വിമാന ഭിത്തിയിൽ പേനകൊണ്ട് 'ബോംബ്' എന്നെഴുതിയതാര്?; പൊലീസിനെ വട്ടം കറക്കി അജ്ഞാത യാത്രക്കാരന്‍, വിമാനം പുറപ്പെട്ടത് എട്ടുമണിക്കൂർ വൈകി
കഴിഞ്ഞ ആഴ്ചയും പൂനെ വിമാനത്താവളത്തില്‍ സമാനമായ സംഭവം നടന്നിട്ടുണ്ടെന്ന് പൊലീസ് പറയുന്നു

- Published:
1 April 2026 4:42 PM IST

പൂനെ: ഇൻഡിഗോ വിമാനത്തിന്റെ ഉൾവശത്തെ ഭിത്തിയിൽ പേന കൊണ്ട് 'ബോംബ്' എന്നെഴുതിയത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച പൂനെ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. എല്ലാ യാത്രക്കാരെയും ഇറക്കിവിട്ട് വിമാനം പരിശോധിച്ചതിന് ശേഷം മാത്രമാണ് വീണ്ടും പുറപ്പെടാൻ അനുമതി നൽകിയത്.
ഞായറാഴ്ച രാവിലെ ഏകദേശം 5 മണിയോടെ, അമൃത്സറിലേക്ക് പുറപ്പെടാനിരുന്ന ഫ്ലൈറ്റ് 6E-721-ലെ ഒരു യാത്രക്കാരനാണ് ബോൾപോയിന്റ് പേനകൊണ്ട് വിമാന ഭിത്തിയിൽ എഴുതിയ 'ബോംബ്' എന്ന വാക്ക് ആദ്യം കാണുന്നത്. ഇക്കാര്യം വിമാന ജീവനക്കാരെ അറിയിക്കുകയും ചെയ്തു. പിന്നാലെ സുരക്ഷാ ഏജൻസികൾ, വിമാനത്താവള ഉദ്യോഗസ്ഥർ എന്നിവര്‍ സ്ഥലത്തെത്തി എല്ലാ യാത്രക്കാരെയും ഇറക്കിവിട്ട് വിമാനം പൂർണമായി പരിശോധിച്ചു. പക്ഷേ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് വിമാനത്താവള പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ ഗോവിന്ദ് ജാധവ് പറയുന്നു.
ഏകദേശം 7:15ന് അമൃത്സറിൽ എത്തുമായിരുന്ന ഫ്ലൈറ്റ് ഏകദേശം എട്ട് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. ഏകദേശം ഉച്ചയ്ക്ക് 1:05നാണ് വിമാനം പുറപ്പെട്ടത്. വിമാനത്തിൽ നിരീക്ഷണ ക്യാമറകൾ ഇല്ലാത്തതിനാൽ കുറ്റവാളിയെ തിരിച്ചറിയുന്നതിൽ കാര്യമായ വെല്ലുവിളി നേരിടുന്നുണ്ടെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ആഴ്ചയും സമാനമായ സംഭവം നടന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഉത്തരവാദികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൈയക്ഷര വിദഗ്ധർക്ക് സാമ്പിളുകൾ അയച്ചിട്ടുണ്ട്, കൂടാതെ പതിവായി വിമാനയാത്ര നടത്തുന്നവരെയും ഇതിൽ ഉൾപ്പെട്ടിരിക്കാവുന്ന മറ്റുള്ളവരെയും പരിശോധിക്കുന്നുണ്ടെന്ന് ഇൻസ്പെക്ടർ ഗോവിന്ദ് ജാധവ് പറയുന്നു.
പൂനെ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ബോംബുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ വർധിച്ചുവരുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. 2024 മുതൽ, വിമാനക്കമ്പനികൾക്ക് ബോംബ് ഭീഷണികളടങ്ങിയ എട്ടു ഇമെയില്‍ സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
Adjust Story Font
16
