കർണാടകയിലെ അധികാര പ്രതിസന്ധി: എന്താണ് സിദ്ധരാമയ്യയുടെയും ഡി.കെ ശിവകുമാറിന്റെയും വിട്ടുവീഴ്ച ഫോർമുല?
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള കോൺഗ്രസ് പാർട്ടിക്കകത്തെ നേതൃത്വപരമായ സംഘർഷം പുതിയൊരു ഫോർമുലയിലൂടെ തുടച്ചുനീക്കപ്പെട്ടു

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള കോൺഗ്രസ് പാർട്ടിക്കകത്തെ നേതൃത്വപരമായ സംഘർഷം പുതിയൊരു ഫോർമുലയിലൂടെ തുടച്ചുനീക്കപ്പെട്ടു. എങ്കിലും ഡൽഹിയിലെ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തിനുശേഷം മാത്രമേ അന്തിമ ചിത്രം പുറത്തുവരൂ. കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അടുത്ത കാലത്തായി ബന്ധം വഷളായിരുന്ന ഇരു നേതാക്കൾക്കുമിടയിൽ ഒരു സമവായം രൂപപ്പെട്ടതായാണ് അവസാനം വരുന്ന റിപോർട്ടുകൾ. മാത്രമല്ല സിദ്ധരാമയ്യയെ ഡി.കെ ശിവകുമാർ സന്ദർശിച്ചത് മഞ്ഞുരുക്കത്തിന്റെ സൂചനകളും നൽകുന്നു.
ഇരുവരുടെയും കൂടിക്കാഴ്ചയാണ് ഈ പ്രതിസന്ധി പരിഹരിക്കാൻ സഹായിച്ചതെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. ഒത്തുതീർപ്പ് കൂടിക്കാഴ്ചയുടെ ഭാഗമായി പുതിയൊരു ഫോർമുല രൂപപ്പെട്ടു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഡി.കെ ശിവകുമാർ പാർട്ടിയിലും സംസ്ഥാന അധികാരത്തിലും കൂടുതൽ പ്രധാന സ്ഥാനം ഏറ്റെടുക്കാനുള്ള സാധ്യതയാണ് വിശകലന വിദഗ്ധർ വിലയിരുത്തുന്നത്. അവർ പരാമർശിക്കുന്നതുപോലെ ശിവകുമാർ ശാന്തത പാലിക്കുകയും അധികാര കൈമാറ്റം സംഭവിക്കുന്നതുവരെ ഉപമുഖ്യമന്ത്രിയായി തുടരുകയും ചെയ്യണമെന്നാണ് ഒത്തുതീർപ്പ് ഫോർമുലയുടെ പ്രധാന ആവശ്യം.
ഇതിന് പകരമായി കൂടുതൽ മന്ത്രിസഭാ വകുപ്പുകൾ ശിവകുമാറിന്റെ വിശ്വസ്തർക്ക് ലഭിക്കുകയും അദേഹം കർണാടക കോൺഗ്രസ് മേധാവിയായി തുടരുകയും ചെയ്യും. തുടർന്ന് 2028ലെ തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ ശിവകുമാറിന്റെ നേതൃത്വത്തെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു സമഗ്ര അട്ടിമറി നടത്താൻ ശിവകുമാറിന് ആവശ്യത്തിന് അംഗബലം ഇല്ലാത്തതിനാൽ അദ്ദേഹത്തിന് തിടുക്കം കൂട്ടാൻ കഴിയില്ല. സിദ്ധരാമയ്യയെപ്പോലുള്ള പരിചയസമ്പന്നനും മുതിർന്ന നേതാവുമായ ഒരാളെ സ്ഥാനഭ്രഷ്ടനാക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് കോൺഗ്രസിനും അറിയാം. ഈ സാഹചര്യത്തിൽ ശിവകുമാറിന് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച സ്ഥാനം പാർട്ടിയിലും സംസ്ഥാന അധികാരത്തിലും ലഭിക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
എങ്കിലും എന്നെന്നേക്കുമായി മുഖ്യമന്ത്രിയാകില്ലെന്ന് സിദ്ധരാമയ്യക്ക് അറിയാമെന്ന വസ്തുതയാണ് 'വിട്ടുവീഴ്ച'യ്ക്ക് മറ്റൊരു കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഉന്നതതലത്തിലെ തന്റെ അവസാന കാലാവധിയാണ് ഇതെന്ന് സിദ്ധരാമയ്യ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു കാര്യം 2028ലെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അധികാര മാറ്റം സംഭവിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഡൽഹിയിലെ കോൺഗ്രസ് ഹൈക്കമാൻഡിന് കഴിയുമോ എന്നതാണ്. എന്നാൽ അത് അത്ര എളുപ്പമാവില്ല. ജാതി സമവാക്യങ്ങൾ കണക്കിലെടുക്കുമ്പോൾ പാർട്ടിയുടെ വീക്ഷണകോണിൽ നിന്ന് സിദ്ധരാമയ്യ മെരുക്കാൻ എളുപ്പമുള്ള ആളല്ല. ലിംഗായത്ത് വിഭാഗത്തിന്റെയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയും (ഒബിസി) വൊക്കലിഗകളുടെയും ആധിപത്യത്തെ വെല്ലുവിളിക്കുന്ന പ്രധാന ജാതി-മത കൂട്ടായ്മകൾ ഉൾക്കൊള്ളുന്ന 'അഹിന്ദ' രാഷ്ട്രീയ സഖ്യത്തിന്റെ ഏറ്റവും ശക്തമായ നേതാവാണ് സിദ്ധരാമയ്യ. അതേസമയം, ഒബിസി വൊക്കലിഗ സമൂഹത്തിന്റെ മുഖമാണ് ശിവകുമാർ. അതുകൊണ്ട് തന്നെ ഈ സമവാക്യങ്ങൾ പൊളിച്ച് ഒരു നീക്കം നടത്താൻ കോൺഗ്രസിന് സാധിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Adjust Story Font
16

