Quantcast

കർണാടകയിൽ മുസ്‌ലിം വോട്ടർമാരെ ഒഴിവാക്കാൻ പൂരിപ്പിച്ച ഫോം-7 വ്യാപകമായി വിതരണം ചെയ്‌തെന്ന് പരാതി

പേരുകൾ ഒഴിവാക്കാനുള്ള അപേക്ഷകളിൽ നിർബന്ധപൂർവം ഒപ്പുവെക്കാൻ ബെലഗാവി കോർപ്പറേഷൻ ജീവനക്കാരെന്ന വ്യാജേന എത്തിയ രണ്ട് യുവാക്കൾ തങ്ങളുടെമേൽ കടുത്ത സമ്മർദം ചെലുത്തിയതായി ബൂത്ത് ലെവൽ ഓഫീസർമാർ വെളിപ്പെടുത്തി

MediaOne Logo
കർണാടകയിൽ മുസ്‌ലിം വോട്ടർമാരെ ഒഴിവാക്കാൻ പൂരിപ്പിച്ച ഫോം-7 വ്യാപകമായി വിതരണം ചെയ്‌തെന്ന് പരാതി
X

ബെലഗാവി: കർണാടകയിലെ ബെലഗാവിയിൽ വോട്ടർപട്ടികയിൽ നിന്ന് മുസ്‌ലിം വോട്ടർമാരെ കൂട്ടത്തോടെ നീക്കം ചെയ്യാനായി വ്യാജ ഫോം-7 വ്യാപകമായി വിതരണം ചെയ്തതായി പരാതി. പേരുകൾ ഒഴിവാക്കാനുള്ള അപേക്ഷകളിൽ നിർബന്ധപൂർവം ഒപ്പുവെക്കാൻ രണ്ടുപേർ തങ്ങളുടെ മേൽ കടുത്ത സമ്മർദം ചെലുത്തിയതായി ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) വെളിപ്പെടുത്തി.

ബെലഗാവി നോർത്ത് നിയമസഭാ മണ്ഡലത്തിലെ ആറോളം പോളിങ് സ്റ്റേഷനുകളിലാണ് വോട്ടർമാരുടെ വിവരങ്ങൾ നേരത്തെ തന്നെ പ്രിന്റ് ചെയ്ത് തയ്യാറാക്കിയ ഫോം-7 അപേക്ഷകൾ എത്തിയത്. വീരഭദ്ര നഗറിലെ 194, 195, 196, 199 എന്നീ പോളിങ് ബൂത്തുകളിലും ഷെട്ടിഗലിയിലെ ഗവൺമെന്റ് കന്നഡ ഹയർ പ്രൈമറി സ്‌കൂളിലെ 209, 210 ബൂത്തുകളിലുമാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ബെലഗാവി കോർപ്പറേഷൻ ജീവനക്കാരെന്ന വ്യാജേന എത്തിയ രണ്ട് യുവാക്കളാണ് മുൻകൂട്ടി പ്രിന്റ് ചെയ്ത ഫോമുകളുമായി ബിഎൽഒമാരെ സമീപിച്ചത്. ഒഴിവാക്കേണ്ട മുസ്‌ലിം വോട്ടർമാരുടെ പൂർണ വിവരങ്ങൾ ഫോമുകളിൽ അച്ചടിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ആക്ഷേപം ഉന്നയിക്കുന്ന പരാതിക്കാരുടെ പേരുകൾ കൈപ്പടയിൽ എഴുതുകയോ ശൂന്യമായി വിടുകയോ ചെയ്ത നിലയിലായിരുന്നു.

ഉദ്യോഗസ്ഥന്റെ വ്യാജപേരിലും ഭീഷണി

അപേക്ഷകൾ ഉടൻ ഒപ്പിട്ടു നൽകണമെന്ന് യുവാക്കൾ ആവശ്യപ്പെട്ടെങ്കിലും വർഷങ്ങളായി പ്രദേശത്ത് താമസിക്കുന്ന വോട്ടർമാരാണെന്ന് ചൂണ്ടിക്കാട്ടി ബിഎൽഒമാർ ഒപ്പിടാൻ വിസമ്മതിച്ചു. ഇതോടെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ ഉദയകുമാർ ബസവന്തപ്പ തലവാർ ആണെന്ന് അവകാശപ്പെട്ട് ഒരാളെ ഫോണിൽ വിളിച്ച് ബിഎൽഒമാരോട് ഫോമുകളിൽ ഒപ്പിടാൻ ഇവർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, സംഭവത്തിൽ തന്റെ പേര് വ്യാജമായി ഉപയോഗിച്ചതാണെന്നും ആർക്കും ഇത്തരം നിർദേശങ്ങൾ നൽകിയിട്ടില്ലെന്നും ഇആർഒ ഉദയകുമാർ തലവാർ സ്ഥിരീകരിച്ചു.

