ഭയമാണ് അവരുടെ മുഖമുദ്ര, മോദിയും അമിത് ഷായും ഭീരുക്കൾ; പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി
എത്രയധികം പൊലീസിനെ വിന്യസിച്ചാലും നേതാക്കളെയും യുവാക്കളെയും അറസ്റ്റ് ചെയ്താലും പിന്നോട്ടില്ലെന്നും രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർഎസ്എസിനുമെതിരെ രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദിയോടും ആർഎസ്എസിനോടും താൻ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പോരാടുകയാണെന്നും ഭീരുത്വമാണ് അവരുടെ പ്രധാന മുഖമുദ്രയെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഒരു എതിരാളിയെ വ്യക്തമായി അറിയുന്നതുപോലെ തനിക്ക് അവരെക്കുറിച്ച് നന്നായി അറിയാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ, അജിത് ഡോവൽ തുടങ്ങിയവർക്ക് ചുറ്റുമുള്ള ഇടം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്, ഞങ്ങൾ ആ ഇടങ്ങൾ ഇല്ലാതാക്കുകയാണ്. എത്രയധികം പൊലീസിനെ വിന്യസിച്ചാലും നേതാക്കളെയും യുവാക്കളെയും അടക്കം ആരെ അറസ്റ്റ് ചെയ്താലും പിന്നോട്ടില്ലെന്ന് രാഹുൽ കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി.
"മോദിജീ, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്തോളൂ; പതിനായിരമോ ഇരുപതിനായിരമോ അമ്പതിനായിരമോ പൊലീസിനെ വിളിച്ചുവരുത്താം. നേതാക്കളെയോ യുവാക്കളെയോ ഞങ്ങളെ മുഴുവനായോ അറസ്റ്റ് ചെയ്തോളൂ. ഞങ്ങൾ നിങ്ങളെ വളയുകയാണ്, ഒരു കാരണവശാലും പിന്നോട്ടുപോകില്ല. ആവശ്യമായ വിവരങ്ങൾ ഞങ്ങളുടെ പക്കലുണ്ട്," രാഹുൽ പറഞ്ഞു.
രാജ്യത്തെ ഭരണഘടനയെയും ജനങ്ങളുടെ ശബ്ദത്തെയും സംരക്ഷിക്കുമെന്ന് രാഹുൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ 10-15 വർഷമായി രാജ്യത്തോട് ചെയ്തത് ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാൻ പോരാടുമെന്നും ഭരണഘടനയെ ആക്രമിച്ചവരെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രക്ഷോഭം തുടരുന്ന യുവാക്കൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച രാഹുൽ, യുവാക്കളിൽ തനിക്ക് അഭിമാനമുണ്ടെന്നും ഒപ്പം നിൽക്കുമെന്നും ആഹ്വാനം ചെയ്തു.
അതേസമയം, ഡൽഹിയിലെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ കടുത്ത നടപടികൾക്ക് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. ഇന്ത്യ ഇനി ഒരു ജനാധിപത്യ രാജ്യമല്ലെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നയിക്കുന്ന സ്വേച്ഛാധിപത്യ ഭരണമാണ് നടക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു.
എംപിമാരെയും പ്രതിപക്ഷ നേതാക്കളെയും നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കുന്നത് അടിസ്ഥാന ഭരണഘടനാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. ട്രെയിനുകളും മെട്രോകളും തടഞ്ഞും, ഇന്റർനെറ്റ് വിച്ഛേദിച്ചും, ബാരിക്കേഡുകൾ തീർത്തും ഡൽഹി നഗരം പൂർണമായി ഉപരോധിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചേർന്ന് ഇവർ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിനും, തങ്ങളുടെ സർക്കാരിന്റെ നിയമസാധുത ചോദ്യം ചെയ്യപ്പെടുമെന്ന ഭയത്തിനുമുള്ള ഏറ്റവും വലിയ തെളിവാണിതെന്നും അവർ കൂട്ടിച്ചേർത്തു.
Adjust Story Font
16

