Quantcast

അമിതവേഗതയ്ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും ലഭിച്ചത് എഴ് നോട്ടീസുകള്‍; മുഖ്യമന്ത്രിയെക്കൊണ്ട് പിഴയടപ്പിച്ച് കര്‍ണാടക പൊലീസ്

ഫോര്‍ച്യൂണറിന്റെ മുന്‍ സീറ്റില്‍ സിദ്ധരാമയ്യ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ സഹിതമാണ് നോട്ടീസ് അയച്ചിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    6 Sept 2025 12:42 PM IST

അമിതവേഗതയ്ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും ലഭിച്ചത് എഴ് നോട്ടീസുകള്‍; മുഖ്യമന്ത്രിയെക്കൊണ്ട് പിഴയടപ്പിച്ച് കര്‍ണാടക പൊലീസ്
X

ബം​ഗളൂരു: കർണാടകയിൽ ഗതാഗത നിയമം ലംഘിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിഴ ചുമത്തി ട്രാഫിക് പൊലീസ്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും അമിതവേഗതയ്ക്കും ഏഴ് നോട്ടീസുകളാണ് ട്രാഫിക് പൊലീസ് മുഖ്യമന്ത്രിക്കയച്ചത്. നോട്ടീസ് കിട്ടിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് പിഴയടച്ചു.

കർണാടകയിൽ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കുടിശ്ശികയുള്ള കോടിക്കണക്കിന് രൂപ പിരിച്ചെടുക്കാൻ അടുത്തിടെ സർക്കാർ നടപടി തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് എഴ് തവണ ഗതാഗത നിയമങ്ങൾ ലംഘിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും പൊലീസ് നോട്ടീസ് അയച്ചത്.

സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തതിനാണ് ആറ് നോട്ടീസ്. ഔദ്യോഗിക വാഹനമായ ഫോർച്യൂണറിന്റെ മുൻ സീറ്റിൽ സിദ്ധരാമയ്യ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ചിത്രങ്ങൾ സഹിതമാണ് നോട്ടീസ് അയച്ചിട്ടുള്ളത്. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അമിതവേഗതയിൽ യാത്ര ചെയ്തതിനാണ് മറ്റൊരു നോട്ടീസ്.

സംഭവം ചിത്രങ്ങൾ സഹിതം പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ആരംഭിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചത്. 50 ശതമാനം പിഴത്തുക ഒഴിവാക്കിയിട്ടുള്ളതിനാൽ ഏഴ് നോട്ടീസുകൾക്കും കൂടി 2500 രൂപയാണ് അടച്ചത്. ട്രാഫിക് നിയമലംഘനങ്ങൾ വ്യാപകമായ ബംഗളുരുവിൽ കർശന നടപടികളുമായി മുന്നോട്ടു പോകാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.

TAGS :

Next Story