Quantcast

'മറ്റൊന്നും ചോദിക്കാനില്ലെ? കര്‍ണാടകയിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ സിദ്ധരാമയ്യ

ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ അടുത്ത മുഖ്യമന്ത്രിയാകണമെന്ന് അദ്ദേഹത്തിന്റെ അനുയായികൾ രഹസ്യമായും ചിലപ്പോഴൊക്കെ പരസ്യമായും ആവശ്യപ്പെടുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2025-11-03 09:09:10.0

Published:

3 Nov 2025 2:36 PM IST

മറ്റൊന്നും ചോദിക്കാനില്ലെ? കര്‍ണാടകയിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ സിദ്ധരാമയ്യ
X

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ Photo-PTI

ബംഗളൂരു: കർണാടകയിൽ നേതൃമാറ്റത്തിന് സാധ്യതയുണ്ടോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. നിങ്ങൾക്ക് മറ്റൊന്നും ചോദിക്കാനില്ലേയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

'നിങ്ങൾക്ക് മറ്റൊന്നും ചോദിക്കാനില്ലേ? ആളുകൾ എന്ത് വേണമെങ്കിലും സംസാരിക്കട്ടെ, നേതൃമാറ്റമൊക്കെ ഹൈക്കമാന്‍ഡ് തീരുമാനിക്കുന്നതാണ്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ നേതൃമാറ്റത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ?" അദ്ദേഹം റിപ്പോർട്ടറോട് ചോദിച്ചു. അതേസമയം ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് ഹൈക്കമാൻഡുമായി സംസാരിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.

ഈ മാസം അവസാനം കോൺഗ്രസ് സർക്കാർ അഞ്ച് വർഷ കാലാവധിയുടെ പകുതി പൂർത്തിയാക്കുമ്പോൾ കർണാടകയിൽ നേതൃമാറ്റമുണ്ടാകുമെന്ന് അഭ്യൂഹങ്ങൾ സജീവാണ്. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ അടുത്ത മുഖ്യമന്ത്രിയാകണമെന്ന് അദ്ദേഹത്തിന്റെ അനുയായികൾ രഹസ്യമായും ചിലപ്പോഴൊക്കെ പരസ്യമായും ആവശ്യപ്പെടുന്നുണ്ട്. 2023ല്‍ കർണാടകയില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ കടുത്ത മത്സരം നടന്നിരുന്നു.

ഒടുവില്‍ സിദ്ധരാമയ്യയാണ് മുഖ്യമന്ത്രിയായത്. തുടർന്ന് കോൺഗ്രസ്, ശിവകുമാറിനെ ഉപമുഖ്യമന്ത്രി സ്ഥാനം ഏല്‍പ്പിക്കുകയായിരുന്നു. രണ്ടര വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി മാറുമെന്ന് അന്ന് വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ അഞ്ച് വർഷവും താൻ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നാണ് സിദ്ധരാമയ്യ അടുത്തിടെയും വ്യക്തമാക്കിയത്. അതേസമയം സംസ്ഥാന സർക്കാരിനുള്ളിൽ അഭിപ്രായ വ്യത്യാസമില്ലെന്നും ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. മാധ്യമങ്ങളോ മറ്റു ആളുകളോ ഇപ്പോഴൊരു നേതാവിനെ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

TAGS :

Next Story