സാൻവിച്ചിന് പണം നൽകുന്നതിനെ ചൊല്ലി തർക്കം; പൊലീസ് കോൺസ്റ്റബിളിനെ ഏഴംഗ സംഘം കുത്തിക്കൊന്നു
പുറകിൽ നിന്ന് രണ്ടു തവണ കുത്തേറ്റ കോൺസ്റ്റബിൾ സംഭവസ്ഥലത്ത് തന്നെ മരണത്തിന് കീഴടങ്ങുകയും സഹോദരന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.

- Published:
29 Jan 2026 5:24 PM IST

ഛണ്ഡീഗഢ്: സാൻവിച്ചിന് പണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പൊലീസ് കോൺസ്റ്റബിളിനെ ഏഴംഗ സംഘം കുത്തിക്കൊന്നു. പഞ്ചാബിലെ പാട്യാല സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ അമൻദീപ് സിങ് ആണ് കാെല്ലപ്പെട്ടത്. ഞായറാഴ്ച പ്രദേശത്തെ ഒരു ഭക്ഷണശാലയിലായിരുന്നു സംഭവം.
സഹോദരനൊപ്പം ഭക്ഷണശാലയിൽ സാൻവിച്ച് കഴിക്കാനെത്തിയതായിരുന്നു നഭ സ്വദേശിയായ സിങ്. ഈ സമയം കോൺസ്റ്റബിൾ യൂണിഫോമിലായിരുന്നില്ല. സാൻവിച്ചിന്റെ പണം നൽകുന്നതുമായി ബന്ധപ്പെട്ട് ഇവിടെയുണ്ടായിരുന്ന റിക്കിയെന്ന യുവാവ് ഇവരുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. ആദ്യം പണം നൽകണമെന്നായിരുന്നു ഇയാളുടെ ആവശ്യം.
എന്നാൽ, കഴിച്ച ശേഷം പണം നൽകാമെന്ന് ഇരുവരും പറഞ്ഞെങ്കിലും ഇയാൾ സമ്മതിച്ചില്ല. ഇതോടെ തർക്കം രൂക്ഷമാവുകയും യുവാവ് ഫോൺ ചെയ്ത് സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. തുടർന്ന് ആറ് പേരടങ്ങുന്ന സംഘം ഇവിടേക്കെത്തുകയും പൊലീസ് കോൺസ്റ്റബിളിനെയും സഹോദരനേയും കത്തിയുൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.
പുറകിൽ നിന്ന് രണ്ടു തവണ കുത്തേറ്റ കോൺസ്റ്റബിൾ സംഭവസ്ഥലത്ത് തന്നെ മരണത്തിന് കീഴടങ്ങുകയും സഹോദരന് ഗുരുതര പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ അക്രമികൾ രക്ഷപെട്ടെങ്കിലും പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ ഏഴ് പേർ 36 മണിക്കൂറിനിടെ പിടിയിലായി. ആഷി, ഹീര, രാഹുൽ, കൈഫ്, റിക്കി എന്നിവരടക്കമാണ് പിടിയിലായത്.
പ്രതികളിൽ മൂന്ന് പേർ മോഷണം അടക്കമുള്ള മറ്റ് പല ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം പ്രതികൾ മറ്റൊരു ജില്ലയിലേക്ക് രക്ഷപെട്ടെങ്കിലും അന്തർ ജില്ലാ ഓപറേഷനിലൂടെ പിടികൂടുകയായിരുന്നു. ചിലരെ ലുധിയാനയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Adjust Story Font
16
