Quantcast

'ശുദ്ധജലം ഔദാര്യമല്ല, ജീവിക്കാനുള്ള അവകാശം'; ഇൻഡോർ മലിനജല ദുരന്തത്തിൽ സർക്കാരിനെതിരെ രാഹുൽ ഗാന്ധി

കുടിവെള്ളത്തിൽ മലിനജലം കലർന്നതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ ഇൻഡോറിൽ 13 പേരാണ് മരിച്ചത്

MediaOne Logo

അഹമ്മദലി ശര്‍ഷാദ്

  • Updated:

    2026-01-02 13:00:40.0

Published:

2 Jan 2026 5:08 PM IST

Deleting Savarkar speech video is Rahul Gandhis personal liberty: Court
X

ന്യൂഡൽഹി: ഇൻഡോറിലെ മലിനജല ദുരന്തത്തിൽ മധ്യപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ജനങ്ങൾക്ക് വെള്ളത്തിന് പകരം വിതരണം ചെയ്തത് വിഷമാണ്. ദുർഗന്ധം വമിക്കുന്ന വെള്ളം നൽകിയതിൽ പരാതിപ്പെട്ടിട്ടും ഭരണകൂടം നടപടിയെടുത്തില്ല. ശുദ്ധജലം ഔദാര്യമല്ല, അത് ജീവിക്കാനുള്ള അവകാശമാണെന്നും രാഹുൽ എക്‌സിൽ കുറിച്ചു.

നിസ്സഹായരായ ജനങ്ങളെ നോക്കി ബിജെപി നേതാക്കൾ ധിക്കാരപരമായ പ്രസ്താവനകൾ നടത്തുകയാണ്. അവിടെ വീടുകൾ തോറും ദുഃഖം വ്യാപിച്ചിരിക്കുകയാണ്. ഹൃദയം മരവിച്ചുപോയവർക്ക് ആശ്വാസം ആവശ്യമായിരുന്നു. എന്നാൽ സർക്കാർ അഹങ്കരിക്കുകയാണ്.

വൃത്തികെട്ടതും ദുർഗന്ധം വമിക്കുന്നതുമായ വെള്ളത്തെക്കുറിച്ച് ആളുകൾ ആവർത്തിച്ച് പരാതിപ്പെട്ടിട്ടും ആരും ശ്രദ്ധിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് രാഹുൽ ചോദിച്ചു. കുടിവെള്ളത്തിൽ എങ്ങനെ മലിനജലം കലർന്നു? ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കും നേതാക്കൾക്കുമെതിരെ എപ്പോൾ നടപടിയെടുക്കുമെന്ന് വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

മധ്യപ്രദേശ് ഇപ്പോൾ ദുർഭരണത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു. ഒരിടത്ത് ചുമ സിറപ്പ് മൂലമുള്ള മരണങ്ങൾ. മറ്റൊരിടത്ത് സർക്കാർ ആശുപത്രികളിലെ എലികൾ കുട്ടികളുടെ ജീവൻ അപഹരിക്കുന്നു. ഇപ്പോൾ മലിനജലം കലർന്ന വെള്ളം കുടിച്ചും ആളുകൾ മരിക്കുന്നു. ദരിദ്രർ മരിച്ചുവീഴുമ്പോൾ എപ്പോഴും എന്നപോലെ മോദി മൗനത്തിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കുടിവെള്ളത്തിൽ മലിനജലം കലർന്നതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ ഇൻഡോറിൽ 13 പേരാണ് മരിച്ചത്. സംഭവത്തിൽ മധ്യപ്രദേശ് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കുടിവെള്ള പൈപ്പിൽ മലിനജലം കലർന്നതാണ് അപകടകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നും സർക്കാർ അറിയിച്ചു. വിഷയം ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും.

TAGS :

Next Story