ഇസ്രായേൽ-യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ വിദ്യാർഥിനികൾക്ക് പഞ്ചാബ് നിയമസഭയുടെ ആദരം
2025ൽ പഞ്ചാബിലുണ്ടായ വിനാശകരമായ പ്രളയസമയത്ത്, അവിടുത്തെ നാശനഷ്ടങ്ങളിലും ജീവഹാനിയിലും ഇറാൻ സർക്കാർ ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തുകയും പഞ്ചാബിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

- Published:
12 March 2026 8:05 AM IST

ചണ്ഡീഗഡ്: യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈക്കും മിനാബ് ബോംബാക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട സ്കൂൾ വിദ്യാർഥിനികൾക്കും പഞ്ചാബ് നിയമസഭ ആദരാഞ്ജലികൾ അർപ്പിച്ചു. സഭയുടെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിലാണ് പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് തള്ളിവിട്ട ഈ ദാരുണ സംഭവങ്ങളിൽ സഭ അനുശോചനം രേഖപ്പെടുത്തിയത്.
86 വയസുകാരനായ ഖാംനഈയുടെ വധം പശ്ചിമേഷ്യയിൽ വലിയ സംഘർഷങ്ങൾക്കാണ് വഴിതെളിച്ചത്. ഖാംനഈ കൊല്ലപ്പെട്ട അതേ ദിവസം തന്നെ ഇറാന്റെ തെക്കൻ നഗരമായ മിനാബിലെ 'ഷജറേ തയ്യിബ' (Shajareh Tayyebeh) എലിമെന്ററി സ്കൂളിന് നേരെ നടന്ന ബോംബാക്രമണം ലോകത്തെ ഞെട്ടിച്ചു. ഈ ആക്രമണത്തിൽ കൊല്ലപ്പെട്ട നൂറുകണക്കിന് കുരുന്നുകൾക്കായി മാർച്ച് 3ന് മിനാബിൽ നടന്ന വിലാപയാത്രയിൽ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.
പഞ്ചാബ് നിയമസഭയിൽ ഈ വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ച ഡോക്ടർ സുഖി, ഇറാനിൽ നടന്നത് തികച്ചും അമാനുഷികമായ സംഭവമാണെന്ന് വിശേഷിപ്പിച്ചു. സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന 165 പെൺകുട്ടികളാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നും, ഇതിന് പുറമെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിരവധി രോഗികളും ഡോക്ടർമാരും വധിക്കപ്പെട്ടതായും അദേഹം സഭയെ അറിയിച്ചു.
പഞ്ചാബും ഇറാനും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക ബന്ധവും സഭയിൽ ചർച്ചയായി. 'പഞ്ചാബ്' എന്ന വാക്ക് തന്നെ പേർഷ്യൻ (Persian) ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത് എന്നത് ഇരുദേശങ്ങളും തമ്മിലുള്ള ചരിത്രപരമായ ഇഴയടുപ്പത്തെ സൂചിപ്പിക്കുന്നു. ഈ പാരമ്പര്യം ഉയർത്തിക്കാട്ടുന്നതായിരുന്നു സഭയുടെ നടപടി. 2025ൽ പഞ്ചാബിലുണ്ടായ വിനാശകരമായ പ്രളയസമയത്ത്, അവിടുത്തെ നാശനഷ്ടങ്ങളിലും ജീവഹാനിയിലും ഇറാൻ സർക്കാർ ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തുകയും പഞ്ചാബിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ കൂടിയാണ് ഇറാനെതിരായ ആക്രമണത്തിൽ പഞ്ചാബ് നിയമസഭ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തിയത്.
Adjust Story Font
16
