മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി; അജിത് പവാറിന്റെ മരണത്തിന് പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത് സുനേത്ര പവാർ
ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു

Photo|ANI
മുംബൈ: മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി 62കാരിയായ സുനേത്ര പവാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജനുവരി 28ന് വിമാനാപകടത്തിൽ അന്തരിച്ച ഭർത്താവ് അജിത് പവാറിന്റെ പിൻഗാമിയായാണ് സുനേത്ര ഈ ചുമതല ഏറ്റെടുക്കുന്നത്.
ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്, ശിവസേന നേതാവും ഉപമുഖ്യമന്ത്രിയുമായ ഏകനാഥ് ഷിൻഡെ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഇരുവരും സുനേത്ര പവാറിന്റെ എൻസിപിയുടെ സഖ്യകക്ഷികളാണ്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ രാഷ്ട്രീയത്തിൽ അത്ര സജീവമല്ലാതിരുന്ന സുനേത്ര പവാർ, ബാരാമതിയിൽ തന്റെ ഭർത്താവിന്റെ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. എന്നാൽ അന്ന് സുപ്രിയ സുലെയോട് പരാജയപ്പെട്ടെങ്കിലും പിന്നീട് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ബയോ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമുള്ള സുനേത്ര പവാർ, പവാർ കുടുംബത്തിന് ശക്തമായ സ്വാധീനമുള്ള സഹകരണ മേഖലയിലും സാമൂഹിക സേവന രംഗത്തും സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ടുമുമ്പ്, എൻസിപി നിയമസഭാ കക്ഷി നേതാവായി സുനേത്ര പവാറിനെ തെരഞ്ഞെടുത്തുകൊണ്ടുള്ള കത്ത് പാർട്ടി മുഖ്യമന്ത്രി ഫഡ്നാവിസിന് കൈമാറി. മുതിർന്ന എൻസിപി നേതാക്കളായ പ്രഫുൽ പട്ടേൽ, സുനിൽ തത്കരെ, ഛഗൻ ഭുജ്ബൽ എന്നിവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'വർഷ'യിലെത്തിയാണ് കത്ത് നൽകിയത്. തുടർന്ന് മുഖ്യമന്ത്രി ഈ കത്ത് ഗവർണർ ആചാര്യ ദേവവ്രതിന് കൈമാറുകയായിരുന്നു
Adjust Story Font
16

