മമതക്ക് വീണ്ടും തിരിച്ചടി; തൃണമൂൽ വിട്ട് രാജ്യസഭ എംപി സുസ്മിത ദേവ്; ബിജെപിയിലേക്ക് എന്ന് സൂചന
കോൺഗ്രസിന്റെ സിൽചാർ ലോക്‌സഭാ എംപിയായിരുന്ന സുസ്മിത ദേവ്, 2019-ലെ പരാജയത്തിന് ശേഷം 2021-ലാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്

- Updated:
2026-06-10 14:26:42

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞു പോക്കൽ തുടരുന്നു. രാജ്യസഭ എംപി സുസ്മിത ദേവാണ് പാർട്ടിയിൽ നിന്നും രാജിവെച്ചത്. എംപി സ്ഥാനവും രാജിവെച്ചിട്ടുണ്ട്. 61 എംഎൽഎമാർ മമതക്കെതിരെ നിലപാടെടുത്ത് വിമതഗ്രൂപ്പ് രൂപീകരിച്ചതിന് പിന്നാലെയാണ് എംപിമാരിൽ നിന്നും കൊഴിഞ്ഞു പോക്ക് ആരംഭിച്ചത്. ലോക്‌സഭയിലെ 20 എംപിമാർ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്തയച്ചതിന് പിന്നാലെയാണ് സുസ്മിത ദേവ് രാജിവെച്ചിരിക്കുന്നത്. രാജിവെച്ച സുസ്മിത ബിജെപിയിലേക്കാണെന്നാണ് സൂചന.
രാജി സമർപ്പിച്ചതിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി സുസ്മിത ദേവ് ചർച്ചചെയ്തു. സുസ്മിത ഉടൻ തന്നെ ബിജെപിയിൽ ചേരുമെന്നാണ് വിവരം. അസമിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒരു ലോക്‌സഭാ മണ്ഡലത്തിൽ സുസ്മിത ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്നും സൂചനകളുണ്ട്. തന്റെ രാഷ്ട്രീയ ഭാവി ബംഗാളിലല്ല, അസമിലാണെന്ന് സുസ്മിത മാധ്യമങ്ങളോട് പ്രതികരിച്ചു. രാജിക്ക് പിന്നിൽ വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളുണ്ടെന്നും ഒരേസമയം രണ്ട് തോണിയിൽ സഞ്ചരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ മമത ബാനർജിയെക്കുറിച്ച് കൂടുതൽ പ്രതികരണങ്ങൾ നടത്താൻ സുസ്മിത തയ്യാറായില്ല.
കോൺഗ്രസിന്റെ സിൽചാർ ലോക്‌സഭാ എംപിയായിരുന്ന സുസ്മിത ദേവ്, 2019-ലെ പരാജയത്തിന് ശേഷം 2021-ലാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. തുടർന്ന് പാർട്ടിയുടെ ദേശീയ വക്താവായി. പിന്നീട് രാജ്യസഭാ എംപി. കഴിഞ്ഞ ദിവസം രാജി സമർപ്പിച്ച സുഖേന്ദു ശേഖർ റോയ്, ബംഗാളിലെ അഴിമതിയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ചൂണ്ടിക്കാട്ടി മമതയ്ക്ക് കത്തയച്ചിരുന്നു. ബംഗാളിൽ ബിജെപി സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങളെ പ്രശംസിച്ചാണ് സുഖേന്ദു പാർട്ടി വിട്ടത്. സുസ്മിതയുടെ കൂടി രാജിയോടെ അസമിലെ തൃണമൂലിന്റെ ഏക പ്രമുഖ മുഖമാണ് പാർട്ടിക്ക് നഷ്ടമായിരിക്കുന്നത്.
Adjust Story Font
16
