രാജ്യത്തിന്റെ സ്വാതന്ത്രത്തിന് എതിരായിരുന്നവരാണ് ആർഎസ്എസ്; പ്രധാന മന്ത്രിയുടെ സ്വാതന്ത്ര്യ ദിന പരാമർശത്തിൽ പ്രതികരണവുമായി മല്ലികാർജുൻ ഖാർഗെ
ബീഹാറിലെ സസറാമിൽ നടന്ന വോട്ടർ അധികാർ റാലി അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വിമർശനം

ബീഹാർ: 79ാമത് സ്വാതന്ത്രദിനാഘോഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസിനെ പ്രശംസിച്ചതിനെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് എതിരായിരുന്നവരാണ് ആർഎസ്എസ് എന്ന് ഖാർഗെ പറഞ്ഞു. സ്വാതന്ത്ര്യ സമര സമയത്ത് ആർഎസ്എസിന്റെ എത്ര അംഗങ്ങൾ ജയിലിൽ പോയിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു. സസറാമിൽ നടന്ന വോട്ടർ അധികാർ റാലി അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വിമർശനം.
'നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടിയവരാണ് നമുക്ക് വോട്ടവകാശം നൽകിയത്. അതിനെയാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ വെല്ലുവിളിച്ചത്. ആർഎസ്എസ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് എതിരായിരുന്നു. അവർ മഹാത്മാഗാന്ധിയെ ജനങ്ങളിൽ നിന്ന് വേർപ്പെടുത്തി. എത്ര ആർഎസ്എസുകാർ സ്വാതന്ത്ര്യ സമരകാലത്ത് ജയിലിൽ അല്ലെങ്കിൽ തൂക്കിലേറ്റപ്പെട്ടു?പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ ജനാധിപത്യവും വോട്ടവകാശവുമെല്ലാം അപകടത്തിലാണ്' എന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി അപകടകാരിയാണെന്നും അദ്ദേഹത്തെ അധികാരത്തിൽ നിന്ന് പുറത്താക്കിയില്ലെങ്കിൽ നിങ്ങളുടെ അവകാശങ്ങളെല്ലാം അപകടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ നരേന്ദ്രമോദി സർക്കാറിന്റെ ഏജന്റിനെ പോലെ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനും പ്രധാനമന്ത്രിയും ബീഹാറിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും വോട്ടർപട്ടികയിൽനിന്ന് ആളുകളുടെ പേര് വെട്ടിക്കളയാൻ ശ്രമിച്ചുവെന്നും രാഷ്ട്രീയ ജനദാതൾ നേതാവ് തേജസ്വി യാദവും ആരോപിച്ചു. നരേന്ദ്രമോദി ബീഹാറിലെ ജനങ്ങളുടെ ജീവിതം നശിപ്പിക്കുവാൻ ശ്രമിക്കുകയാണെന്നും ബീഹാറികൾ ദുർബലരാണെന്ന് കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

