'ട്രംപ് ഫോണിൽ വിളിച്ച് നരേന്ദ്രാ, സറണ്ടര്‍ എന്നു പറഞ്ഞു, യെസ് സര്‍ എന്ന് മോദി'; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
ഭോപ്പാലിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനം

ഡൽഹി: ഇന്ത്യാ-പാക് സംഘര്‍ഷത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് ഇടപെട്ടെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്രംപ് ഫോണില്‍ വിളിച്ച് 'നരേന്ദ്രാ, സറണ്ടര്‍' എന്ന് പറഞ്ഞെന്നായിരുന്നു രാഹുലിന്‍റെ പരിഹാസം. ചരിത്രം ഇതിന് സാക്ഷിയാണെന്നും ആര്‍എസ്എസിനെയും ബിജെപിയെയും വിമര്‍ശിച്ച് രാഹുല്‍ പറഞ്ഞു. ഭോപ്പാലിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനം.
1971ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അമേരിക്കയുടെ ഭീഷണി വകവയ്ക്കാതെയാണ് പാകിസ്താനെ തകര്‍ത്തതെന്നും രാഹുല്‍ പറഞ്ഞു. ആരുടെ മുന്നിലും തലകുനിക്കാതെയായിരുന്നു ഇന്ത്യയുടെ പോരാട്ടം. ബിജെപിയെയും ആര്‍എസ്എസിന്‍റെയും ചരിത്രം തനിക്ക് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ട്രംപ് ഒരു ചെറിയ സൂചന നല്‍കി മോദിക്ക്. അദ്ദേഹം ഫോണ്‍ എടുത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിയെ വിളിച്ചു, എന്നിട്ട് പറഞ്ഞു, 'മോദി ജീ, താങ്കള്‍ എന്താണ് ചെയ്യുന്നത്? നരേന്ദ്രാ, കീഴടങ്ങൂ.' മറുപടിയായി, 'ശരി സര്‍' എന്നുപറഞ്ഞ് നരേന്ദ്ര മോദി ട്രംപ് നല്‍കിയ സൂചന അനുസരിച്ചു,' രാഹുല്‍ ഗാന്ധി പരിഹസിച്ചു. 1971ലെ യുദ്ധത്തിന്‍റെ സമയത്ത് ഇന്ദിരാ ഗാന്ധി എടുത്ത തീരുമാനങ്ങളെ ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുലിന്‍റെ പരിഹാസം.
'ഇത്തരം ഫോണ്‍കോളുകള്‍ ഇല്ലാതിരുന്ന ഒരു യുദ്ധകാലത്തെപ്പറ്റി നിങ്ങള്‍ക്ക് ഓര്‍മയുണ്ടാവും. 1971ലെ യുദ്ധത്തിന്‍റെ സമയത്ത്.. ആയുധങ്ങള്‍ വന്നു, വിമാനവാഹിനികള്‍ വന്നു. അപ്പോള്‍ ഇന്ദിരാ ഗാന്ധി പറഞ്ഞു, 'ഞാന്‍ എന്താണോ ചെയ്യേണ്ടത്, അത് ഞാന്‍ ചെയ്തിരിക്കും'. അതാണ് വ്യത്യാസം, അതാണ് വ്യക്തിത്വം. സ്വാതന്ത്ര്യസമരകാലം മുതലേ ബിജെപിക്കാര്‍ ഇങ്ങനെയാണ്, കീഴടങ്ങല്‍ കത്തുകള്‍ എഴുതലാണ് അവരുടെ രീതി,' രാഹുല്‍ പറഞ്ഞു.
എന്നാൽ ഇതിനെതിരെ ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധി പാകിസ്താന്‍റെ ഐഎസ്‌ഐ (ഇന്‍റര്‍-സർവീസസ് ഇന്‍റലിജൻസ്) പ്രതിനിധീകരിക്കുന്നുവെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പാർട്ടി വക്താവ് തുഹിൻ സിൻഹ എൻഡിടിവിയോട് പറഞ്ഞു.
ഇന്ത്യാ-പാക് സംഘര്‍ഷം അവസാനിച്ചത് യുഎസിന്‍റെ ഇടപെടലിലൂടെയാണെന്നായിരുന്നു ഡൊണാൾഡ് ട്രംപിന്‍റെ വാദം. ഇന്ത്യയും പാകിസ്താനും വെടിനിർത്തലിന് സമ്മതിച്ചതായി ട്രംപ് എക്സിലൂടെ അറിയിക്കുകയായിരുന്നു. ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിലാണ് ധാരണയായത്. സമ്പൂർണവും അടിയന്തരവുമായ വെടിനിർത്തലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. സമാന്യ ബുദ്ധിയും വിവേകവും ഉപയോഗിച്ചതിന് നന്ദിയെന്നും ട്രംപ് എക്സിൽ കുറിച്ചിരുന്നു.
ट्रंप का एक फोन आया और नरेंद्र जी तुरंत surrender हो गए - इतिहास गवाह है, यही BJP-RSS का character है, ये हमेशा झुकते हैं।
— Rahul Gandhi (@RahulGandhi) June 3, 2025
भारत ने 1971 में अमेरिका की धमकी के बावजूद पाकिस्तान को तोड़ा था। कांग्रेस के बब्बर शेर और शेरनियां Superpowers से लड़ते हैं, कभी झुकते नहीं। pic.twitter.com/RhdQWdRBtV
Adjust Story Font
16

