Quantcast

17-ാം തവണയും പരോൾ നേടി ഗുർമീത് റാം റഹീം സിങ്; ആഡംബര വാഹനങ്ങളുടെ അകമ്പടിയിൽ ദേര സച്ചാ സൗദ ആസ്ഥാനത്ത്

ഫോർച്യൂണർ, ലാൻഡ് ക്രൂയിസർ തുടങ്ങിയ നിരവധി ആഡംബര വാഹനങ്ങളുടെ അകമ്പടിയിൽ ആഘോഷമായാണ് ഗുർമീത് ദേര ആസ്ഥാനത്ത് എത്തിയത്

MediaOne Logo
17-ാം തവണയും പരോൾ നേടി ഗുർമീത് റാം റഹീം സിങ്; ആഡംബര വാഹനങ്ങളുടെ അകമ്പടിയിൽ ദേര സച്ചാ സൗദ ആസ്ഥാനത്ത്
X

ചണ്ഡീഗഢ്: പീഡന കേസിൽ 20 വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിന് 21 ദിവസത്തെ പരോൾ അനുവദിച്ച് ഹരിയാന സർക്കാർ. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ റോഹ്തകിലെ സുനാരിയ അതീവ സുരക്ഷാ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഗുർമീത് ആഡംബര വാഹനങ്ങളുടെ അകമ്പടിയിലാണ് സിർസയിലുള്ള ദേര ആസ്ഥാനത്ത് എത്തിയത്. ഫോർച്യൂണർ, ലാൻഡ് ക്രൂയിസർ തുടങ്ങിയ നിരവധി വാഹനങ്ങളിൽ ആഘോഷമായാണ് ഗുർമീത് എത്തിയത്.

2017 ആഗസ്റ്റിൽ ശിക്ഷിക്കപ്പെട്ടതിനു ശേഷം 2020 മുതൽ ഇതുവരെ 17-ാം തവണയാണ് ഇയാൾ പരോളിൽ പുറത്തിറങ്ങുന്നത്. ഈ വർഷം മാത്രം മൂന്നാം തവണയാണ് ഇയാൾ പുറത്തുവരുന്നത്. ജനുവരിയിൽ 40 ദിവസത്തെ പരോളും മേയിൽ 30 ദിവസത്തെ പരോളും ലഭിച്ചിരുന്നു.

2002-ൽ തന്റെ അനുയായികളായ രണ്ട് വനിതകളെ ബലാത്സംഗം ചെയ്ത കേസിൽ പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതിയാണ് 20 വർഷത്തെ തടവുശിക്ഷ വിധിച്ചത്. 'ഹരിയാന ഗുഡ് കണ്ടക്ട് പ്രിസണേഴ്‌സ് ആക്ട്' പ്രകാരം തടവുകാർക്ക് വർഷത്തിൽ പരമാവധി 70 ദിവസം പരോളും 21 ദിവസം ഫർലോയും നേടാൻ അർഹതയുണ്ട്. എന്നാൽ ഗുർമീതിന് തുടർച്ചയായി ഇളവുകൾ അനുവദിക്കുന്നത് ചട്ടങ്ങൾ ദുരുപയോഗം ചെയ്തുകൊണ്ടാണെന്ന് വിമർശനമുണ്ട്.

ദേര തലവന് നിരന്തരം പരോളും ഫർലോയും അനുവദിക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്ന് ഹരിയാനയിലെയും സമീപ സംസ്ഥാനങ്ങളിലെയും പ്രതിപക്ഷ കക്ഷികളും ഷിരോമണി ഗുർദ്വാര പ്രബന്ധക് കമ്മിറ്റിയും ആരോപിക്കുന്നു.

മാധ്യമപ്രവർത്തകനായ രാം ചന്ദർ ഛത്രപതി, ദേര മുൻ മാനേജർ രഞ്ജിത് സിങ് എന്നിവരുടെ കൊലപാതക കേസുകളിലും ഗുർമീത് പ്രതിയായിരുന്നെങ്കിലും, തെളിവുകളുടെ അഭാവത്തിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി അടുത്തിടെ വെറുതെ വിട്ടിരുന്നു.

2020 മുതൽ ഇതുവരെ ലഭിച്ച ഇളവുകളിലൂടെ 435-ലധികം ദിവസങ്ങൾ ഗുർമീത് റാം റഹീം സിങ് ജയിലിന് പുറത്ത് ചെലവഴിച്ചിട്ടുണ്ട്. നിയമപരമായ അവകാശമെന്നാണ് ദേര വക്താക്കൾ വ്യക്തമാക്കുന്നതെങ്കിലും, ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷ അനുഭവിക്കുന്ന വ്യക്തിക്ക് തുടർച്ചയായി ആശ്വാസം നൽകുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

TAGS :

Next Story