കൈയിൽ സ്മാർട്ട്‌ഫോൺ, ടിവിയിൽ നെറ്റ്ഫ്ലിക്സ്: ഈ ജയിലിൽ തടവുകാർക്ക് എല്ലാമുണ്ട്; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
അതീവ സുരക്ഷാ മേഖലയായ ജയിലിനുള്ളിലേക്ക് മൊബൈൽ ഫോണുകൾ എങ്ങനെ കടത്തിവന്നു എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണത്തിനും അധികൃതർ ഉത്തരവിട്ടിട്ടുണ്ട്

ബംഗളൂരു: ബംഗളൂരുവിലെ ഒരു ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും ഉൾപ്പെടെയുള്ള ആഡംബര സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ ഡിജിപി സസ്‌പെൻഡ് ചെയ്തു. അതീവ സുരക്ഷാ മേഖലയായ ജയിലിനുള്ളിലേക്ക് മൊബൈൽ ഫോണുകൾ എങ്ങനെ കടത്തിവന്നു എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണത്തിനും അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.
ജയിലിലെ സെല്ലിലിരുന്ന് തടവുകാർ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതും ടിവിയിൽ നെറ്റ്ഫ്ലിക്സ് കാണുന്നതുമായ വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. 'കൂട്ടുകാരെ നോക്കൂ, ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു, ഇവർ ടിവിയിൽ നെറ്റ്ഫ്ലിക്സ് കാണുന്നു', 'നാളെയാണ് മത്സരം; ഈ സാല കപ്പ് നമ്‌ദെ' തുടങ്ങിയ കാര്യങ്ങൾ തടവുകാർ ഈ വീഡിയോയിൽ പറയുന്നത് വ്യക്തമായി കേൾക്കാം. ഐപിഎൽ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആരാധകർ ഉപയോഗിക്കുന്ന ജനപ്രിയ വാക്യമാണ് 'ഈ സാല കപ്പ് നമ്‌ദെ. ഇതിനുപുറമെ, ജയിൽ ഡിജിപി അലോക് കുമാറാണ് തങ്ങൾക്ക് ഫോണുകൾ നൽകിയതെന്നും, പണം നൽകിയാൽ ജയിലിൽ എന്തും ലഭിക്കുമെന്നും ഇവർ അവകാശപ്പെടുന്നു.
എന്നാൽ, തടവുകാരുടെ ഈ അവകാശവാദങ്ങൾ ഉന്നത ഉദ്യോഗസ്ഥനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ജയിൽ അധികൃതർ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൊലപാതക കേസിൽ ജയിലിൽ കഴിയുന്ന ദർശൻ, അഭി എന്നീ തടവുകാരാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ദൃശ്യങ്ങളിൽ കേൾക്കുന്നത് മറ്റൊരു തടവുകാരന്റെ ശബ്ദമാണെന്നും അധികൃതർ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്.
സംഭവം വിവാദമായതിന് പിന്നാലെ ജയിലിൽ അധികൃതർ കർശന പരിശോധന നടത്തി. ബാരക്ക് നമ്പർ 9ൽ നടത്തിയ തിരച്ചിലിൽ, ഉപയോഗിച്ച പാൽ കവറുകളിൽ പൊതിഞ്ഞ് ടോയ്‌ലറ്റ് പൈപ്പുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോണുകൾ കണ്ടെടുത്തു. തുടർന്ന്, സംഭവത്തിന് ഉത്തരവാദികളായ തടവുകാരെ നിലവിലെ സെല്ലുകളിൽ നിന്ന് പ്രത്യേക സെല്ലുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ജയിൽ പരിസരത്ത് ചിലയിടങ്ങളിൽ എയർടെൽ നെറ്റ്‌വർക്ക് സിഗ്നൽ സജീവമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന്, അത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ടെലികോം സേവനദാതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഫോണുകൾ ജയിലിലേക്ക് എത്തിയതിന്റെ ഉറവിടം കണ്ടെത്താനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനുമുള്ള അന്വേഷണം നിലവിൽ പുരോഗമിക്കുകയാണ്.
Adjust Story Font
16

