തെരുവുനായകൾ 'വില്ലന്മാരാകുന്നത്' എന്തുകൊണ്ട്?
നമ്മുടെ തെരുവുകളിൽ ശാന്തരായി നടന്നിരുന്ന നായകൾ പെട്ടെന്നൊരു ദിവസം അക്രമാസക്തരാകുന്നത് എന്തുകൊണ്ടായിരിക്കാം?

ഇന്ന് നമ്മുടെ തെരുവുകളിൽ കാണുന്ന നായകളുടെ ചരിത്രം പരിശോധിച്ചാൽ അത് ആയിരക്കണക്കിന് വർഷങ്ങൾ പിന്നിലേക്ക് നീളുന്നതാണ്. ഏകദേശം 15,000 വർഷങ്ങൾക്ക് മുൻപ് ചെന്നായ വർഗത്തിൽപ്പെട്ട ജീവികൾ ഭക്ഷണത്തിനായി മനുഷ്യവാസമുള്ള ഇടങ്ങളിലേക്ക് ആകർഷിക്കപ്പെട്ടതോടെയാണ് ഈ ബന്ധം ആരംഭിക്കുന്നത്. മനുഷ്യൻ നൽകുന്ന ആഹാരത്തിന് പകരമായി വേട്ടയാടാനും കാവൽ നിൽക്കാനും സഹായിച്ചിരുന്ന ഈ ജീവികൾ ക്രമേണ മനുഷ്യന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായി മാറി. ഇങ്ങനെ മനുഷ്യനൊപ്പം പരിണമിച്ചുണ്ടായ 'നാടൻ നായകളാണ്' (Indie Dogs) യഥാർഥത്തിൽ നമ്മുടെ തെരുവുകളിലെ ആദ്യ നിവാസികൾ.
എന്നാൽ കാലം മാറിയതോടെ ഈ ബന്ധത്തിന്റെ സ്വഭാവവും മാറി. നഗരവൽക്കരണം കൂടിയതും, വീടുകളിൽ വളർത്തുന്ന വിദേശ ഇനം നായകളെ രോഗം വരുമ്പോഴോ വയസാകുമ്പോഴോ ഉടമകൾ തെരുവിലേക്ക് ഉപേക്ഷിക്കാൻ തുടങ്ങിയതും തെരുവുനായകളുടെ എണ്ണം വർധിക്കാൻ കാരണമായി. കൂടാതെ, നഗരങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളിൽ നിന്ന് സുലഭമായി ലഭിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ ഇവയ്ക്ക് തെരുവിൽ പെറ്റുപെരുകാൻ അനുകൂല സാഹചര്യമൊരുക്കി. പണ്ട് നായകളെ കൊന്നൊടുക്കി എണ്ണം നിയന്ത്രിച്ചിരുന്ന രീതിക്ക് പകരം, അവയെ വന്ധ്യംകരിച്ച് വംശവർധനവ് തടയുക എന്ന പുതിയ നിയമങ്ങൾ വന്നതും നമ്മുടെ നാട്ടിലെ തെരുവുകളിൽ ഇവ സ്ഥിരസാന്നിധ്യമാകാൻ വഴിതെളിച്ചു.
നമ്മുടെ തെരുവുകളിൽ ശാന്തരായി നടന്നിരുന്ന നായകൾ പെട്ടെന്നൊരു ദിവസം അക്രമാസക്തരാകുന്നത് എന്തുകൊണ്ടായിരിക്കാം? വെറുമൊരു മൃഗസ്വഭാവം എന്നതിനപ്പുറം, മനുഷ്യരുടെ അശ്രദ്ധയും പാരിസ്ഥിതിക മാറ്റങ്ങളും കൃത്യമായ പരിപാലനത്തിന്റെ അഭാവവും ഒത്തുചേരുമ്പോഴാണ് ഇത്തരം 'കടിപിടി'കൾ വർധിക്കുന്നത്. വിശപ്പും രോഗങ്ങളും മുതൽ നമ്മൾ അറിയാതെ പോകുന്ന അവയുടെ മാനസിക സമ്മർദങ്ങൾ വരെ ഈ മാറ്റത്തിന് പിന്നിലുണ്ട്. തെരുവുനായകൾ എന്തുകൊണ്ടാണ് വില്ലന്മാരാകുന്നത് എന്നും, ഈ പ്രശ്നത്തിന് പിന്നിലെ യഥാർഥ എന്തൊക്കെയാണെന്നും പരിശോധിക്കാം.
വിശപ്പും ദേഷ്യവും
മനുഷ്യരെപ്പോലെ തന്നെ വിശന്നാൽ നായകൾക്കും ദേഷ്യം വരും. ഇതിനെയാണ് വിദഗ്ധർ 'Hangry' (Hungry + Angry) എന്ന് വിളിക്കുന്നത്. തെരുവിൽ അലയുന്ന നായകൾക്ക് കൃത്യസമയത്ത് ആഹാരമോ ശുദ്ധമായ വെള്ളമോ ലഭിക്കാറില്ല. ദിവസങ്ങളോളം പട്ടിണി കിടക്കുന്ന നായകൾ ഭക്ഷണത്തിന് വേണ്ടി പരസ്പരം പോരടിക്കുകയും, ആ സമയത്ത് കൺമുന്നിൽ വരുന്നവരോട് ദേഷ്യം തീർക്കുകയും ചെയ്യുന്നു. പോഷകാഹാരത്തിന്റെ കുറവ് അവയുടെ മാനസിക നിലയെപ്പോലും ബാധിക്കാറുണ്ട്.
