Quantcast

'റെയ്ഡ് വന്നപ്പോൾ ബിജെപിയിൽ, ഇപ്പോൾ മുഖ്യമന്ത്രി...'; സുവേന്ദുവിനെതിരെ പരിഹാസവുമായി സഞ്ജയ് റാവത്ത്

അഴിമതിയാരോപണങ്ങളോ കേന്ദ്ര ഏജൻസി നടപടികളോ നേരിടുന്ന പ്രതിപക്ഷാംഗങ്ങളെ പാർട്ടിയിലെടുക്കുകയും പരിശുദ്ധനായി വാഴ്ത്തുകയും ചെയ്യുന്ന ഒരു പാറ്റേൺ ബിജെപി നിർമിച്ചിട്ടുണ്ടെന്നും റാവത്ത്

MediaOne Logo
റെയ്ഡ് വന്നപ്പോൾ ബിജെപിയിൽ, ഇപ്പോൾ മുഖ്യമന്ത്രി...; സുവേന്ദുവിനെതിരെ പരിഹാസവുമായി സഞ്ജയ് റാവത്ത്
X

കൊൽക്കത്ത: ബംഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ശിവസേന(യുബിടി) എംപി സഞ്ജയ് റാവത്ത്. സുവേന്ദു അധികാരി നടത്തിയ അഴിമതിക്കുള്ള പ്രതിഫലമാണ് മുഖ്യമന്ത്രിസ്ഥാനമെന്നും ബിജെപിയുടേത് വാഷിങ് മെഷീൻ പൊളിറ്റിക്സാണെന്നും സഞ്ജയ് റാവത്ത് വിമർശിച്ചു. 2014-ലെ നാരദ സ്റ്റിങ് ഓപ്പറേഷൻ ചൂണ്ടിക്കാട്ടിയായിരുന്നു സഞ്ജയ് റാവത്തിന്‍റെ ആരോപണം.

പശ്ചിമ ബംഗാളിലെ മമത ബാനർജിയുടെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപിക്ക് ജയം സമ്മാനിച്ച സുവേന്ദു, ബിജെപി നേതാക്കളിൽ നിന്ന് പണം കൈപ്പറ്റിയ തൃണമൂൽ നേതാക്കളിലൊരാലാണെന്ന് തെഹൽക ജേണലിസ്റ്റിന്‍റെ ഓപ്പറേഷനിൽ തെളിഞ്ഞിരുന്നെന്ന് റാവത്ത് ആരോപിച്ചു. '2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപി അതിശക്തമായി ഉയർത്തിക്കാട്ടിയ വീഡിയോ ആയിരുന്നു അത്. എന്നാൽ, സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നതോടെ എല്ലാം മാറി. ഔദ്യോഗിക ചാനലുകളിൽ നിന്നെല്ലാം ആ വീഡിയോ ബിജെപി നേതാക്കൾ ഇടപെട്ട് നീക്കം ചെയ്യുകയായിരുന്നു'. റാവത്ത് വെളിപ്പെടുത്തി.

'അന്ന് ആരോപണവിധേയനായ അതേ മനുഷ്യൻ തന്നെയാണ് ഇന്ന് മുഖ്യമന്ത്രി പദത്തിലെത്തിയിരിക്കുന്നത്. അയാളെ മുന്നിൽ നിർത്തി ബിജെപി ആഘോഷിക്കുകയാണ്. ഇതിലെന്ത് മാതൃകയാണുള്ളത്? ഇതിലെന്ത് ധാർമികതയാണുള്ളത്?' റാവത്ത് ചോദിച്ചു. അഴിമതിയാരോപണങ്ങളോ കേന്ദ്ര ഏജൻസി നടപടികളോ നേരിടുന്ന പ്രതിപക്ഷാംഗങ്ങളെ പാർട്ടിയിലെടുക്കുകയും പരിശുദ്ധനായി വാഴ്ത്തുകയും ചെയ്യുന്ന ഒരു പാറ്റേൺ ബിജെപി നിർമിച്ചിട്ടുണ്ടെന്നും റാവത്ത് കുറ്റപ്പെടുത്തി.

'ഇഡിയുടേയോ മറ്റ് ഏജൻസികളുടേയോ നടപടി നേരിടുകയായിരുന്നു സുവേന്ദുവും. റെയ്ഡ് ആരംഭിച്ചതിന് പിന്നാലെ അയാൾ ബിജെപിയിലേക്ക് പോയി. ഇപ്പോൾ മുഖ്യമന്ത്രി ആയിരിക്കുകയാണ്. ബിജെപിക്കകത്തെ വാഷിങ് മെഷീനിൽ പരിശുദ്ധനാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് അദ്ദേഹം. എന്നാൽ, ഇതേവരെ പരിശുദ്ധനാക്കപ്പെട്ടിട്ടില്ലെന്നതാണ് യാഥാർത്ഥ്യം'. അദ്ദേഹം കൂട്ടിച്ചേർത്തു.

മമത മന്ത്രിസഭയിലെ ഗതാഗത മന്ത്രിസ്ഥാനം രാജിവെച്ച് 2020 ഡിസംബർ 19-നാണ് സുവേന്ദു അധികാരി ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്. ഏറെക്കാലം തൃണമൂൽ പ്രവർത്തകനായിരുന്ന സുവേന്ദുവിന്‍റെ കൂറുമാറ്റം തൃണമൂലിനെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയായിരുന്നു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്‍റെ മുൻ സഹപ്രവർത്തകയായിരുന്ന മമത ബാനർജിക്കെതിരെ നന്ദിഗ്രാമിൽ മത്സരിച്ച് വിജയിച്ചിരുന്നു. പിന്നാലെ, 2026-ലെ തെരഞ്ഞെടുപ്പിലും മമതയെ അവരുടെ മണ്ഡലമായ ഭവാനീപൂരിൽ സുവേന്ദു പരാജയപ്പെടുത്തുകയുണ്ടായി. പിന്നാലെയാണ് സുവേന്ദു അധികാരി ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്.

TAGS :

Next Story