Quantcast

യുപിയിൽ വീട് പൊളിക്കാൻ ബുൾഡോസറുമായെത്തിയ ഉദ്യോ​ഗസ്ഥർക്ക് നേരെ നാട്ടുകാരുടെ കല്ലേറ്; പൊലീസുകാരടക്കം എട്ട് പേർക്ക് പരിക്ക്

ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് നിരവധി റൗണ്ട് കണ്ണീർ വാതകം പ്രയോഗിച്ചു.

MediaOne Logo
Police, revenue officials injured as locals pelt stones during demolition drive in UP
X

ലഖ്നൗ: ഉത്തർപ്രദേശിൽ കൈയേറ്റമാരോപിച്ച് വീട് പൊളിക്കാൻ ബുൾഡോസറുമായെത്തിയ ഉദ്യോ​ഗസ്ഥർക്ക് നേരെ നാട്ടുകാരുടെ കല്ലേറ്. ബലിയ ജില്ലയിലെ ഹഥൗജ് ​ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. കല്ലേറിൽ പൊലീസും റവന്യൂ ഉദ്യോ​ഗസ്ഥരുമുൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. ബുൾഡോസറിന്റെ ഡ്രൈവർ ഇറങ്ങിയോടി.

​ഗ്രാമത്തിലെ രണ്ട് അനധികൃത വീടുകൾ പൊളിച്ചുനീക്കാനാണ് ഉദ്യോ​ഗസ്ഥർ എത്തിയതെന്ന് അഡീഷനൽ പൊലീസ് സൂപ്രണ്ട് ദിനേഷ് കുമാർ പറഞ്ഞു. സിക്കന്ദർപൂർ സബ് ഡിവിഷനൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ തഹസിൽദാറും റവന്യു, പൊലീസ് ഉദ്യോ​ഗസ്ഥരുമുണ്ടായിരുന്നു. ‌അലഹബാദ് ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു നടപടി.

എന്നാൽ ഗ്രാമത്തിൽ പ്രവേശിച്ചതോടെ നാട്ടുകാർ കൂട്ടത്തോടെയെത്തുകയും ഉദ്യോ​ഗസ്ഥർക്ക് നേരെ കല്ലെറിയുകയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ അ‍ഞ്ച് പൊലീസുകാർക്കും മൂന്ന് റവന്യൂ ഉദ്യോ​ഗസ്ഥർക്കുമാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള ​സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹഥൗജ് ​ഗ്രാമത്തിലെ സിദ്ധാർഥ് രഞ്ജൻ റായ് എന്നയാളാണ് ​ഗ്രാമത്തിലെ സർക്കാർ ഭൂമിയിൽ കൈയേറ്റവും അനധികൃത നിർമാണവും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. 2024 ഫെബ്രുവരിയിലായിരുന്നു ഇത്. രാം ഗോവിന്ദ്,‌‌ രാം ബച്ചൻ എന്നിവർക്കെതിരെയായിരുന്നു പരാതി. തുടർന്ന് ഡിസംബറിൽ വാദം കേട്ട കോടതി, കൈയേറ്റം പൊളിച്ചുനീക്കാൻ ഉത്തരവിടുകയായിരുന്നു.

2000ത്തിലധികം വീടുകൾ ഉള്ള ​ഗ്രാമത്തിൽ രാം ഗോവിന്ദിന്റെയും രാം ബച്ചന്റേയും വീടുകളാണ് അനധികൃത നിർമാണത്തിന്റെ പരിധിയിൽ വരുന്നതെന്നും 15 ദിവസം മുമ്പ് ഇരുവർക്കും കൈയേറ്റം ഒഴിപ്പിക്കാൻ നോട്ടീസ് നൽകിയിരുന്നെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. എന്നാൽ കൈയേറ്റം സ്വയം ഒഴിപ്പിക്കാതിരുന്നതോടെ, അഞ്ച് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാർക്കൊപ്പം റവന്യൂ ഉദ്യോ​ഗസ്ഥർ ഒഴിപ്പിക്കൽ നടപടിക്കായി സ്ഥലത്തെത്തുകയായിരുന്നു.

അനധികൃതമെന്ന് കണ്ടെത്തിയ വീടുകൾ പൊളിക്കാനായി മുന്നോട്ടുനീങ്ങവെ രോഷാകുലരായ നാട്ടുകാർ പ്രതിഷേധിക്കുകയും ബുൾഡോസറിന്റെ ​ഗ്ലാസുകൾ തകർക്കുകയും ചെയ്തു. ഇതോടെ, പൊലീസുകാർ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ നിരവധി റൗണ്ട് കണ്ണീർ വാതകം പ്രയോഗിച്ചു.

എന്നാൽ പ്രതിഷേധക്കാർ അടങ്ങിയില്ല. ഇതിനിടെ, ജനക്കൂട്ടം പൊലീസിനും റവന്യൂ ഉദ്യോ​ഗസ്ഥർക്കും നേരെ കല്ലെറിയുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ബലപ്രയോഗം നടത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ഒടുവിൽ ഒന്നര മണിക്കൂറിന് ശേഷം ഭരണകൂടം വീടുകൾ പൊളിക്കുകയും ചെയ്തു.

സംഭവത്തിൽ ലേഖ്പാൽ അമിത് റായിയുടെ പരാതിയിൽ കേസെടുത്ത പൊലീസ്, 150 പേർക്കെതിരെ കേസെടുക്കുകയും ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം, പൊലീസുകാർ തങ്ങളുടെ വീടുകളിലേക്ക് അതിക്രമിച്ചുകടക്കുകയും ബൈക്കുകളും വീട്ടുപകരണങ്ങളും ജനാലകളുമുൾപ്പെടെ നശിപ്പിച്ചെന്നുമാണ് നാട്ടുകാരുടെ ആരോപണം.

TAGS :

Next Story