രാജിക്കത്ത് നൽകിയതിന് പിന്നാലെ രാഹുൽ ഗാന്ധിയെ കണ്ട് സിദ്ധരാമയ്യ; കൈമാറിയ കത്തിലെ ആവശ്യങ്ങൾ എന്തൊക്കെ ?
രാജ്യസഭ സീറ്റ് വാഗ്ദാനം സിദ്ധരാമയ്യ നിരസിച്ചിരുന്നു; ദേശിയ രാഷ്ട്രീയം താൽപര്യമില്ലെന്നാണ് രാജിക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

- Published:
29 May 2026 3:44 PM IST

ന്യുഡൽഹി: രാജിക്കത്ത് നൽകിയതിന് പിന്നാലെ ഡൽഹിയിലെത്തിയ സിദ്ധരാമയ്യ രാഹുൽഗാന്ധിയേയും എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. തന്റെ ആവശ്യങ്ങളുടെ പട്ടിക ഇരുവർക്ക് മുന്നിലും അവതരിപ്പിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പ്രധാന ആവശ്യം ഡി.കെ ശിവകുമാർ മന്ത്രിസഭയിലെ വകുപ്പുകൾ സംബന്ധിച്ചാണ്.
മകൻ യതീന്ദ്രക്ക് മന്ത്രിസഭയിൽ പ്രധാനപ്പെട്ടൊരു വകുപ്പ് വേണമെന്നാണ് സിദ്ധരാമയ്യയുടെ പ്രധാന ആവശ്യം. മുമ്പ് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടേക്കും എന്ന രീതിയിൽ വാർത്തവന്നിരുന്നു. എന്നാൽ, ഉപമുഖ്യമന്ത്രി പദമല്ല പ്രധാനപ്പെട്ട ഒരു വകുപ്പാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. മറ്റൊരു പ്രധാന ആവശ്യം എംഎൽസി, രാജ്യ സഭ സീറ്റുകൾ സംബന്ധിച്ചാണ്. തന്റെ കൂടെയുള്ള നേതാക്കളെ പരമാവധി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം. ഇവരുടെ പട്ടികയും കൈമാറിയിട്ടുണ്ടെന്നാണ് സൂചന.
മറ്റൊന്ന് മന്ത്രി സഭയിൽ തന്റെ അനുയായികൾക്ക് കൃത്യമായ പ്രാതിനിധ്യം ഉറപ്പിക്കലാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ഉറച്ചു നിന്ന നേതാക്കളെ മന്ത്രി സഭയിൽ എത്തിക്കാനുള്ള ആവശ്യവും സിദ്ധരാമയ്യ ഉന്നയിച്ചിട്ടുണ്ട്. മെഡിക്കൽ എജ്യുക്കേഷൻ, പിന്നോക്ക ക്ഷേമവകുപ്പ്, ജലവിഭവ വകുപ്പ് എന്നിവയിലേതെങ്കിലും ഒന്നും യതീന്ദ്രക്ക് വേണ്ടി ആവശ്യപ്പെട്ടു എന്നാണ് പുറത്തുവരുന്ന സൂചനകൾ.
ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന മാരത്തൺ ചർച്ചകളുടെ ഭാഗമായാണ് കർണാടകയിൽ മുഖ്യമന്ത്രി മാറ്റത്തിന് സിദ്ധരാമയ്യ സമ്മതം മൂളിയത്. പകരം രാജ്യസഭ സീറ്റാണ് സിദ്ധരാമയ്യക്ക് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, മുഖ്യമന്ത്രി പദം ഒഴിഞ്ഞെങ്കിലും രാജ്യ സീറ്റ് എന്ന വാഗ്ദാനം സിദ്ധരാമയ്യ സ്വീകരിച്ചിട്ടില്ല. വ്യാഴാഴ്ച രാജി നൽകിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും സിദ്ധരാമയ്യ പറഞ്ഞത് അതാണ്. താൻ രാജിവെക്കുന്നു. രാഷ്ട്രീയത്തിൽ തുടർന്നും സജീവമായിട്ടുണ്ടാവും. ദേശിയ രാഷ്ട്രീയത്തിൽ താൽപര്യമില്ല എന്നായിരുന്നു സിദ്ധരാമയ്യയുടെ വാക്കുകൾ.
Adjust Story Font
16
