Quantcast

മമതയും സ്റ്റാലിനും തോറ്റു; ഐ പാക്കിനെ കൈവിട്ട് സമാജ് വാദി പാർട്ടി

2022-ലെ തെരഞ്ഞെടുപ്പിൽ നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ട മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ഐ-പാക്കിനെ ചുമതലപ്പെടുത്തിയിരുന്നത്

MediaOne Logo
മമതയും സ്റ്റാലിനും തോറ്റു; ഐ പാക്കിനെ കൈവിട്ട് സമാജ് വാദി പാർട്ടി
X

ലഖ്നൗ: ബം​ഗാളിലെ തൃണമൂലിന്റെയും തമിഴ്നാട്ടിലെ ഡിഎംകെയും വൻ തോൽവിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണ ഏജൻസിയായ ഐപാക്കുമായുള്ള ബന്ധം വിച്ഛേദിച്ച് സമാജ് വാദി പാർട്ടി. ബംഗാളിൽ മമതാ ബാനർജിയും തമിഴ്‌നാട്ടിൽ എം.കെ സ്റ്റാലിനും പരാജയപ്പെട്ടത് ഐ-പാക്കിന്റെ വിശ്വാസ്യതയെ ബാധിച്ചു. ഇരു നേതാക്കളും സ്വന്തം മണ്ഡലങ്ങളിൽ പോലും തോൽവി ഏറ്റുവാങ്ങിയത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സമാജ് വാദി പാർട്ടി ഐപാക്കുമായുള്ള ബന്ധം വിച്ഛേദിച്ചത്.

ഇഡി അന്വേഷണത്തെത്തുടർന്ന് ഐ-പാക് അവരുടെ ഉത്തർപ്രദേശിലെ ഓഫീസുകളിൽ ജീവനക്കാരെ കുറയ്ക്കുകയും പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്തത് സമാജ്‌വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിച്ചിരുന്നു. അതിന് പിന്നാലെ ഐ പാക്ക് നേതൃത്വം നൽകിയ രണ്ട് പാർട്ടികളും പരാജയപ്പെടുകയും ചെയ്തത്. മമതയും സ്റ്റാലിനും തോൽക്കുക കൂടി ചെയ്തതോടെയാണ് ബന്ധം വിച്ഛേദിക്കാൻ സമാജ് വാദി പാർട്ടി തീരുമാനിച്ചത്. അടുത്ത വർഷമാണ് ഉത്തർ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും ഏകോപനത്തിനായി രണ്ട് ഏജൻസികളുമായാണ് സമാജ് വാദി പാർട്ടി ധാരണ ഉണ്ടാക്കിയിരുന്നത്. രണ്ടാമത്തെ ഏജൻസിയായ ഷോ ടൈമുമായുള്ള സഹകരണം തുടരും.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായിരുന്ന പ്രശാന്ത് കിഷോർ സ്ഥാപിച്ച ഐ പാക്കിന് ഇപ്പോൾ നേതൃത്വം നൽകുന്നത് സഹസ്ഥാപകനായ വിനേഷ് ചന്ദേലാണ്. ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജൻസുരാജ് പാർട്ടി സ്ഥാപിച്ചതിന് പിന്നാലെയാണ് പ്രശാന്ത് കിഷോർ ഐ പാക്കുമായുള്ള പരസ്യമായ ബന്ധം വിച്ഛേദിച്ചത്. വിനേഷ് ചന്ദേലിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതിരുന്നു. ബംഗാളിലെ കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട പണം ഹവാല വഴി ഐ-പാക്കിന്റെ അക്കൗണ്ടിലെത്തിയെന്നാണ് ആരോപണം.

2022-ലെ തെരഞ്ഞെടുപ്പിൽ നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ട മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ഐ-പാക്കിനെ ചുമതലപ്പെടുത്തിയിരുന്നത്.അഖിലേഷ് യാദവിനെ സംബന്ധിച്ചിടത്തോളം 2027-ലെ തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്. താഴെത്തട്ടിൽ നിന്നുള്ള പ്രവർത്തകരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ഐ-പാക്കിനെ മാറ്റാനുള്ള അന്തിമ തീരുമാനത്തിലേക്ക് സമാജ്‌വാദി പാർട്ടി എത്തിയത്.

TAGS :

Next Story