'സാർ, എനിക്കൊന്ന് കാണാനാകുമോയെന്ന് മോദി ചോദിച്ചു'; വെളിപ്പെടുത്തലുമായി ട്രംപ്
ഇന്ത്യക്കേര്‍പ്പെടുത്തിയ താരിഫുകളിൽ മോദി അസന്തുഷ്ടനാണെന്നും ട്രംപ്

- Published:
7 Jan 2026 5:28 PM IST

വാഷിങ്ടണ്‍: ഇന്ത്യയുടെ പ്രതിരോധ-വ്യാപാര ആവശ്യങ്ങള്‍ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.
ഹൗസ് ജിഒപി മെമ്പർ റിട്രീറ്റിൽ സംസാരിക്കവെയാണ് മോദിയുമായുള്ള തന്‍റെ ബന്ധത്തെക്കുറിച്ച് ട്രംപ് പരാമർശിച്ചത്.
'അഞ്ചു വർഷമായി മുടങ്ങിക്കിടന്ന ഹെലികോപ്റ്റർ കൈമാറ്റവുമായി ബന്ധപ്പെട്ട് മോദി തന്നെ വ്യക്തിപരമായി സമീപിച്ചുവെന്നും 'സർ' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് തനിക്കൊന്ന് കാണാൻ പറ്റുമോ എന്ന് മോദി ചോദിച്ചതായും ട്രംപ് അവകാശപ്പെട്ടു. പ്രധാനമന്ത്രിയുമായി തനിക്ക് വളരെ മികച്ച ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നിരുന്നാലും ഇന്ത്യക്കേര്‍പ്പെടുത്തിയ താരിഫുകളിൽ മോദി അസന്തുഷ്ടനാണെന്നും ട്രംപ് പറഞ്ഞു. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഇന്ത്യ ഗണ്യമായി കുറച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ഇറക്കുമതി നികുതികൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, ഈ ഇനത്തിൽ രാജ്യത്തിന് 650 ബില്യൺ ഡോളറിലധികം വരുമാനം ലഭിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി താരിഫ് 50 ശതമാനമായി യുഎസ് വർധിപ്പിച്ചിരുന്നു.
Adjust Story Font
16
