Quantcast

'മുസ്‌ലിംകൾ ഇവിടെ ഇരിക്കരുതെന്ന് പറഞ്ഞു, വസ്ത്രങ്ങൾ കീറി, അടിച്ചു'; പൂനെയിൽ ഇഫ്താർ വിരുന്ന് നടത്തിയവർക്ക് ക്രൂരമർദനം

മാർച്ച് 13-ന് നടന്ന സംഭവത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

MediaOne Logo
മുസ്‌ലിംകൾ ഇവിടെ ഇരിക്കരുതെന്ന് പറഞ്ഞു, വസ്ത്രങ്ങൾ കീറി, അടിച്ചു; പൂനെയിൽ ഇഫ്താർ വിരുന്ന് നടത്തിയവർക്ക് ക്രൂരമർദനം
X

പുനെ: മഹാരാഷ്ട്രയിലെ പുനെ ജില്ലയിലുള്ള വിനോദസഞ്ചാര കേന്ദ്രമായ ബോപ്‌ദേവ് ഘട്ടിൽ ഇഫ്താർ സംഗമത്തിനെത്തിയ 14 മുസ്‌ലിം യുവാക്കളെ 150-ഓളം വരുന്ന ആൾക്കൂട്ടം ക്രൂരമായി മർദിച്ചു. മാർച്ച് 13-ന് നടന്ന സംഭവത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഗ്രാമവാസികൾ സഹകരിക്കാത്തതാണ് അന്വേഷണത്തിന് തടസമാകുന്നതെന്ന് പൊലീസ് പറയുന്നു.

നോമ്പുതുറയ്ക്കായി തടാകതീരത്ത് ഒത്തുകൂടിയ യുവാക്കളെ വടികളും ഇരുമ്പ് ദണ്ഡുകളും ചങ്ങലകളും മാരകായുധങ്ങളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ''ഞങ്ങൾ ഭക്ഷണം ഒരുക്കുന്നതിനിടെ 150-200 ഓളം പേർ വന്ന് വർഗീയ ചീത്തവിളികൾ നടത്തി. ഇത് നിന്റെ ബാപ്പയുടെ വകയാണോ? മുല്ലമാർക്ക് ഇവിടെ ഇരിക്കാൻ കഴിയില്ല എന്ന് അവർ ആക്രോശിച്ചു. ഞങ്ങളുടെ വസ്ത്രങ്ങൾ വലിച്ച് കീറുകയും തലയിലെ തൊപ്പി മാറ്റുകയും ചെയ്തു. പത്താനി കുർത്ത ധരിച്ച് ഇനി ഇവിടെ കണ്ടുപോകരുതെന്ന് അവർ ഭീഷണിപ്പെടുത്തി''- മർദനത്തിനിരയായ ഫിറോസ് ജാവേദ് സയ്യിദ് പറഞ്ഞു. ആക്രമണത്തിൽ അമീൻ എന്ന യുവാവിന് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും 14 തുന്നലുകൾ വേണ്ടിവരികയും ചെയ്തു. പരിക്കേറ്റ മറ്റു 10 പേർ ചികിത്സയിലാണ്.


പൂനെയിൽ ഇഫ്താർ വിരുന്നിനിടെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണത്തിൽ പരിക്കേറ്റവർ

സംഭവം നടന്ന് 20 മിനിറ്റിനുള്ളിൽ പൊലീസ് എത്തിയെങ്കിലും അപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. പ്രതികളെ കുറിച്ച് വിവരം നൽകിയിട്ടും പൊലീസ് അവരെ വിട്ടയച്ചതായി ഇരകൾ ആരോപിക്കുന്നു. എന്നാൽ, സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത 10 പേർക്ക് അക്രമത്തിൽ പങ്കില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതിനാലാണ് വിട്ടയച്ചതെന്ന് സാസ്വാദ് എസ്എച്ച്ഒ കുമാർ കദം അറിയിച്ചു. മഹാരാഷ്ട്ര പൊലീസ് ആരെയും സംരക്ഷിക്കില്ലെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണം നടക്കുന്നതിന് മുമ്പ് അക്രമികൾ പ്രദേശത്തെ സിസിടിവി ക്യാമറ ജാക്കറ്റ് ഉപയോഗിച്ച് മറച്ചതായി ഇരകൾ ആരോപിച്ചു. എന്നാൽ സംഭവസമയത്ത് ക്യാമറ പ്രവർത്തനരഹിതമായിരുന്നു എന്നും പിന്നീട് അന്വേഷണം ഭയന്നാണ് റെസ്റ്റോറന്റ് ഉടമകൾ അത് മറച്ചതെന്നുമാണ് പൊലീസ് വിശദീകരണം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇവിടെ ഇഫ്താർ സംഗമങ്ങൾ നടക്കാറുണ്ടെന്നും ആദ്യമായാണ് ഇത്തരമൊരു ആക്രമണമെന്നും നാട്ടുകാർ പറയുന്നു. 2024 ഒക്ടോബറിൽ ഇതേ സ്ഥലത്ത്‌വെച്ച് ഒരു വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം വലിയ വാർത്തയായിരുന്നു.

TAGS :

Next Story