'വോട്ടർ അധികാർ യാത്ര'ക്കിടെ ഖാൻഗാഹ് റഹ്മാനി സന്ദർശിച്ച് രാഹുൽ ഗാന്ധി
മുംഗറിലെ ഖാൻഗാഹ് റഹ്മാനി ആസ്ഥാനത്തെത്തിയ രാഹുൽ ഖാൻഗാഹ് റഹ്മാനി സജ്ജാദ നഷിൻ അഹമ്മദ് വാലി ഫൈസൽ റഹ്മാനിയുമായി കൂടിക്കാഴ്ച നടത്തി.

പട്ന: ബിഹാറിൽ 'വോട്ടർ അധികാർ യാത്ര'ക്കിടെ മുസ്ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. മുംഗറിലെ ഖാൻഗാഹ് റഹ്മാനി ആസ്ഥാനത്തെത്തിയ രാഹുൽ ഖാൻഗാഹ് റഹ്മാനി സജ്ജാദ നഷിൻ അഹമ്മദ് വാലി ഫൈസൽ റഹ്മാനിയുമായി കൂടിക്കാഴ്ച നടത്തി. ആർജെഡി നേതാവ് തേജസ്വി യാദവ്, സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, വികാസ്ശീൽ ഇൻസാൻ പാർട്ടി അധ്യക്ഷൻ മുകേഷ് സാഹ്നി എന്നിവർ രാഹുലിനൊപ്പം ഉണ്ടായിരുന്നു.
അര മണിക്കൂറോളം നേതാക്കൾ ഖാൻഗാഹിൽ ചെലവഴിച്ചു. ജനങ്ങളുടെ സാമൂഹിക, മത, സാംസ്‌കാരിക ജീവിതവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ഒരു സംഘടനയുടെ നേതാക്കളെ കാണാനും സ്ഥലം സന്ദർശിക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് രാഹുൽ പ്രതികരിച്ചു.
''ഭരണഘടനയെക്കുറിച്ചുള്ള ഒരു ധാരണ വികസിപ്പിക്കുന്നതിനും, അതിനെ ഒരു രേഖയായി മാത്രമല്ല, രാജ്യത്തെ എല്ലാ പൗരന്മാരെയും ബന്ധിപ്പിക്കുന്ന ഒരു ഘടകമായി കാണുന്നതിനും വേണ്ടി ഞങ്ങൾ രാഹുൽ ജിയുമായി ചർച്ച നടത്തി. എസ്ഐആർ, വോട്ടർ രജിസ്ട്രേഷൻ പ്രക്രിയ, ഈ രാജ്യത്തെ എല്ലാ ആളുകൾക്കും സമാധാനത്തിലും ഐക്യത്തിലും വിദ്വേഷമില്ലാതെ എങ്ങനെ ഒരുമിച്ച് ജീവിക്കാൻ കഴിയും എന്നതിനെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു''- ഫൈസൽ റഹ്മാനി പറഞ്ഞു.
ബിഹാറിലെ ഏറ്റവും പഴയ മുസ്ലിം സംഘടനകളിൽ ഒന്നാണ് ഖാൻഗാഹ് റഹ്മാനി. 1901 ലാണ് ഇത് സ്ഥാപിതമായത്. ബിഹാറിലെ മുസ്ലിം സമുദായത്തിന്റെ സാമൂഹിക-സാംസ്‌കാരിക പരിഷ്‌കരണം ലക്ഷ്യമിട്ടാണ് ഇത് സ്ഥാപിതമായത്. ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇമാറത്തെ ശരീഅ എന്ന സംഘടനയുടെ കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. മുൻ പ്രധാനമന്ത്രിമാരായ ജവഹർ ലാൽ നെഹ്റു, രാജീവ് ഗാന്ധി എന്നിവരും ഖാൻഗാഹ് റഹ്മാനി സന്ദർശിച്ചിട്ടുണ്ട്. ഫൈസൽ റഹ്മാനിയുടെ പിതാവ് വാലി റഹ്മാനിയുടെ പിതാവിന്റെ കാലത്താണ് രാജീവ് ഗാന്ധി ഖാൻഗാഹ് റഹ്മാനി സന്ദർശിച്ചത്.
Adjust Story Font
16

