിരുന്നു. മിയ മുസ്‌ലിംകളെ ഏത് വിധേനയും ബുദ്ധിമുട്ടിക്കണം. അവരുടെ റിക്ഷയിൽ കയറിയാൽ കൂലി അഞ്ച് രൂപയാണെങ്കിൽ അവർക്ക് നാല് രൂപ മാത്രം നൽകുക. ബുദ്ധിമുട്ടുകൾ നേരിട്ടാൽ മാത്രമേ അവർ അസം വിട്ടു പോകൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. മിയാ വിഭാഗക്കാർക്കെതിരെ വോട്ടർ പട്ടികയിൽ വ്യാപകമായി ആക്ഷേപങ്ങൾ (Objections) ഫയൽ ചെയ്യാൻ ബിജെപി പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഹിമന്ത പറഞ്ഞു.
ഹിമന്തയുടെ വിദ്വേഷ പരാമർശത്തിനെതിരെ വിമർശനവുമായി നിരവധിപേർ രംഗത്തെത്തി. ഹിമന്തയുടെ പരാമർശങ്ങൾ ഭയവും വിവേചനവും വെറുപ്പും പടർത്തുന്നതാണെന്നും അത് രാജ്യത്തിന്റെ അടിത്തറയെ തകർക്കുന്നതാണെന്നും അലഹബാദ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂർ പറഞ്ഞു. ഹിമന്തയുടെ വാക്കുകൾ ഭരണഘടനാ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ജസ്റ്റിസ് മാത്തൂർ പറഞ്ഞു. തുല്യത ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 14, വിവേചനം നിരോധിക്കുന്ന ആർട്ടിക്കിൾ 15, വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്ന ആർട്ടിക്കിൾ 21 എന്നിവയുടെ ലംഘനമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ വർഗീയ വിദ്വേഷം പടർത്തുന്നത് നിയമപരമായി ശിക്ഷാർഹമായ കുറ്റമാണെന്നും, അതിനാൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെടേണ്ട സമയമാണിതെന്നും ഗോവിന്ദ് മാത്തൂർ പറഞ്ഞു.
അതേസമയം, വോട്ടർ പട്ടിക പുതുക്കുന്ന നടപടിയിലൂടെ ലക്ഷക്കണക്കിന് മിയാ വോട്ടുകൾ കൂട്ടത്തോടെ നീക്കം ചെയ്യപ്പെടുമെന്നും അതിൽ തനിക്ക് യാതൊരു ആശങ്കയുമില്ലെന്നുമാണ് ഹിമന്ത ബിശ്വ ശർമ പരസ്യമായി പറഞ്ഞത്. ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രസ്താവനകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Adjust Story Font
16
