Quantcast

ബിജെപിയെ തളയ്ക്കാൻ ഷിൻഡേ വിഭാഗവും രാജ് താക്കറെയും ഒന്നിക്കുന്നു; കല്യാൺ-ഡോംബിവ്‌ലി കോർപറേഷനിൽ സഖ്യം

ഏകനാഥ് ഷിൻഡേയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിൻഡേയാണ് എംഎൻഎസുമായുള്ള സഖ്യചർച്ചകൾ നേതൃത്വം നൽകിയത്

MediaOne Logo
ബിജെപിയെ തളയ്ക്കാൻ ഷിൻഡേ വിഭാഗവും രാജ് താക്കറെയും ഒന്നിക്കുന്നു; കല്യാൺ-ഡോംബിവ്‌ലി കോർപറേഷനിൽ സഖ്യം
X

മുംബൈ: കോർപറേഷൻ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ വലിയ പൊളിറ്റിക്കൽ ട്വിസ്റ്റുകൾക്കാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിക്കുന്നത്. പുതിയ വാർത്തകൾ പ്രകാരം കല്യാൺ-ഡോംബിവ്‌ലി കോർപറേഷൻ മേയർ സ്ഥാനത്ത് നിന്ന് ബിജെപിയെ മാറ്റി നിർത്താൻ ശിവസേന ഷിൻഡേ വിഭാഗവും രാജ് താക്കറെയുടെ മഹാരാഷ്ട്ര നവ നിർമ്മാൺ സേനയും ഒന്നിച്ചേക്കും എന്ന രീതിയിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്.

കല്യാൺ- ഡോംബിവ്‌ലി മുനിസിപ്പൽ കോർപറേഷനിൽ 122 അംഗങ്ങളാണ് ഉള്ളത്. ഫലം വന്നപ്പോൾ ആർക്കും ഭൂരിപക്ഷമില്ല. 53 സീറ്റ് നേടിയ ശിവസേന ഷിൻഡേ വിഭാഗമാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 50 സീറ്റ് നേടിയ ബിജെപിയാണ് കക്ഷി നിലയിൽ രണ്ടാമത്. ഉദ്ധവ് താക്കറെയുടെ ശിവസേനക്ക് 11 സീറ്റുകളും മഹാരാഷ്ട്ര നവ നിർമാൺ സേനക്ക് 5 സീറ്റുകളുമാണ് ഉള്ളത്. ഷിൻഡേ വിഭാഗത്തിന്റെ ശക്തികേന്ദ്രമാണ് ഇവിടം. മികച്ച പ്രകടനം പുറത്തെടുത്ത ബിജെപി രണ്ട് വർഷത്തേക്ക് മേയർ സ്ഥാനം ആവശ്യപ്പെട്ടതാണ് ഷിൻഡേ വിഭാഗത്തിനെ ചൊടിപ്പിച്ചത്. കോർപറേഷനിൽ ബിജെപി മേയർ വന്നാൽ പ്രദേശത്തുള്ള തങ്ങളുടെ രാഷ്ട്രീയ മേൽക്കൈ നഷ്ടപ്പെടും എന്ന ആശങ്കയാണ് എംഎൻഎസുമായി കൂടാൻ ഷിൻഡേ വിഭാഗത്തെ പ്രേരിപ്പിക്കുന്നത്. സംസ്ഥാനത്ത് മഹായുതിയുടെ ഭാഗമാണ് ബിജെപിയും ശിവസേന ഷിൻഡേ വിഭാഗവും.

ഏകനാഥ് ഷിൻഡേയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിൻഡേയാണ് എംഎൻഎസുമായുള്ള സഖ്യചർച്ചകൾ നേതൃത്വം നൽകുന്നത്. ബുധനഴ്ച കൊങ്കൺ ഭവനിൽ നടന്ന ഉന്നത തല യോഗത്തിന് ശേഷമാണ് പുതിയ സഖ്യം പ്രഖ്യാപിച്ചത്. 53 അംഗങ്ങളുള്ള ഷിൻഡേ വിഭാഗവും അഞ്ച് അംഗങ്ങളുള്ള എംഎൻഎസും ചേരുന്നതോടെ സഖ്യത്തിന്റെ അംഗബലം 58 ആവും. കേവല ഭൂരിപക്ഷത്തിന് നാല് സീറ്റ് കൂടി വേണം. ഉദ്ധവ് താക്കറെ പക്ഷത്തെ നാല് കൗൺസിലർമാർ തങ്ങളെ പിന്തുണക്കുമെന്ന പ്രതീക്ഷയും ഇവർ പങ്കുവെക്കുന്നുണ്ട്.

രാജ്യത്തെ ഏറ്റവും സമ്പന്ന കോർപറേഷനുകളിൽ ഒന്നായ ബിഎംസിയിലും അനിശ്ചിതത്വം തുടരുകയാണ്. ബിജെപി-ഷിൻഡേ സഖ്യം ഭൂരിപക്ഷം നേടിയിട്ടുണ്ടെങ്കിലും മേയർ പദവിയെ ചൊല്ലിയുള്ള തർക്കം തുടരുകയാണ്. കൗൺസിലർമാരെ ചാക്കിട്ടുപിടിക്കുമോ എന്ന ഭയത്താൽ ഷിൻഡെ തന്റെ പാർട്ടിയിലെ 29 കൗൺസിലർമാരെ കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റിയിരുന്നു.

കഴിഞ്ഞ മാസം നടന്ന അംബർനാഥ്, അകോല മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ സമാനമായ രീതിയിൽ വിചിത്ര സഖ്യങ്ങൾ രൂപപ്പെട്ടിരുന്നു. അംബർനാഥിൽ ബിജെപി കോൺഗ്രസ് സംഖ്യമാണ് രൂപപ്പെട്ടത്. അകോലയിൽ അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മുമായി ബിജെപി സഖ്യമുണ്ടാക്കിയിരുന്നു. എന്നാൽ, ഇത്തരത്തിലുള്ള പ്രാദേശിക സഖ്യങ്ങൾക്കെതിരെ പാർട്ടി നേതൃത്വങ്ങൾ നിലവിൽ വന്നിരുന്നു.

TAGS :

Next Story