Quantcast

ദുരന്തസ്ഥലത്ത് പ്രധാനമന്ത്രി; മോദി...മോദി എന്നു വിളിച്ച് വരവേൽപ്പ്

സന്ദർശനത്തിന്റെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐയാണ് പങ്കുവച്ചത്

MediaOne Logo

Web Desk

  • Updated:

    2023-06-03 13:34:01.0

Published:

3 Jun 2023 1:24 PM GMT

narendramodi, odisha train accident, balasore
X

പ്രധാനമന്ത്രി ബാലസോറില്‍

ഭുവനേശ്വർ: ഒഡീഷയിലെ തീവണ്ടി ദുരന്തസ്ഥലം സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുദ്രാവാക്യങ്ങളോടെ വരവേറ്റ് ബിജെപി പ്രവർത്തകർ. അപകടം നടന്ന ബലാസോറിലെ ബഹഗനയിൽ ശനിയാഴ്ച ഉച്ച തിരിഞ്ഞാണ് പ്രധാനമന്ത്രിയെത്തിയത്. സന്ദർശനത്തിന്റെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പങ്കുവച്ചു. മോദി...മോദി എന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധിപേർ വിമർശനവുമായി രംഗത്തെത്തി. മോദി റാലിക്കെത്തിയതാണോ എന്നും ഒരു കൊറിയൻ പടം കാണുന്ന പോലെയുണ്ടല്ലോ എന്നിങ്ങനെയാണ് ട്വിറ്ററിലെ പ്രതികരണങ്ങൾ. ഇത്രയും വലിയൊരു അപകടം നടന്ന സ്ഥലത്ത് ബിജെപി പ്രവർത്തകർക്ക് എങ്ങനെ മുദ്രാവാക്യം വിളിക്കാൻ സാധിക്കുന്നു എന്ന് ചിലർ ചോദിച്ചു. കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ഒപ്പമായിരുന്നു പ്രധാനമന്ത്രി എത്തിയത്.

അതേ സമയം ദുരന്തത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കും. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മോദി പറഞ്ഞു. അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

അപകടത്തിപെട്ട ട്രെയിനുകളിൽ കവച് സംവിധാനം ഉണ്ടായിരുന്നെങ്കിൽ ഒഡീഷയിലെ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ട്രെയിൻ ഗതാഗതം വ്യാപകമായ ഇന്ത്യയിൽ കവച് പോലൊരു സുരക്ഷാ സംവിധാനത്തിന്റെ പ്രാധാന്യം നേരത്തെ തന്നെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. എന്നാൽ, അത് പ്രയോഗികതലത്തിലേക്ക് കൊണ്ടുവരാൻ കേന്ദ്രസർക്കാർ വൈകിയതാണ് അപകടമുണ്ടാക്കിയതെന്ന ആക്ഷേപവും ശക്തമാണ്.

കേന്ദ്രസർക്കാറിനെതിരെ പ്രതിപക്ഷം ഇപ്പോൾ ആയുധമാക്കിയിരിക്കുന്നതും ഇതേ സംവിധാനം തന്നെയാണ്. കൂട്ടിയിടി ഒഴിവാക്കുന്നതിനായി വികസിപ്പിച്ച സംവിധാനത്തോട് സർക്കാറിന്റെ അവഗണനയാണ് അപകടം വരുത്തിവെച്ചതെന്നാണ് പ്രതിപക്ഷ ആരോപണം. ഏറെ നിർണായകമായ ഈ സുരക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട് 2019 വരെ ഒരു നടപടിയും സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

2019ൽ കവച് സംവിധാനം നിർമിക്കാനും റെയിൽവേയിൽ സ്ഥാപിക്കാനുമായി മൂന്നു കമ്പനികൾക്ക് അനുമതി നൽകിയിരുന്നു. എങ്കിലും ഇതുവരെ വെറും രണ്ട് ശതമാനം ട്രാക്കുകളിൽ മാത്രമാണ് ഈ സംവിധാനം നടപ്പാക്കിയിട്ടുള്ളതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

അതേസമയം, മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. 288 പേർ പേർ മരിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. ആയിരത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്

TAGS :

Next Story