നമ്മൾ അറിയാതെ കൊടുക്കുന്ന പണികൾ
ചിലപ്പോഴൊക്കെ നമ്മൾ പ്രകോപിപ്പിക്കാതെ തന്നെ നായകൾ നമ്മളെ ആക്രമിക്കാറുണ്ട്. ഇതിന് കാരണം മുൻപ് ആരോ ചെയ്ത ദ്രോഹമായിരിക്കും. വടികൊണ്ട് അടിക്കുകയോ കല്ലെറിയുകയോ ചെയ്യുന്ന മനുഷ്യരെ കാണുമ്പോൾ, അവരൊക്കെ തങ്ങളെ ഉപദ്രവിക്കാൻ വരുന്നവരാണെന്ന് നായകൾ തെറ്റായി ചിന്തിക്കും. സ്വന്തം പ്രദേശം സംരക്ഷിക്കാനുള്ള തോന്നലും, ഉറങ്ങുമ്പോഴോ കുഞ്ഞുങ്ങളോടൊപ്പം ഇരിക്കുമ്പോഴോ ഉള്ള ശല്യപ്പെടുത്തലുകളും അവരെ അക്രമികളാക്കി മാറ്റുന്നു.
പേവിഷബാധ എന്ന വില്ലൻ
നായകൾ പ്രകോപനമില്ലാതെ കടിക്കാൻ തുടങ്ങുന്നതിന്റെ പ്രധാന കാരണം പേവിഷബാധയാണ്. ഈ വൈറസ് ബാധിച്ച നായകൾക്ക് തങ്ങൾ എന്താണ് ചെയ്യുന്നതെന്ന് തിരിച്ചറിയാൻ കഴിയില്ല. ഇന്ത്യയിൽ പേവിഷബാധ ഇത്രയധികം കൂടാൻ കാരണം തെരുവുനായകൾക്ക് കൃത്യസമയത്ത് പ്രതിരോധ കുത്തിവെപ്പുകൾ ലഭിക്കാത്തതാണ്. ഒരു നായ വിറയ്ക്കുകയോ, വായയിൽ നിന്ന് പത വരികയോ, അനാവശ്യമായി ഓടുകയോ ചെയ്യുകയാണെങ്കിൽ അത് പേവിഷബാധയുടെ ലക്ഷണമാകാൻ സാധ്യതയുണ്ട്.
തെറ്റായ ഭക്ഷണശീലം
നായകൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും നമ്മൾ ശ്രദ്ധിക്കണം. പലരും ദയ തോന്നി നായകൾക്ക് ബിസ്കറ്റും മധുരപലഹാരങ്ങളും നൽകാറുണ്ട്. എന്നാൽ ഇത്തരം മധുരമുള്ള ഭക്ഷണങ്ങൾ നായകളുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഇത് അവയുടെ സ്വഭാവത്തിൽ പെട്ടെന്നുള്ള മാറ്റങ്ങൾക്കും ദേഷ്യത്തിനും കാരണമാകുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. മാംസാഹാരം കഴിക്കേണ്ട ജീവികൾക്ക് കൃത്രിമ ഭക്ഷണങ്ങൾ ലഭിക്കുന്നത് അവരെ കൂടുതൽ അസ്വസ്ഥരാക്കുന്നു.
ജനസംഖ്യയും വന്ധ്യംകരണവും
നായകളുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുന്നതും മറ്റൊരു പ്രശ്നമാണ്. നായകളെ വന്ധ്യംകരിക്കാനുള്ള പദ്ധതികൾ കൃത്യമായി നടക്കാത്തത് തെരുവുകളിൽ നായകളുടെ കൂട്ടം കൂടാൻ കാരണമാകുന്നു. പ്രജനന സമയങ്ങളിൽ നായകൾക്ക് സ്വാഭാവികമായും ദേഷ്യം കൂടുതലായിരിക്കും. വന്ധ്യംകരണം വഴി ഇവയുടെ എണ്ണം നിയന്ത്രിക്കാനും ഒരു പരിധിവരെ ആക്രമണ സ്വഭാവം കുറയ്ക്കാനും സാധിക്കും.
ചുരുക്കത്തിൽ, തെരുവുനായകൾ ആക്രമിക്കുന്നത് അവരോടുള്ള നമ്മുടെ സമീപനവും നഗരങ്ങളിലെ മാലിന്യപ്രശ്നങ്ങളും കുത്തിവെപ്പുകളുടെ അഭാവവും കൊണ്ടൊക്കെയാണ്. നായകളുടെ ശരീരഭാഷ മനസിലാക്കി അവരോട് പെരുമാറുന്നത് ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ നമ്മളെ സഹായിക്കും.
Adjust Story Font
16

