കാമുകനെ കാണാൻ 600 കിലോമീറ്റർ കാറോടിച്ചെത്തി; വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട യുവതിയെ തലക്കടിച്ചുകൊന്നു
കാറിന്‍റെ ഡ്രൈവിങ് സീറ്റിലിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്

ജയ്പൂര്‍:കാമുകനെ കാണാൻ 600 കിലോമീറ്റർ വണ്ടിയോടിച്ചെത്തിയ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ജുൻജുനുവിലെ അംഗൻവാടി സൂപ്പർവൈസറായ മുകേഷ് കുമാരി (37) ആണ് കൊല്ലപ്പെട്ടത്. കാറില്‍ നിന്ന് യുവതിയുടെ മൃതദേഹവും കണ്ടെത്തി.കാമുകനും സ്കൂൾ അധ്യാപകനായ മനാറാം യുവതിയെ ഇരുമ്പ് വടി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുകേഷ് കുമാരി ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുകയാണ്.
കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ബാർമറിലെ സ്കൂൾ അധ്യാപകനായ മനാറാമിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്കെത്തുകയായിരുന്നു. മനാറാമിനെ കാണാന്‍ മുകേഷ് കുമാരി പലപ്പോഴും ജുൻജുനുവിൽ നിന്ന് ബാർമറിലെത്തുമായിരുന്നു. മനാറിനൊപ്പം ജീവിക്കാന്‍ മുകേഷ് കുമാരി ആഗ്രഹിച്ചിരുന്നു.എന്നാല്‍ മനാറാമിന്റെ വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലായിരുന്നു.തന്നെ വിവാഹം ചെയ്യണമെന്ന് മുകേഷ് കുമാരി മനാറാമിനെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.ഇത് ഇരുവരും തമ്മിലുള്ള വഴക്കുകള്‍ക്കും കാരണമായി.
സെപ്റ്റംബർ 10 ന്, മുകേഷ് തന്റെ ആൾട്ടോ കാറില്‍ ജുൻജുനുവിൽ നിന്ന് ബാർമറിലെ മനാറാമിന്റെ ഗ്രാമത്തിലേക്ക് പോയി. മനാറാമിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളോട് തങ്ങളുടെ ബന്ധത്തെക്കുറിച്ച് പറയുകയും ചെയ്തു. ഇത് മനാറാമിനെ പ്രകോപിപ്പിച്ചു, തുടർന്ന് മനാറം പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി ഇരുവരുമായി സംസാരിക്കുകയും പ്രശ്നം പരിഹരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
വൈകുന്നേരം ഇരുവരും ഒരുമിച്ചിരിക്കുമ്പോൾ മനാറാം ഇരുമ്പ് വടി കൊണ്ട് മുകേഷ് കുമാരിയുടെ തലക്കടിക്കുകയായിരുന്നു. മുകേഷിന്റെ മൃതദേഹം കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ കിടത്തുകയും ചെയ്തു. അപകട മരണമായി ചിത്രീകരിക്കാൻ കാര്‍ റോഡിൽ നിന്ന് തള്ളിയിടുകയും ചെയ്തു. പിന്നീട് ഇയാള്‍ വീട്ടിലേക്ക് മടങ്ങിപ്പോയി. പിറ്റേന്ന് രാവിലെ മുകേഷ് കുമാരിയുടെ മൃതദേഹം കണ്ടതായി പൊലീസിനെ അറിയിക്കുകയും ചെയ്തു.എന്നാല്‍ അന്വേഷണത്തില്‍ ഇതൊരപകടമരണമല്ലെന്ന് പൊലീസിന് വ്യക്തമായി. മുകേഷ് കുമാരി മരിക്കുന്ന സമയത്ത്മനാറാമിന്റെയും മുകേഷിന്റെയും ഫോൺ ലൊക്കേഷനുകൾ ഒരിടത്ത് തന്നെയാണെന്ന് പൊലീസ് കണ്ടെത്തി.ചോദ്യം ചെയ്യലില്‍ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് മനാറാം കുറ്റം സമ്മതിച്ചു. തുടര്‍ന്ന് മനാറാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Adjust Story Font
16

