Quantcast

'ഞാന്‍ ക്ഷമിക്കും, പക്ഷേ മറക്കില്ല'; ഹര്‍ഭജന്‍ സിങ് മാന്യനായി അഭിനയിക്കുന്നു, എന്നോട് ചെയ്തതിനെ കച്ചവടമാക്കി വീണ്ടും ലാഭമുണ്ടാക്കി : ശ്രീശാന്ത്

2008ലെ ഐപിഎല്‍ മത്സരത്തില്‍ ഹര്‍ഭജന്‍ സിങ് ശ്രീശാന്തിനെ മുഖത്തടിച്ച 'സ്ലാപ്‌ഗേറ്റ്' വിവാദം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പുകയുന്നു

MediaOne Logo
S Sreesanth ends all ties with Harbhajan Singh
X

കൊച്ചി: 2008ലെ ഐപിഎല്‍ മത്സരത്തില്‍ ഹര്‍ഭജന്‍ സിങ് മലയാളി താരം എസ്. ശ്രീശാന്തിനെ മുഖത്തടിച്ച 'സ്ലാപ്‌ഗേറ്റ്' വിവാദം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പുകയുന്നു. ഹര്‍ഭജന്‍ സിങ്ങിനെതിരെ തുറന്നടിച്ച് ശ്രീശാന്ത് രംഗത്തെത്തിയിരിക്കുകയാണ്. തന്നെ തല്ലിയ സംഭവം ഹര്‍ഭജന്‍ സിങ് ഒരു പരസ്യത്തിനായി ഉപയോഗിച്ചതാണ് ശ്രീശാന്തിനെ ചൊടിപ്പിച്ചത്. ഹര്‍ഭജന്‍ സിങ് മാന്യനായി അഭിനയിക്കുകയാണെന്നും ഇന്‍സ്റ്റാഗ്രാമില്‍ ബ്ലോക്ക് ചെയ്തതായും അദ്ദേഹവുമായി ഇനി യാതൊരു ബന്ധവുമില്ലെന്നും ശ്രീശാന്ത് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. വിവാദത്തെ തമാശയാക്കി ഹര്‍ഭജന്‍ അഭിനയിച്ച ഒരു ടെലിവിഷന്‍ പരസ്യം സഹിക്കാവുന്നതിലും അപ്പുറമാണെന്നും ശ്രീശാന്ത് പറഞ്ഞു.

'ഞങ്ങള്‍ തമ്മില്‍ അടുത്തിടെ വരെ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ ആ സംഭവത്തെക്കുറിച്ച് അദ്ദേഹം വീണ്ടും ഒരു പരസ്യം ചെയ്തു. ഏകദേശം ഒരു കോടിയോളം രൂപ അദ്ദേഹം അതിലൂടെ സമ്പാദിച്ചു. എന്നിട്ട് എന്നെ വിളിച്ച് ആ പരസ്യം സോഷ്യല്‍ മീഡിയയില്‍ സ്റ്റോറിയായി ഇടാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഞാന്‍ ക്ഷമിക്കും, പക്ഷേ ഒരിക്കലും മറക്കില്ല. ഒരാള്‍ നിങ്ങളോട് തെറ്റ് ചെയ്താല്‍ ക്ഷമിക്കണം, പക്ഷേ അത് മറക്കരുത്. മറന്നാല്‍ അവര്‍ അത് ആവര്‍ത്തിക്കും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അദ്ദേഹം. അതില്‍ സംശയമില്ല' -ശ്രീശാന്ത് പറഞ്ഞു.

'ഞാനും പുള്ളിയുമായിട്ട് ഒരു ബന്ധവും ഇല്ല. ഞാന്‍ എപ്പോഴും ഒരു ബ്രദര്‍ ആണ് എന്നൊക്കെ പറയുമായിരുന്നു. ആയിരുന്നു. ഞാന്‍ ഇപ്പോള്‍ എന്റെ ഇന്‍സ്റ്റയില്‍ വരെ പുള്ളിയെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. കാരണം എന്റെ അച്ഛനും അമ്മയും പഠിപ്പിച്ചത് പൊറുക്കാനാണ്. അദ്ദേഹത്തിനെതിരെ എനിക്ക് ഒരു പരാതിയും ഇല്ല. എനിക്ക് അദ്ദേഹത്തിന്റെ ആവശ്യവുമില്ല. അശ്വിനോടൊപ്പമുള്ളതടക്കം പല അഭിമുഖങ്ങളിലും അദ്ദേഹം എന്റെ മകളെക്കുറിച്ച് സംസാരിച്ചു. ഓ, അദ്ദേഹം എത്ര നല്ല വ്യക്തിയാണെന്ന് ആളുകള്‍ ചിന്തിക്കും. അദ്ദേഹം ഒരു നല്ല വ്യക്തിയായിരിക്കാം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ഇന്ത്യക്കായി കളിച്ച കാലം മുതല്‍ ഇപ്പോള്‍ വരെ, എന്റെ അഭിപ്രായത്തില്‍ അതെല്ലാം വെറും അഭിനയമാണ്. ആ അഭിനയം അംഗീകരിക്കുന്നില്ല' -ശ്രീശാന്ത് വ്യക്തമാക്കി.

2008 ഏപ്രിലില്‍ മുംബൈ ഇന്ത്യന്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തിന് ശേഷം കൈകൊടുക്കുന്നതിനിടെ ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്തടിക്കുകയായിരുന്നു. ഗ്രൗണ്ടില്‍ വെച്ച് ശ്രീശാന്ത് പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ അന്ന് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ഹര്‍ഭജനെ ആ ഐപിഎല്‍ സീസണില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ശ്രീശാന്തിനോട് ചെയ്തത് തെറ്റാണെന്നും താന്‍ 200 തവണയെങ്കിലും മാപ്പ് പറഞ്ഞിട്ടുണ്ടാകുമെന്നും ഹര്‍ഭജന്‍ മുമ്പ് പറഞ്ഞിരുന്നു. പരസ്പരം കെട്ടിപ്പിടിച്ചും ഒന്നിച്ച് പരസ്യങ്ങളില്‍ അഭിനയിച്ചും വിവാദം അവസാനിച്ചു എന്ന് കരുതിയിരിക്കുമ്പോഴാണ് തല്ല് പ്രമേയമായ പുതിയ പരസ്യം വീണ്ടും പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നത്.

ഒരു പ്രമുഖ റീട്ടെയില്‍ സ്ഥാപനത്തിന് വേണ്ടി ഹര്‍ഭജന്‍ ചെയ്ത പരസ്യമാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് കാരണം. ഇലക്ട്രോണിക് ഉപകരണങ്ങള്‍ നന്നാക്കാന്‍ ശരിയായി ഒന്നു തല്ലിയാല്‍ മതി, എല്ലാം ശരിയാകും എന്ന് ഹര്‍ഭജന്‍ പരസ്യത്തില്‍ പറയുന്നുണ്ട്. കൈ 45 ഡിഗ്രി ആംഗിളില്‍ വെച്ച് തല്ലുന്ന രീതി അദ്ദേഹം വിശദീകരിക്കുന്നു. ശ്രീശാന്തിനെ അനുസ്മരിപ്പിക്കും വിധം ഹെഡ്ബാന്‍ഡ് ധരിച്ച ഒരാളെ ശ്രീമാന്‍ എന്ന് വിളിക്കുന്നതും പരസ്യത്തിലുണ്ട്.

TAGS :

Next Story