പഞ്ചാബ് ആം ആദ്മി പാർട്ടി നേതാവ് ലക്കി ഒബ്‌റോയ് വെടിയേറ്റ് കൊല്ലപ്പെട്ടു
ഗുരുദ്വാരക്ക് പുറത്ത് ഒബ്റോയ് കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് ആക്രമണം

ജലന്ധര്‍: പഞ്ചാബ് ആം ആദ്മി പാർട്ടി നേതാവ് ലക്കി ഒബ്‌റോയി ജലന്ധറിൽ വെടിയേറ്റു കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ മോഡൽ ടൗണിലെ ഗുരുദ്വാര സാഹിബിന് പുറത്താണ് സംഭവം.
ഇരുചക്ര വാഹനത്തിലെത്തിയ രണ്ട് അജ്ഞാതരായ അക്രമികൾ ഒബ്റോയിക്ക് നേരെ ഒന്നിലധികം തവണ വെടിയുതിര്‍ത്തതായും അഞ്ച് വെടിയുണ്ടകൾ അദ്ദേഹത്തിന് നേരെ പതിച്ചുവെന്നുമാണ് പ്രാഥമിക വിവരം. ഉടൻ തന്നെ അദ്ദേഹത്തെ ഫോര്‍ട്ടിസ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായ പരിക്കുകളെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ഗുരുദ്വാരക്ക് പുറത്ത് ഒബ്റോയ് കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് ആക്രമണം.
ലക്കി എല്ലാ ദിവസവും ഗുരുദ്വാര സന്ദര്‍ശിക്കാറുണ്ടെന്നും ഇതറിയാവുന്ന അക്രമികൾ ഇതെല്ലാം മുൻകൂട്ടി കണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് ജലന്ധർ പൊലീസ് കമ്മീഷണർ ധൻപ്രീത് കൗർ രൺധാവ പറഞ്ഞു. വെടിവെപ്പിൽ തകര്‍ന്ന കറുത്ത ഥാര്‍ എസ്‍യുവിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വെള്ളിയാഴ്ച ഒബ്‌റോയിയുടെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെ ബിജെപിയും പ്രതികരിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാരിനെതിരെ ആഞ്ഞടിച്ചു. “പഞ്ചാബിൽ വീണ്ടും ക്രമസമാധാനം പൂർണമായും തകർന്നു... എഎപി പഞ്ചാബിന് ശാപമാണ്” ബിജെപി വക്താവ് ഷെഹ്‌സാദ് പൂൻവാല ഒരു എക്സ് പോസ്റ്റിൽ കുറിച്ചു.
Adjust Story Font
16

