Quantcast

'ഇത് എന്റെ ഇന്ത്യയല്ല'; സ്വന്തം കുഞ്ഞിന്റെ അന്ത്യകർമങ്ങൾക്ക് റോഹിങ്ക്യൻ ദമ്പതികളെ കൈവിലങ്ങണിയിച്ചതിനെതിരെ വൻ പ്രതിഷേധം

ശ്രീനഗറിലെ റോഹിങ്ക്യൻ ക്യാമ്പിലുള്ള നുമിന ബീഗം, ഭർത്താവ് മുഹമ്മദ് സലീം എന്നിവരെയും ഇവരുടെ 17 വയസുള്ള മകനെയുമാണ് പൊലീസ് കൈവിലങ്ങണിയിച്ച് കൊണ്ടുവന്നത്.

MediaOne Logo

Web Desk

  • Published:

    27 July 2023 6:22 AM GMT

protest against rohingya couple hand cuffed srinagar
X

ശ്രീനഗർ: സ്വന്തം കുഞ്ഞിന്റെ അന്ത്യകർമങ്ങൾക്ക് റോഹിങ്ക്യൻ ദമ്പതികളെ കൈവിലങ്ങണിയിച്ച് കൊണ്ടുവന്നതിനെതിരെ വൻ പ്രതിഷേധം. ഇത് എന്റെ ഇന്ത്യല്ല, പീഡിപ്പിക്കപ്പെടുന്നവർക്ക് അഭയം നൽകുന്നതാണ് ചരിത്രത്തിലുടനീളം ഇന്ത്യയുടെ പാരമ്പര്യമെന്ന് തൃണമൂൽ കോൺഗ്രസ് എം.പി ജവഹർ സിർകാർ ട്വീറ്റ് ചെയ്തു. മധ്യേഷ്യൻ ഗോത്രവിഭാഗങ്ങൾക്കും തെക്കു കിഴക്കൻ ഏഷ്യക്കാർക്കും ജൂതൻമാർക്കും പാഴ്‌സികൾക്കും എല്ലാം ഇന്ത്യ അഭയം നൽകി. റോഹിങ്ക്യകൾ ഹിന്ദുക്കളായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.




ശ്രീനഗറിലെ റോഹിങ്ക്യൻ ക്യാമ്പിലുള്ള നുമിന ബീഗം, ഭർത്താവ് മുഹമ്മദ് സലീം എന്നിവരെയും ഇവരുടെ 17 വയസുള്ള മകനെയുമാണ് പൊലീസ് കൈവിലങ്ങണിയിച്ച് കൊണ്ടുവന്നത്. 40 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ജൂലൈ 18ന് തടങ്കൽ കേന്ദ്രത്തിൽ അഭയാർഥികളും ജീവനക്കാരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് പൊലീസ് കണ്ണീർ വാതകം ഉപയോഗിച്ചിരുന്നു. ഇത് ശ്വസിച്ചാണ് കുഞ്ഞ് മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. കൈവിലങ്ങണിയിക്കപ്പെട്ട നിലയിലാണ് മുഹമ്മദ് സലീം കുഞ്ഞിന്റെ അന്ത്യകർമങ്ങൾ നിർവഹിച്ചതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് 'ദി വയർ' റിപ്പോർട്ട് ചെയ്തു. കുഞ്ഞിന് ജനിച്ചത് മുതൽ ആവശ്യമായ പരിചരണം ലഭിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് മരിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം കണ്ണീർ വാതകം ഉപയോഗിച്ചെന്ന ആരോപണം നിഷേധിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

ഉത്തർപ്രദേശിലും റോഹിങ്ക്യകൾക്കെതിരെ ആസൂത്രിതമായ വേട്ടയാടലാണ് നടക്കുന്നത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തുന്ന റെയ്ഡിൽ മഥുര, അലിഗഡ്, ഗാസിയാബാദ്, ഹപൂർ, മീററ്റ്, സഹാറൻപൂർ എന്നിവിടങ്ങളിലെല്ലാം നിരവധിപേരെയാണ് അറസ്റ്റ് ചെയ്തത്.

റെയ്ഡ് നടത്തിയെന്ന് യു.പി തീവ്രവാദ വിരുദ്ധ സേന സ്ഥിരീകരിച്ചിട്ടുണ്ട്. അനധികൃത താമസക്കാരായ 74 പേരെ അറസ്റ്റ് ചെയ്‌തെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ഇരുനൂറോളം പേരെ പിടിച്ചുകൊണ്ടുപോയതായി റോഹിങ്ക്യ ഹ്യൂമൻ റൈറ്റ്‌സ് ഇനീഷ്യേറ്റീവ് ഭാരവാഹികൾ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ അഭയാർഥി കാർഡ് ഉള്ളവരെയടക്കം പിടിച്ചുകൊണ്ടുപോയെന്നും ഇവർ ആരോപിച്ചു.


TAGS :

Next Story