Quantcast

തൃണമൂലിലെ വിമത വിഭാഗത്തിൽ ഭിന്നത; യൂസുഫ് പത്താനടക്കമുള്ള മൂന്ന് എംപിമാര്‍ എന്‍ഡിഎ യോഗം ബഹിഷ്കരിച്ചു

''വികസന ആവശ്യങ്ങൾക്കായി സുവേന്ദു അധികാരി സര്‍ക്കാറുമായി സഹകരിക്കും, എന്നാല്‍ മുസ്‌ലിംകള്‍ക്ക് എതിരായ യാതൊരു നടപടിയും പിന്തുണക്കില്ല''

MediaOne Logo

Web Desk

  • Published:

    5 Aug 2026 11:30 AM IST

തൃണമൂലിലെ വിമത വിഭാഗത്തിൽ ഭിന്നത; യൂസുഫ് പത്താനടക്കമുള്ള മൂന്ന് എംപിമാര്‍ എന്‍ഡിഎ യോഗം ബഹിഷ്കരിച്ചു
X

ന്യൂഡല്‍ഹി: തൃണമൂൽ കോൺഗ്രസ് വിമത വിഭാഗത്തിലും വിള്ളൽ. എന്‍ഡിഎക്കൊപ്പം ഇല്ലെന്ന് യൂസുഫ് പത്താൻ അടക്കമുള്ള മൂന്ന് എംപിമാർ. അബു താഹിർ, ഖലിലൂർ റഹ്മാൻ എന്നിവരാണ് മറ്റുള്ളവര്‍. ഇവര്‍ എന്‍ഡിഎ യോഗം ബഹിഷ്കരിച്ചു.

പ്രധാനമന്ത്രി അടക്കം പങ്കെടുത്ത യോഗത്തിൽ നിന്നാണ് എംപിമാർ വിട്ടുനിന്നത്. തൃണമൂൽ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് രൂപീകരിച്ച 20 അംഗ എൻസിപിഐ വിഭാഗത്തിനുള്ളിൽ ബിജെപി നയിക്കുന്ന സഖ്യത്തോടുള്ള അടുപ്പത്തെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമാണെന്ന സൂചനയാണ് ഇത് നൽകുന്നത്.

ജൂൺ 28ന് നടന്ന ആദ്യ യോഗത്തിലും ഇവർ പങ്കെടുത്തിരുന്നില്ല. പുതിയതായി രൂപീകരിച്ച എൻസിപിഐ ഗ്രൂപ്പിന് ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ അംഗീകാരം ലഭിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് എംപിമാരുടെ ഈ തീരുമാനം. ബിജെപിയുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി അബു താഹിർ ഖാൻ രംഗത്തെത്തി. തങ്ങൾ എൻഡിഎ സഖ്യത്തിന് പുറത്തുതന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

"ഞങ്ങൾ എൻ.ഡി.എയ്‌ക്കൊപ്പമില്ല, ബിജെപിയിലേക്ക് പോകുന്നുമില്ല. ഇന്നും എൻ.ഡി.എ യോഗമുണ്ടായിരുന്നു, ഞങ്ങൾ മൂന്നുപേരും അതിൽ പങ്കെടുത്തിട്ടില്ല"- അബു താഹിർ ഖാൻ പറഞ്ഞു. അതേസമയം, സ്വന്തം മണ്ഡലങ്ങളിലെ വികസന ആവശ്യങ്ങൾക്കായി പശ്ചിമ ബംഗാൾ സർക്കാരുമായി സഹകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. "മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യമായതിനാൽ മുഖ്യമന്ത്രി സുവേന്ദു അധികാരി വിളിച്ച യോഗത്തിൽ ഞങ്ങൾ പങ്കെടുക്കും. എന്നാൽ മുസ്ലീങ്ങൾക്ക് എതിരായ യാതൊരു നടപടിയെയും ഞങ്ങൾ പിന്തുണയ്ക്കില്ല"- അദ്ദേഹം കൂട്ടിച്ചേർത്തു.

കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് സംരക്ഷണം ലഭിക്കണമെങ്കിൽ, തൃണമൂൽ കോൺഗ്രസിന്റെ ആകെയുള്ള 28 ലോക്‌സഭാ എംപിമാരിൽ മൂന്നിൽ രണ്ട് ഭാഗത്തിന്റെ പിന്തുണ (കുറഞ്ഞത് 19 പേർ) ഈ വിമത വിഭാഗത്തിന് തെളിയിക്കേണ്ടതുണ്ട്. മൂന്ന് പേര്‍ വിട്ടതേടെ വീണ്ടും അനിശ്ചിതത്വമായി. പാർലമെന്റ് ഹൗസ് കോംപ്ലക്സിൽ നടന്ന എന്‍ഡിഎ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, ശിവരാജ് സിംഗ് ചൗഹാൻ, എസ്. ജയശങ്കർ എന്നിവർക്ക് പുറമെ ജെഡിയു, ജെഡി(എസ്), എൻസിപി, ശിവസേന തുടങ്ങിയ സഖ്യകക്ഷി പ്രതിനിധികളും പങ്കെടുത്തു.

TAGS :

Next Story