എൻസിപി ലയന ചർച്ചകളെക്കുറിച്ച് പറയാൻ ഫഡ്‌നാവിസിന് എന്ത് അധികാരം? രൂക്ഷപ്രതികരണവുമായി ശരത് പവാർ
ലയന ചർച്ചകൾ നടന്നത് അജിത് പവാറും ജയന്ത് പാട്ടീലും( ശരത് പവാര്‍ വിഭാഗം നേതാവ്) തമ്മിലാണെന്നും അല്ലാതെ ഫഡ്‌നാവിസുമായിട്ടല്ലെന്നും ശരത് പവാര്‍

- Published:
4 Feb 2026 4:22 PM IST

മുംബൈ: മഹാരാഷ്ട്രയിലെ എന്‍സിപി പാര്‍ട്ടികളുടെ ലയനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വാദങ്ങളെ തള്ളി ശരത് പവാര്‍. ലയന ചർച്ചകളിൽ ഫഡ്‌നാവിസിന് യാതൊരു പങ്കുമില്ലെന്നും അതുകൊണ്ട് ലയനം സംബന്ധിച്ച് പ്രതികരിക്കാൻ അദ്ദേഹത്തിന് അവകാശമില്ലെന്നും ശരത് പവാർ വ്യക്തമാക്കി.
ലയന ചർച്ചകൾ ശരിക്കും നടക്കുന്നുണ്ടായിരുന്നെങ്കിൽ അജിത് പവാർ ആ വിവരങ്ങൾ തന്നോട് പങ്കുവെക്കുമായിരുന്നു എന്നാണ് ഫഡ്നാവിസ് പറഞ്ഞിരുന്നത്.
ലയന ചർച്ചകൾ നടന്നത് അജിത് പവാറും ജയന്ത് പാട്ടീലും( ശരത് പവാര്‍ വിഭാഗം നേതാവ്) തമ്മിലാണെന്നും അല്ലാതെ ഫഡ്‌നാവിസുമായിട്ടല്ലെന്നും ശരത് പവാര്‍ വ്യക്തമാക്കി. ബാരാമതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിൽ ശരത് പവാര്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
"എന്റെ പേര് പരാമർശിക്കാൻ അദ്ദേഹത്തിന്(ഫഡ്നാവിസിന്) എന്ത് അവകാശമാണുള്ളതെന്ന് മനസ്സിലാകുന്നില്ല. ലയന ചർച്ചകളിൽ ഒരിടത്തും അദ്ദേഹം ഉണ്ടായിരുന്നില്ല, അതിനാൽ തന്നെ ലയനത്തെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹത്തിന് അവകാശമില്ല. കുടുംബത്തിലുണ്ടായ നഷ്ടത്തില്‍ വേദനിച്ചിരിക്കുകയാണ് ഞങ്ങള്‍, അതിലാണ് ഞങ്ങളുടെ പൂർണ്ണ ശ്രദ്ധ. ഈ സാഹചര്യത്തിൽ രാഷ്ട്രീയപരമായ തീരുമാനങ്ങളെക്കുറിച്ച് യാതൊരുവിധ ചർച്ചകളും നടക്കുന്നില്ല''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശരത് പവാർ നയിക്കുന്ന വിഭാഗവും അദ്ദേഹത്തിന്റെ അനന്തരവൻ അജിത് പവാർ നയിച്ചിരുന്ന വിഭാഗവും തമ്മിലുള്ള ലയനമാണ് സംസ്ഥാനത്ത് ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത്. ഏറെക്കുറെ മുന്നാട്ടുപോയിരുന്ന ചര്‍ച്ചകള്‍ അജിത് പവാറിന്റെ ദാരുണമായ വിമാനാപകട മരണത്തോടെ നിലച്ച മട്ടാണ്.
Adjust Story Font
16
