പ്രധാനമന്ത്രി ഇനി 'സേവാ തീർഥി'ൽ; പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു
ഒരു പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുന്നതിന് സാക്ഷ്യം വഹിക്കുകയാണെന്നും മോദി പറഞ്ഞു

ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തരം സൗത്ത്-നോർത്ത് ബ്ലോക്കുകൾ രാജ്യത്തിനായി നിരവധി സുപ്രധാന തീരുമാനങ്ങൾക്കും നയങ്ങൾക്കും ഉത്തേജകമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് 'സേവാ തീർഥ്' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു മോദി. എന്നാൽ ഈ കെട്ടിടങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രതീകങ്ങളായാണ് നിർമിച്ചതെന്നത് സത്യമാണ്. നൂറ്റാണ്ടുകളോളം ഇന്ത്യയെ അടിമത്തത്തിന്റെ ചങ്ങലകളിൽ തളച്ചിടുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇന്ന് നാമെല്ലാവരും ഒരു പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുന്നതിന് സാക്ഷ്യം വഹിക്കുകയാണെന്നും മോദി പറഞ്ഞു.
'ഈ ദിവസം ഇന്ത്യയുടെ വികസന യാത്രയിൽ ഒരു പുതിയ തുടക്കത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഈ മാറ്റത്തിനിടയിലും, പഴയ കെട്ടിടത്തിൽ ചെലവഴിച്ച ഓർമകൾ നിലനിൽക്കുമെന്നതിൽ സംശയമില്ല. വ്യത്യസ്ത കാലഘട്ടങ്ങളിലെ വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ട് നിരവധി പ്രധാന തീരുമാനങ്ങൾ അവിടെ നിന്ന് എടുത്തിരുന്നു. അവിടെയാണ് രാജ്യം ഒരു പുതിയ ദിശ കണ്ടെത്തിയത്. ആ സമുച്ചയം, ആ കെട്ടിടം, ഇന്ത്യയുടെ ചരിത്രത്തിലെ ഒരു പ്രധാന ഭാഗമാണ്. അതിനാൽ, ആ കെട്ടിടത്തെ രാഷ്ട്രത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു മ്യൂസിയമാക്കി മാറ്റാൻ തീരുമാനിച്ചു' എന്ന് മോദി പറഞ്ഞു.
സേവാ തീർഥം, കർതവ്യ ഭവൻ തുടങ്ങിയ പുതിയ സമുച്ചയങ്ങൾ ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനാണ് നിർമിച്ചതെന്ന് തനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും. ഇവിടെ എടുക്കുന്ന തീരുമാനങ്ങൾ ഒരു മഹാരാജാവിന്റെ ദർശനത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും 140 കോടി പൗരന്മാരുടെ അഭിലാഷങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സെൻട്രൽ വിസ്തയുടെ ഭാഗമായി പണികഴിപ്പിച്ചതാണ് പുതിയ ഓഫീസ് സമുച്ചയം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിൻറെ ഓഫീസും ഇവിടെയാണ്. കൂടാതെ ഇന്ത്യ ഹൗസ് എന്ന പേരിൽ വിദേശത്തു നിന്ന് വരുന്ന അതിഥികളെ സ്വീകരിക്കുന്നതിനായുള്ള പ്രത്യേക മന്ദിരവും ഒരുക്കിയിട്ടുണ്ട്. ക്യാബിനെറ്റ് സെക്രട്ടേറിയേറ്റും ഈ ഓഫീസ് മന്ദിരങ്ങളുടെ ഭാഗമായി വരുന്നുണ്ട്.സെൻട്രൽ വിസ്ത എന്ന പേരിൽ കേന്ദ്ര സർക്കാരിൻറെ സെൻട്രൽ സെക്രട്ടേറിയേറ്റ് ഓഫീസുകളുടെയെല്ലാം നവീകരണം കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ്. അതിൻറെ ഭാഗമായാണ് പ്രധാനപ്പെട്ട മന്ത്രാലയങ്ങളുടെ കെട്ടിടങ്ങൾ മാറുന്നത്.
Adjust Story Font
16

