Quantcast

പോയി അർമാദിക്ക്... ജന്മദിനത്തിനും വിവാഹ വാർഷികത്തിനും പൊലീസുകാർക്ക് പ്രത്യേക അവധിയുമായി കർണാടക

പൊലീസുകാരുടെ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുകയും അവരുടെ മനോവീര്യം വർധിപ്പിക്കുകയുമാണ് ഇത്തരമൊരു അവധിയുടെ ലക്ഷ്യം.

MediaOne Logo
Special Leaves For Birthdays, Wedding Anniversaries For Karnataka Cops
X

ബം​ഗളൂരു: ജന്മദിനവും വിവാഹ വാർഷികവും ഓരോരുത്തരുടെയും ജീവിതത്തിൽ വളരെ സ്പെഷ്യലാണ്. എത്ര വലിയ ജോലിത്തിരക്കിലാണെങ്കിലും ആ ദിവസങ്ങളിൽ അവധി ചോദിച്ചുവാങ്ങി പോവുക പതിവാണ്. എന്നാൽ കർണാടകയിലെ പൊലീസുകാർക്ക് ആ ദിവസങ്ങളിലെ അവധിക്ക് ഇനി മേലുദ്യോ​ഗസ്ഥരുടെ കാല് പിടിക്കേണ്ടതില്ല. പൊലീസ് ഉദ്യോ​ഗസ്ഥർക്ക് ജന്മദിനത്തിനും വിവാഹ വാർഷിക ദിനത്തിനും ക്യാഷ്വൽ ലീവ് അനുവദിച്ച് കർണാടക ഡിജിപി ഉത്തരവിറക്കി.

പൊലീസുകാരുടെ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുകയും അവരുടെ മനോവീര്യം വർധിപ്പിക്കുകയുമാണ് ഇത്തരമൊരു അവധിയുടെ ലക്ഷ്യം. പൊതുസുരക്ഷ ഉറപ്പാക്കാനും ക്രമസമാധാനം നിലനിർത്താനും പൊലീസ് ഉദ്യോ​ഗസ്ഥർക്ക് പലപ്പോഴും വെല്ലുവിളിയും സമ്മർദവും നിറഞ്ഞ സാഹചര്യങ്ങളിൽ പ്രവർത്തിക്കേണ്ടി വരുന്നതായി സർക്കുലറിൽ പറയുന്നു.

അതിനാൽ, വ്യക്തിപരമായ ആഘോഷ നിമിഷങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അത്തരം പ്രത്യേക ദിവസങ്ങളിൽ അവധി അനുവദിക്കുന്നത് ഉദ്യോഗസ്ഥരെ വൈകാരികമായി പുനരുജ്ജീവിപ്പിക്കാനും അവർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ജോലിക്കും വ്യക്തിജീവിതത്തിനും ഇടയിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിർത്താനും സഹായിക്കുമെന്ന് സർക്കുലർ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം വ്യക്തിപരമായ അവസരങ്ങൾ ആഘോഷിക്കുന്നത് മനോവീര്യം മെച്ചപ്പെടുത്താനും സമ്മർദം കുറയ്ക്കാനും ജോലി സംതൃപ്തിക്കും ഉപകാരപ്പെടുമെന്നും ഇത് സേനയിലെ ഉത്പാദനക്ഷമതയ്ക്കും അച്ചടക്കത്തിനും ​ഗുണം ചെയ്യുമെന്നും സർക്കുലറിൽ ഉണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ ത്യാഗങ്ങളെ അംഗീകരിക്കുന്നതിനൊപ്പം സേവനത്തോടുള്ള അവരുടെ പ്രതിബദ്ധത ശക്തിപ്പെടുത്താനുമുള്ള ഒരു മാനുഷിക നടപടിയായിട്ടാണ് ഈ പ്രത്യേക അവധിയെ വിശേഷിപ്പിക്കുന്നത്.

കർണാടക ഡിജി ഐജിപി (ഡയറക്ടർ ജനറൽ ആൻഡ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ്) ഡോ. എം.എ സലീം ആണ് സർക്കുലർ പുറത്തിറക്കിയത്. ജന്മദിനത്തിനും വിവാഹ വാർഷികത്തിനും എല്ലാ ഉദ്യോ​ഗസ്ഥർക്കും അവധി അനുവദിക്കണമെന്ന് ബന്ധപ്പെട്ട യൂണിറ്റ് മേധാവികളോട് അദ്ദേഹം നിർദേശിച്ചു. സംസ്ഥാനത്തുടനീളമുള്ള എല്ലാ യൂണിറ്റ് ഓഫീസർമാരോടും ഈ നിർദേശം ഏകീകൃതമായി നടപ്പാക്കുന്നത് ഉറപ്പാക്കാനും സർക്കുലറിൽ ആവശ്യപ്പെടുന്നു.


TAGS :

Next Story