'ദിവസം മുഴുവൻ ഓടിയാൽ 2,500 രൂപ, പ്രതിമാസം...' ചര്‍ച്ചയായി ഓട്ടോ ഡ്രൈവറുടെ വരുമാനം, വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ജോലി തെരഞ്ഞെടുക്കല്‍, വരവും ചെലവും കൂട്ടിമുട്ടിക്കല്‍, ജോലിയോടുള്ള താല്‍പ്പര്യം നിലനിർത്തൽ എന്നിങ്ങനെയുള്ള നിരവധി വിഷയങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും വീഡിയോ വഴിതുറന്നിട്ടിരിക്കുകയാണ്

നവി മുംബൈ: വരവും ചെലവും കൂട്ടിമുട്ടിക്കാന്‍ പെടാപാട് പെടുന്നവരെ സൗകര്യപൂര്‍വം കണ്ടില്ലെന്ന് നടിച്ച് ഈ നാട്ടില്‍ തനിക്ക് ജോലിയൊന്നുമില്ലെന്ന് പറഞ്ഞ് നിഷ്‌ക്രിയരായി തുടരുന്ന നിരവധി പേരെ സോഷ്യല്‍ മീഡിയയില്‍ നാം കണ്ടിട്ടുണ്ടാകും. അതിജീവനത്തിന്റെ പാതയില്‍ സസൂക്ഷ്മം ചുറ്റിലുമൊന്ന് നോക്കിയാല്‍ മുന്നോട്ടുപോകാനുള്ള മാര്‍ഗങ്ങള്‍ തെളിയാതിരിക്കില്ലെങ്കിലും വൈറ്റ് കോളര്‍ ജോലിക്കായി മാത്രം പരതിനടക്കുന്നവര്‍ അതൊന്നും കാണാനിടയില്ല.
എന്നാല്‍, ഇപ്പോഴിതാ, മുംബൈയിലെ ഒരു ഓട്ടോ ഡ്രൈവറുടെ അധ്വാനവും വരുമാനവും സോഷ്യല്‍മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ ഒരുദിവസം കഴിച്ചുകൂട്ടാന്‍ ഏറ്റവും ചിലവേറിയ നഗരങ്ങളിലൊന്നാണ് മുംബൈ. ഇതേനഗരത്തില്‍ താന്‍ പ്രതിമാസം 75,000 രൂപ നേടുന്നുണ്ടെന്ന ഓട്ടോക്കാരന്റെ വെളിപ്പെടുത്തല്‍ വീഡിയോ ചൂടപ്പം പോലെയാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം, വൈറ്റ് കോളര്‍ ജോലിക്കാരുടെ വരുമാനവും സാധാരണക്കാരനായ ഓട്ടോക്കാരന്റെ വരുമാനവും, ഇരുവരുടെയും ചെലവുകളുമായും ബന്ധപ്പെട്ട ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയും ചെയ്തിട്ടുണ്ട്.
മുംബൈ നഗരത്തിന്റെ പ്രത്യേകതകളെയും സവിശേഷതകളെയും കുറിച്ചുള്ള വ്ളോഗര്‍ ഉത്ക്കര്‍ഷ് വര്‍മയുടെ സംശയങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഓട്ടോ ഡ്രൈവര്‍. സംസാരത്തിനിടെ, ജീവിക്കാന്‍ അവസരങ്ങളൊരുപാട് തുറന്നുതരുന്ന നഗരങ്ങളിലൊന്നാണ് മുംബൈയെന്നും വളര്‍ച്ച ഉദ്ദേശിച്ചുള്ള ജോലിയാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ നഗരത്തില്‍ യഥേഷ്ടം കണ്ടെത്താനാകുമെന്നും ഡ്രൈവര്‍ പറയുന്നതായി വീഡിയോയില്‍ കാണാം. നഗരത്തിന്റെ അങ്ങോളമിങ്ങോളം നിരവധി അവസരങ്ങള്‍ കാണാമെന്ന് ആവര്‍ത്തിച്ച ഓട്ടോക്കാരന്‍ വൈകാതെ തന്റെ പ്രതിമാസ വരുമാനം വെളിപ്പെടുത്തുകയായിരുന്നു.
ചെലവുകളെല്ലാം ഒഴിച്ചുനിര്‍ത്തിയാല്‍ പ്രതിദിനം തനിക്ക് 2,500 രൂപ സ്വരുക്കൂട്ടിവെക്കാന്‍ കഴിയുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. അഥവാ, പ്രതിമാസം താന്‍ 75,000 രൂപ എടുത്തുവെക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം ശ്രദ്ധ പിടിച്ചുപറ്റിയതോടെ നിരവധി പേരാണ് കോര്‍പറേറ്റ് ജോലിക്കാരുടെയും സാധാരണക്കാരന്റേയും വരുമാനത്തെക്കുറിച്ചുള്ള താരതമ്യവുമായി രംഗത്തെത്തിയത്. മാത്രമല്ല, ജോലി തെരഞ്ഞെടുക്കല്‍, വരവും ചെലവും കൂട്ടിമുട്ടിക്കല്‍, ജോലിയോടുള്ള താല്‍പ്പര്യം നിലനിർത്തൽ എന്നിങ്ങനെയുള്ള നിരവധി വിഷയങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും വീഡിയോ വഴിതുറന്നിട്ടിരിക്കുകയാണ്.
Adjust Story Font
16

