Quantcast

വോട്ട് കൊള്ളക്ക് പിന്നാലെ 'സീറ്റ് കൊള്ള'; മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി

ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്നാണ് സീറ്റ് മോഷ്ടിച്ചതെന്നും രാഹുല്‍ ഗാന്ധി

MediaOne Logo
വോട്ട് കൊള്ളക്ക് പിന്നാലെ സീറ്റ് കൊള്ള; മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയ സംഭവത്തില്‍ 'സീറ്റ് ചോരി' ആരോപണവുമായി രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പിന് മുമ്പേ സീറ്റ് മോഷണം നടന്നുവെന്നും വോട്ട് കൊള്ളയ്ക്ക് പിന്നാലെയാണ് ഈ സീറ്റ് മോഷണമെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. എക്‌സ് പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്നാണ് സീറ്റ് മോഷ്ടിച്ചതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. നാമനിര്‍ദേശ പത്രിക സമ്മര്‍പ്പിച്ചതിനൊപ്പം ബന്ധപ്പെട്ട എല്ലാ രേഖകളും മീനാക്ഷി നടരാജന്‍ ഹാജരാക്കിയിരുന്നു. തീര്‍പ്പാക്കാത്ത കേസുകള്‍ ഒന്നും തന്നെയില്ല. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രിമ തള്ളുകയാണ് ചെയ്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിജെപിയുടെ നിസാരമായ എതിര്‍പ്പിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയത്. അതേസമയം ബിജെപി പിന്തുണയോടെ ജാർഖണ്ഡിൽ മത്സരിച്ച പരിമള്‍ നത്വാനി സ്വന്തം പേര് പോലും തെറ്റിച്ചു. നിര്‍ബന്ധമായും ഹാജരാകേണ്ടിയിരുന്ന ഒന്നിലധികം വിവരങ്ങള്‍ ഒഴിവാക്കി. എന്നാല്‍ ഇതെല്ലാം പരിഹരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിന് സമയം നീട്ടി നല്‍കിയെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

രണ്ട് പേര്‍ക്ക് രണ്ട് നീതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയതെന്നും രാഹുൽ വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമങ്ങള്‍ പാലിച്ചില്ലെങ്കിലും ഒരാള്‍ക്ക് അതിന്റെ പ്രതിഫലം ലഭിച്ചുവെന്നും ഇസി തങ്ങളെ പൂര്‍ണമായും ഒഴിവാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയതോടെ മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റിലും ബിജെപി വിജയിച്ചു. രജനീഷ് അഗര്‍വാള്‍, തരുണ്‍ ചുഗ്, മഹേഷ് കേവാട്ട് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മധ്യപ്രദേശില്‍ നിന്ന് മീനാക്ഷി നടരാജനെ രാജ്യസഭയില്‍ എത്തിക്കാനുള്ള എംഎല്‍എമാരുടെ ഭൂരിപക്ഷം കോണ്‍ഗ്രസിന് ഉണ്ടായിരുന്നു.

എന്നാല്‍ ജൂണ്‍ ഒമ്പതിന് നടന്ന സൂക്ഷ്മപരിശോധനയില്‍ മീനാക്ഷി നടരാജന്റെ പത്രിക തള്ളുകയായിരുന്നു. ഇതിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

TAGS :

Next Story