പാർട്ടിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയെന്ന് ആരോപണം; മംഗളൂരുവിൽ കോൺഗ്രസ് നേതാക്കൾക്ക് കാരണംകാണിക്കൽ നോട്ടീസ്
ദക്ഷിണ കന്നട ജില്ലാ കോൺഗ്രസ് കമ്മിറ്റി ന്യൂനപക്ഷ വിഭാഗം പ്രസിഡന്റ് കെ.കെ ഷാഹുൽ ഹമീദ്, മുൻ മംഗളൂരു മേയർ കെ. അഷ്‌റഫ് എന്നിവരോടാണ് വിശദീകരണം തേടിയത്.

മംഗളൂരു: പാർട്ടിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയെന്ന ആരോപണത്തിൽ മംഗളൂരുവിലെ കോൺഗ്രസ് നേതാക്കൾക്ക് കാരണംകാണിക്കൽ നോട്ടീസ്. ദക്ഷിണ കന്നട ജില്ലാ കോൺഗ്രസ് കമ്മിറ്റി ന്യൂനപക്ഷ വിഭാഗം പ്രസിഡന്റ് കെ.കെ ഷാഹുൽ ഹമീദ്, മുൻ മംഗളൂരു മേയർ കെ. അഷ്‌റഫ് എന്നിവരോടാണ് വിശദീകരണം തേടിയത്. അബ്ദുറഹ്മാൻ കൊലപാതക കേസിൽ സംസ്ഥാന സർക്കാരിന്റെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിച്ച് പാർട്ടി സ്ഥാനങ്ങളിൽ നിന്ന് രാജിവെക്കാനുള്ള ഇവരുടെ തീരുമാനം ദേശീയ തലത്തിൽ കോൺഗ്രസിന് നാണക്കേടുണ്ടാക്കിയതായി ഡിസിസി ജനറൽ സെക്രട്ടറി വികാസ് ഷെട്ടി കാരണംകാണിക്കൽ നോട്ടീസിൽ പറഞ്ഞു.
ഈ വിഷയം പരിഹരിക്കുന്നതിലും നീതിയും സുരക്ഷയും ഉറപ്പാക്കുന്നതിലും കോൺഗ്രസിന്റെയും സംസ്ഥാന സർക്കാരിന്റെയും ശ്രമങ്ങളെക്കുറിച്ച് സമൂഹത്തിന് ഉറപ്പുനൽകുകയാണ് നേതാക്കൾ ചെയ്യേണ്ടിയിരുന്നത്. എംഎൽസിമാരായ മഞ്ജുനാഥ ഭണ്ഡാരി, ഐവാൻ ഡിസൂസ എന്നിവരുൾപ്പെടെയുള്ള മുതിർന്ന പാർട്ടി നേതാക്കൾ മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രി സമീർ അഹമ്മദ് ഖാൻ, മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറി നസീർ അഹമ്മദ്, മുതിർന്ന നേതാവ് ബി.കെ ഹരിപ്രസാദ് എന്നിവരുമായി ദക്ഷിണ കന്നടയിലെ മുസ്‌ലിം സമൂഹത്തിന്റെ പരാതികൾ പരിഹരിക്കുന്നതിനായി ആശയവിനിമയം നടത്തിയതായി ഹമീദിനുള്ള നോട്ടീസിൽ പറയുന്നു.
പ്രതിഷേധങ്ങളിൽ നിന്നും രാജിയിൽ നിന്നും വിട്ടുനിൽക്കാൻ ഈ നേതാക്കളുടെ ഉറപ്പുകളും നിർദേശങ്ങളും ഉണ്ടായിരുന്നിട്ടും ഹമീദ് തന്റെ നടപടികളുമായി മുന്നോട്ടുപോവുകയാണ് ചെയ്തത്. അഷ്‌റഫാവട്ടെ ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവുവിനെ സന്ദർശിക്കരുതെന്ന് സമുദായാംഗങ്ങളെ ഉപദേശിക്കുന്ന പരസ്യ പ്രസ്താവനകൾ നടത്തുകയായിരുന്നു. മന്ത്രിയെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തിയതായും ആക്ഷേപമുണ്ട്. മന്ത്രി മുതിർന്ന പാർട്ടി നേതാവ് മാത്രമല്ല, ഉത്തരവാദിത്തമുള്ള സർക്കാർ പ്രതിനിധി കൂടിയാണെന്ന് നോട്ടീസിൽ പറയുന്നു.
രണ്ട് നേതാക്കളുടെയും പ്രവൃത്തികളും പ്രസ്താവനകളും പാർട്ടി അച്ചടക്ക ലംഘനമാണെന്ന് ഷെട്ടി ചൂണ്ടിക്കാട്ടി. ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും പ്രതികരിക്കുന്നതിൽ പരാജയപ്പെടുന്നത് അച്ചടക്ക നടപടിക്ക് കാരണമാകുമെന്നും നോട്ടീസിൽ പറയുന്നുണ്ട്.
Adjust Story Font
16

