'ജയിക്കാൻ വേണ്ടി വ്യാപകമായി വോട്ട് ചേർക്കും,ജമ്മുകശ്മീരിൽനിന്നും ആളെക്കൊണ്ടുവരും'; ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വിഡിയോയുമായി രാഹുൽ ഗാന്ധി
വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗോപാലകൃഷ്ണന്‍റ വിഡിയോ പ്രദര്‍ശിപ്പിച്ചത്

ന്യൂഡല്‍ഹി:ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍റെ വിഡിയോ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് ഇന്ന് എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗോപാലകൃഷ്ണന്‍റ വിഡിയോ പ്രദര്‍ശിപ്പിച്ചത്.
'ജയിക്കാൻ വേണ്ടി വ്യാപകമായി ഞങ്ങൾ വോട്ട് ചേർക്കും. ഞങ്ങൾ ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ ജമ്മു കശ്മീരിൽ നിന്നും ആളുകളെ കൊണ്ടുവന്ന് ഒരു വർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും.നാളെയും ചെയ്യും'. എന്ന് ഗോപാലകൃഷ്ണന്‍റെ വിഡിയോയാണ് രാഹുല്‍ കാണിച്ചത്.
ആഗസ്തില്‍ തൃശൂരിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവാദം നിലനില്‍ക്കുന്ന സമയത്തായിരുന്നു ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന് ഗോപാലകൃഷ്ണന്‍ സമ്മതിച്ചത്.
'സുരേഷ് ഗോപിക്ക് വേണ്ടി 86 കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപിക്കുന്നത്. തൃശൂരിൽ സുരേഷ് ഗോപി 74,682 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 2019ൽ 4.16 ലക്ഷം വോട്ടുണ്ടായിരുന്ന കോൺഗ്രസിന് 2024 ൽ 3.27 ലക്ഷം ആയി കുറഞ്ഞു.ബാക്കി 90,000 എവിടെ പോയി?തൃശൂരില്‍ മരിച്ച ആളുടെ പേരിൽ ആരും വോട്ട് ചെയ്തിട്ടില്ല. ഒരാൾ രണ്ടുവോട്ടുകളും ചെയ്തിട്ടില്ല. ഏത് വിലാസത്തിൽ വേണമെങ്കിലും വോട്ട് ചേർക്കാം. ജയിക്കാൻ വേണ്ടി വ്യാപകമായി ഞങ്ങൾ വോട്ട് ചേർക്കും. ഞങ്ങൾ ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ ജമ്മു കശ്മീരിൽ നിന്നും ആളുകളെ കൊണ്ടുവന്ന് ഒരു വർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും.നാളെയും ചെയ്യും'. എന്നായിരുന്നു ഗോപാലകൃഷ്ണന്‍ അന്ന് പറഞ്ഞത്.
'നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതുപോലെ വോട്ട് ചേർക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ല.അത് തെരഞ്ഞെടുപ്പ് സമയത്ത് ആലോചിച്ച് തീരുമാനിക്കും.ഇത്തവണ ലോക്‌സഭയിൽ ജയിക്കാനാണ് തീരുമാനിച്ചത്. ഞാൻ മത്സരിച്ച് ജയിക്കാനാഗ്രഹിക്കുന്ന ഒരാൾ ജമ്മു കശ്മീരിലുണ്ട്. അയാള് അവിടെ വോട്ട് ചെയ്യാതെ ഇവിടെ ഒരുവർഷം താമസിച്ച് വോട്ട് ചെയ്യുന്നതിൽ എന്താണ് അധാർമികത?'. ബിജെപിയുടെ സ്ഥാനാർഥിയെ തോൽപ്പിക്കാൻ ബിജെപിയും കോൺഗ്രസും വോട്ട് വിൽക്കുന്നത് ധാർമികതയാണോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.
ഹരിയാനയിലെ വോട്ട് കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ടത്. ബ്രസീലിയൻ മോഡലിന്റേതുൾപ്പെടെ വ്യാജ ചിത്രങ്ങളും മേൽ വിലാസങ്ങളും ഉപയോഗിച്ചാണ് വോട്ട് കൊള്ള നടന്നത്. ഹരിയാനയിൽ പോൾ ചെയ്ത വോട്ടുകളിൽ എട്ടിലൊന്ന് വ്യാജമാണ്. ഇത്തരത്തിൽ 25 ലക്ഷം കള്ളവോട്ടുകളാണ് ചെയ്തതത്. ഒരു സ്ത്രീ 100 തവണ വോട്ട് ചെയ്തതിന്റെയും ബ്രസീലിയൻ മോഡലിന്റെ ചിത്രമുളള വോട്ടർ ഐഡി കാർഡ് ഉപയോഗിച്ച് 22 തവണ പത്ത് ബൂത്തുകളിലായി വോട്ട് ചെയ്തതിന്റെയും തെളിവുകൾ രാഹുൽ ഗാന്ധി പുറത്തുവിട്ടു.
Adjust Story Font
16

