'കുട്ടികളുടെ സിക്ക് റൂം ആയിരുന്നു അത്...' സ്കൂള്‍ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് 1.77 കോടി രൂപയും മദ്യക്കുപ്പികളും; പരിശോധന നീണ്ടത് പുലർച്ചെ വരെ
നടന്നത് വന്‍ സാമ്പത്തിക തട്ടിപ്പ്

- Published:
12 Jun 2026 10:51 AM IST

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സ്വകാര്യ സ്കൂളിൾ ലോക്കറിൽ നിന്ന് 1.77 കോടി രൂപ പിടിച്ചെടുത്തു. വടക്കൻ 24 പർഗാനാസ് ജില്ലയിലുള്ള കാഞ്ചൻപാറ ഹാർനെറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നാണ് പണം കണ്ടെത്തിയത്. സ്കൂൾ ഫണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളെ തുടർന്നായിരുന്നു പരിശോധന.
പൂട്ടിക്കിടന്ന മുറിയിൽ നിന്ന് പണം നിറച്ച എട്ട് പാക്കറ്റുകളാണ് പൊലീസ് കണ്ടെടുത്തത്. മൂന്ന് കൗണ്ടിങ് മെഷീനുകൾ എത്തിച്ച് വ്യാഴാഴ്ച പുലർച്ചെ വരെ പരിശോധന നീണ്ടു. സ്കൂൾ പരിസരത്ത് നിന്ന് മദ്യക്കുപ്പികളും, കിടപ്പുമുറിക്ക് സമാനമായ രീതിയിൽ സജ്ജീകരിച്ച ഒരു മുറിയും കണ്ടെത്തി.
സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നാല് വ്യക്തികൾക്കെതിരെയാണ് ഫണ്ട് തിരിമറിയും സാമ്പത്തിക ദുരുപയോഗവും ആരോപിച്ച് ആക്ടിംഗ് പ്രിൻസിപ്പൽ ബികാഷ് ചന്ദ്ര പാൽ ജൂൺ 10-ന് ഔദ്യോഗികമായി പരാതി നൽകിയത്. സ്‌കൂളിലെ അക്കൗണ്ടന്റായ അഭിക് കുമാർ നാഗിനെയും ജൂനിയർ അക്കൗണ്ടന്റിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിൽ നിരവധി രേഖകളും കമ്പ്യൂട്ടറുകളും മറ്റ് അനുബന്ധ സാമഗ്രികളും പിടിച്ചെടുത്തു.
പരാതിയിൽ പൊലീസ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. സ്കൂൾ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകളെന്നും ഇതിനിടെയാണ് വൻതോതിൽ പണം കണ്ടെത്തിയതെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
ബാങ്കിൽ നിക്ഷേപിക്കാതിരുന്ന ഇത്രയും വലിയ തുകയെക്കുറിച്ച് തനിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നില്ല. ഏപ്രിലിൽ അധ്യയന വർഷം ആരംഭിച്ചതിന് ശേഷമാണ് വിദ്യാർഥികളിൽ നിന്നുള്ള ഫീസ് പിരിവ് തുടങ്ങിയതെന്നും, ഏതാനും ദിവസങ്ങൾ കൂടുമ്പോൾ ഈ തുക ബാങ്കിൽ നിക്ഷേപിക്കേണ്ട ചുമതല അക്കൗണ്ടന്റിനായിരുന്നു എന്നും ബികാഷ് ചന്ദ്ര പാൽ ചൂണ്ടിക്കാട്ടി.
"എനിക്ക് അക്കാദമിക കാര്യങ്ങളുടെ ചുമതല മാത്രമാണുള്ളത്, ഈ പണം ബാങ്കിൽ നിക്ഷേപിച്ചിരുന്നില്ല എന്ന കാര്യത്തെക്കുറിച്ച് എനിക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ല. ഈ സാഹചര്യം വിശ്വസിക്കാൻ കഴിയാത്തതാണ്. അനാവശ്യമായ ചില സാധനങ്ങൾ അവിടെ നിന്നും കണ്ടെടുത്തു എന്നത് സത്യമാണ്, എന്നാൽ അതിനെക്കുറിച്ച് എനിക്ക് വിശദമായി ഒന്നും അറിയില്ല. വിദ്യാർഥികൾക്കായുള്ള സിക്ക് റൂം ആയി മാറ്റിവെച്ചിരുന്ന ഒരു മുറിയിൽ ഇങ്ങനെയുള്ള സാധനങ്ങൾ എങ്ങനെ വന്നുവെന്ന് എനിക്ക് മനസിലാകുന്നില്ല." അദ്ദേഹം പറഞ്ഞു.
വിഷയം ബിജെപി രാഷ്ട്രീയ ആയുധമാക്കി. സ്ഥലം എംഎൽഎ സുദീപ്ത ദാസ് ഹാർനെറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സന്ദർശിക്കുകയും ആരോപണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒരു വിദ്യാഭ്യാസ സ്ഥാപനം ഇത്രത്തോളം അപകീർത്തികരമായ അവസ്ഥയിലേക്ക് തരംതാണു എന്ന കാര്യം വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
കണ്ടെടുത്ത കോടിക്കണക്കിന് രൂപ സ്കൂൾ ഫണ്ട് മാത്രം ആകാൻ വഴിയില്ലെന്നും, ഈ പണത്തിന്റെ യഥാർത്ഥ ഉറവിടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. ഈ സാഹചര്യം പ്രദേശത്തിന് വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. ഒരു സ്കൂളിനുള്ളിൽ കിടപ്പുമുറിക്ക് സമാനമായ സജ്ജീകരണങ്ങളും ഒപ്പം കോടിക്കണക്കിന് രൂപയും കണ്ടെത്തിയത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലയെന്നും സുദീപ്ത ദാസ് പറഞ്ഞു.
Adjust Story Font
16
