'റേപ്പിസ്റ്റുകളുടെ സംരക്ഷകൻ': പുതിയ വിദ്യാഭ്യാസ മന്ത്രി ബിൽക്കീസ് ബാനു കേസിലെ പ്രതികളെ ന്യായീകരിച്ച വ്യക്തിയെന്ന് കോൺഗ്രസ്
2002-ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും അവരുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ കാലാവധി തികയും മുമ്പ് വെറുതെ വിട്ട നടപടിയെ മുമ്പ് പ്രൾഹാദ് ജോഷി ന്യായീകരിച്ചിരുന്നു

- Published:
28 July 2026 10:52 PM IST

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷിയെ നിയമിച്ച നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രൾഹാദ് ജോഷി ബലാത്സംഗവീരന്മാരുടെ സംരക്ഷകനാണെന്നും അങ്ങേയറ്റം മോശക്കാരനായ വ്യക്തിയാണെന്നും രാഹുൽ ഗാന്ധി ചൊവ്വാഴ്ച ആരോപിച്ചു. പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര മന്ത്രിസഭയിൽ മറ്റനേകം നേതാക്കളുണ്ടായിട്ടും ബലാത്സംഗം ചെയ്തവരെ പരസ്യമായി പിന്തുണച്ച ഒരാളെ തന്നെ വിദ്യാഭ്യാസ മന്ത്രിയായി തിരഞ്ഞെടുത്തത് അത്ഭുതപ്പെടുത്തുന്ന നടപടിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ വീഴ്ചകൾക്കെതിരെ യുവാക്കളും വിദ്യാർത്ഥിനികളും പ്രതിഷേധിക്കുകയും പൊലീസിന്റെ മർദനമേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബലാത്സംഗം ചെയ്തവരെ സംരക്ഷിക്കുന്ന ഒരാളെ ബിജെപി വിദ്യാഭ്യാസ മന്ത്രിയാക്കിയിരിക്കുന്നത്. ബലാത്സംഗം ചെയ്തവർക്ക് സംരക്ഷണം വേണമെന്ന് വാദിക്കുന്ന ആളേക്കാൾ വൃത്തികെട്ട മറ്റൊരാളില്ല. അങ്ങനെയൊരാളാണ് ഇന്ന് ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രിയെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
There can be no filthier type of man than one who defends rapists.
— Rahul Gandhi (@RahulGandhi) July 28, 2026
Pralhad Joshi is an insult to our education system and an insult to every student in it. Crores of young women study in the institutions he now oversees.
India’s women will never accept PM Modi’s new Education… pic.twitter.com/AmmuqIHhE8
2002-ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും അവരുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ കാലാവധി തികയും മുമ്പ് വെറുതെ വിട്ട നടപടിയെ മുമ്പ് പ്രൾഹാദ് ജോഷി ന്യായീകരിച്ചിരുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത്. പ്രതികളെ മോചിപ്പിച്ചത് നിയമനടപടികൾ പാലിച്ചാണെന്നും അവർ കുറച്ചുകാലം ജയിലിൽ കഴിഞ്ഞിരുന്നെന്നുമുള്ള ജോഷിയുടെ പഴയ വീഡിയോ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. നേരത്തെ ലോക്സഭയിലും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വിഷയം ഉന്നയിച്ച് ഭരണപക്ഷത്തിനെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിനുള്ള ബില്ലിൻമേലുള്ള ചർച്ചയ്ക്കിടെയായിരുന്നു പ്രിയങ്കയുടെ പരാമർശങ്ങൾ.
പ്രിയങ്കയുടെ വാക്കുകൾ സഭയിൽ കനത്ത ബഹളത്തിന് വഴിവെക്കുകയും പരാമർശങ്ങൾ രേഖാമൂലം സാക്ഷ്യപ്പെടുത്തണമെന്ന് ഭരണപക്ഷം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ മന്ത്രിയുടെ പ്രതികരണത്തിന്റെ വീഡിയോ അടക്കമുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും അത് കൃത്യമായി സാക്ഷ്യപ്പെടുത്തുമെന്നും പ്രിയങ്ക വ്യക്തമാക്കി. ഒരു വശത്ത് സ്ത്രീ സുരക്ഷയെക്കുറിച്ചും വനിതാ സംവരണത്തെക്കുറിച്ചും സംസാരിക്കുകയും മറു വശത്ത് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് സമൂഹത്തിൽ കടുത്ത തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് പ്രിയങ്ക കൂട്ടിച്ചേർത്തു. നരേന്ദ്ര മോദി മന്ത്രിസഭയിലെ മുതിർന്ന നേതാവും അഞ്ച് തവണ എംപിയുമായ പ്രൾഹാദ് ജോഷി, 2022-ൽ പാർലമെന്ററികാര്യ മന്ത്രിയായിരിക്കുമ്പോഴാണ് ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ഗുജറാത്ത് സർക്കാർ ജയിൽ മോചിതരാക്കിയത്. പ്രതികൾ വർഷങ്ങളോളം ജയിൽശിക്ഷ അനുഭവിച്ചെന്നും തടവുകാർക്ക് മോചനത്തിന് നിയമപരമായ വ്യവസ്ഥകളുണ്ടെന്നുമാണ് ജോഷി അന്ന് വാദിച്ചിരുന്നത്. എന്നാൽ 2024-ൽ ഗുജറാത്ത് സർക്കാരിന്റെ ഈ ഉത്തരവ് റദ്ദാക്കിയ സുപ്രിംകോടതി, പ്രതികളെയെല്ലാം വീണ്ടും ജയിലിലടയ്ക്കാൻ ഉത്തരവിടുകയായിരുന്നു.
Adjust Story Font
16
