ബംഗാളിൽ ഭരണകൂടം പരാജയം; ഉദ്യോഗസ്ഥരുടെ നടപടി പരിതാപകരമെന്ന് സുപ്രിംകോടതി
പശ്ചിമ ബംഗാളിൽ ജുഡീഷ്യൽ ഓഫീസർമാരെ തടഞ്ഞ സംഭവത്തിൽ സംസ്ഥാന ഭരണകൂടത്തിന് സുപ്രിംകോടതിയുടെ വിമർശനം

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ജുഡീഷ്യൽ ഓഫീസർമാരെ തടഞ്ഞ സംഭവത്തിൽ സംസ്ഥാന ഭരണകൂടത്തിന് സുപ്രിംകോടതിയുടെ വിമർശനം. സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായും തകർന്നുവെന്നും ഇത്രയധികം ധ്രുവീകരിക്കപ്പെട്ട ഒരു സംസ്ഥാനം തങ്ങൾ ഇതുവരെ കണ്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി, എസ്പി എന്നിവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ അങ്ങേയറ്റം പരിതാപകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭരണകൂടം പൂർണമായും പരാജയപ്പെട്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് കോടതി വ്യക്തമാക്കി. കൃത്യമായ വിവരം ലഭിച്ചിട്ടും അക്രമം തടയാൻ നടപടി എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥരോട് കോടതി ആവശ്യപ്പെട്ടു. സംഘർഷം നടന്ന സമയത്ത് കളക്ടറോ എസ്പിയോ സ്ഥലത്തെത്താതിരുന്നത് ഗൗരവകരമായ വീഴ്ചയാണെന്നും കോടതി നിരീക്ഷിച്ചു.
ഒരു സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പാക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരിട്ട് ഡിജിപിയെയും ആഭ്യന്തര സെക്രട്ടറിയെയും വിളിക്കേണ്ടി വരുന്നത് ഭരണപരമായ തകർച്ചയുടെ ലക്ഷണമാണെന്നും കോടതി വിമർശിച്ചു. ഉദ്യോഗസ്ഥർ അവരുടെ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയ കോടതി, സംഭവത്തിൽ അടിയന്തര വിശദീകരണം നൽകാൻ ഉത്തരവിട്ടു.
Adjust Story Font
16

