രാമക്ഷേത്ര സംഭാവനകൾ കാണാതായെന്ന പരാതി; സിസിടിവിയിൽ തിരിമറിയെന്ന് സംശയം, എസ്ഐടി അന്വേഷണം അന്തിമഘട്ടത്തിൽ
രാമക്ഷേത്രത്തിലേക്ക് സംഭാവന ചെയ്ത ഭക്തരുടെ കോടിക്കണക്കിന് രൂപ കാണാതായെന്ന് ക്ഷേത്ര ട്രസ്റ്റ് മുൻ അംഗം തന്നെയാണ് പൊലീസിൽ പരാതി നൽകിയത്

- Updated:
2026-06-21 06:46:40

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ ഭക്തരുടെ സംഭാവനകൾ കാണാതായ സംഭവത്തിൽ എസ്ഐടിക്ക് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. സംഭാവനത്തുക കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള സിസിടിവി ദൃശ്യങ്ങളിൽ ക്രമക്കേട് നടന്നതിനുള്ള തെളിവുകൾ ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ഏറ്റവും പുതിയ കണ്ടെത്തലുകളടങ്ങിയ റിപ്പോർട്ട് എത്രയും വേഗം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറിയേക്കും. അതേസമയം, അന്വേഷണത്തിന്‍റെ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് എസ്ഐടി.
അയോധ്യയിൽ ആറ് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് എസ്ഐടി സിസിടിവി കേന്ദ്രീകരിച്ചുള്ള നിർണായകഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. ക്ഷേത്രം നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, മാനേജ്മെന്‍റ്, ബാങ്ക് ജീവനക്കാർ എന്നിവരടക്കം 150ലേറെ പേരെ കേസിന്‍റെ ഭാഗമായി എസ്ഐടി ചോദ്യം ചെയ്തു. ക്ഷേത്രത്തിനായുള്ള സംഭാവനാ പെട്ടിയിൽ നിന്ന് പണം എണ്ണുന്ന സമയത്ത് ക്രമക്കേട് നടന്നിട്ടുണ്ടോയെന്നാണ് പ്രധാനമായും സിസിടിവി കേന്ദ്രീകരിച്ച് എസ്ഐടി പരിശോധിക്കുന്നത്. ക്രമക്കേട് നടന്നെന്ന് കരുതുന്ന സമയങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ തട്ടിപ്പുകാർ നീക്കം ചെയ്തിട്ടുണ്ടോയെന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്.
ട്രസ്റ്റ് ഓഫീസ് ഭാരവാഹി അനിൽ മിശ്ര, നിർമാണ സഹായി ഗോപാൽ റാവു എന്നിവരെ എസ്ഐടി സംശയിക്കുന്നതായും ചില റിപ്പോർട്ടുകളുണ്ട്. ക്ഷേത്രം നടത്തിപ്പുമായി ബന്ധപ്പെട്ട 25ഓളം പേർക്ക് സംഭാവന ക്രമക്കേടിൽ പങ്കുണ്ടോയെന്നും എസ്ഐടി സംശയിക്കുന്നതായും അതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭാവന എണ്ണുന്നതിൽ മേൽനോട്ടം വഹിച്ചിരുന്ന ടിന്നു യാദവ്, ബാങ്ക് ജീവനക്കാർ എന്നിവർക്കെതിരെയായിരിക്കും എഫ്ഐആർ രജിസ്റ്റർ ചെയ്യുക. അന്വേഷണം പൂർത്തിയാകുന്നത് വരെ ട്രസ്റ്റ് ജീവനക്കാർ അയോധ്യ വിട്ട് പോകരുതെന്ന് എസ്ഐടി നിർദേശം നൽകിയിട്ടുണ്ട്.
രാമക്ഷേത്രത്തിലേക്കുള്ള സംഭാവനകൾ കാണാതായെന്ന് ക്ഷേത്ര ട്രസ്റ്റ് മുൻ അംഗം തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. ഭക്തരുടെ കോടിക്കണക്കിന് രൂപ കാണാതായെന്നാണ് പരാതി. കഴിഞ്ഞ മൂന്ന് മാസമായി ക്ഷേത്രത്തിൽ വലിയ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. സമാനമായ ആരോപണം സമാജ്വാദി പാർട്ടിയും ഉന്നയിച്ചു. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വവും ആവശ്യപ്പെട്ടിരുന്നു.
Adjust Story Font
16