ഭീഷണിയെത്തുടർന്ന് ചില ബിഎൽഒമാർ ഫോമുകളിൽ ഒപ്പുവെച്ചതായി പറഞ്ഞു. മറ്റു ചിലർ സൂപ്പർവൈസർമാരെയും അസിസ്റ്റന്റ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫിസർമാരെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.

ബിഎൽഎയുടെ പേരും ലിസ്റ്റിൽ

വീരഭദ്ര ഉർദു മോഡൽ സ്‌കൂളിലെ 196-ാം നമ്പർ ബൂത്ത് ലെവൽ ഏജന്റും സ്‌കൂൾ ചെയർമാനുമായ മീർസാബ് സനദി ഉച്ചഭക്ഷണത്തിന് ശേഷം എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. 15 വർഷമായി ബിഎൽഎ ആയി പ്രവർത്തിക്കുന്ന മീർസാബ് സനദിയുടെയും അദ്ദേഹത്തിന്റെ സഹോദരന്റെയും ബന്ധുക്കളുടെയും പേരുൾപ്പെടെ സ്‌കൂളിലെത്തിയ 380 അപേക്ഷകളിലും ഉൾപ്പെട്ടിരുന്നു. ഇതോടെ അദ്ദേഹം ഈ യുവാക്കളെ ചോദ്യം ചെയ്യുകയായിരുന്നു.

തുടർന്ന് ബെലഗാവി നോർത്ത് എംഎൽഎ ആസിഫ് സേട്ടിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നിയമസഭാ സമ്മേളനത്തിലായിരുന്നതിനാൽ ലഭ്യമായില്ല. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ മകനും കോൺഗ്രസ് പ്രവർത്തകനുമായ അമാൻ സേട്ടുമായി നാട്ടുകാർ ബന്ധപ്പെട്ടു.

പരാതിക്കാരറിയാതെ വിവരങ്ങൾ ദുരുപയോഗം ചെയ്തു

യുവാക്കളെ വിശദമായി ചോദ്യം ചെയ്തപ്പോൾ ഇവർ കോർപ്പറേഷൻ ജീവനക്കാരല്ലെന്നും ഡോ. രവി പാട്ടീൽ ആശുപത്രിയിൽ നിന്നുള്ളവരാണെന്നും പറഞ്ഞതായി അമാൻ സേട്ട് വ്യക്തമാക്കി. ഫോം-7ൽ പരാതിക്കാരായി പേര് നൽകിയിരുന്ന ആളുകളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പേരും വോട്ടർ ഐഡി വിവരങ്ങളും തങ്ങളുടേതാണെന്ന് അവർ സ്ഥിരീകരിച്ചെങ്കിലും ആർക്കുമെതിരെ പരാതി കൊടുക്കുകയോ ഫോം പൂരിപ്പിച്ചു നൽകുകയോ ചെയ്തിട്ടില്ലെന്നാണ് വ്യക്തമാക്കിയത്. ശശികാന്ത് യാദവ് എന്നയാളുടെ പേരിൽ ഇത്തരത്തിൽ നിരവധി ഫോമുകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഫോമുകൾ പൂരിപ്പിച്ചു നൽകിയിട്ടില്ലെന്ന് അദ്ദേഹവും വ്യക്തമാക്കി. ഒരു പോളിങ് ബൂത്തിൽ വിവരമറിഞ്ഞയുടൻ ഇടപെട്ട് ഫോമുകൾ പിടിച്ചെടുക്കാൻ സാധിച്ചെങ്കിലും മറ്റു ബൂത്തുകളിൽ ഇത് സാധിച്ചില്ലെന്ന് അമാൻ സേട്ട് പറഞ്ഞു.

തീയതി കഴിഞ്ഞിട്ടും കൂട്ട അപേക്ഷകൾ

ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 23-ന് അവസാനിച്ചിട്ടും ബൽക്കി അടക്കമുള്ള മേഖലകളിൽ മുസ്ലിം വോട്ടർമാരെ ലക്ഷ്യമിട്ട് ഫോം-7 അപേക്ഷകൾ സമർപ്പിക്കുന്നത് തുടരുകയാണ്. സെപ്റ്റംബർ 24നും 29നും ഇടയിൽ മാത്രം 1,131 അപേക്ഷകൾ ലഭിച്ചതിൽ 1,123 എണ്ണവും ഇത്തരത്തിൽ കൂട്ടമായി നൽകിയതാണെന്ന് ഫോം-10 റിപ്പോർട്ട് വ്യക്തമാക്കുന്നു. സമയപരിധി കഴിഞ്ഞു ലഭിച്ച അപേക്ഷകൾ ഒക്ടോബർ 27-ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷമേ പരിശോധിക്കൂ.

TAGS :

Next Story