തമിഴ്‌നാട്ടിലെ കസ്റ്റഡി മരണം: അഞ്ച് പൊലീസുകാർ അറസ്റ്റിൽ; യുവാവിന്‍റെ തലയിലും നെഞ്ചിലും പരിക്കെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
സർക്കാരിനെതിരെ മദ്രാസ് ഹൈക്കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ യുവാവ് കസ്റ്റഡിയിൽ വച്ച് മരിച്ച സംഭവത്തിൽ അഞ്ചു പൊലീസുകാർ അറസ്റ്റിൽ. ഞായറാഴ്ചയാണ് 29 കാരനായ അജിത് കുമാർ കസ്റ്റഡിയിൽവെച്ച് മരിക്കുന്നത്. ഇയാളുടെ തലയിലും നെഞ്ചിലും ഉൾപ്പെടെ ഒന്നിലധികം പരിക്കുകൾ ഉണ്ടെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.അജിത് കുമാറിന്റെ മരണത്തിൽ ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്തതായും സർക്കാർ അറിയിച്ചു.
മദപുരം ഭദ്രകാളി അമ്മൻ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ച അജിത് കുമാർ. ക്ഷേത്രത്തിന് സമീപം കാർ പാർക്ക് ചെയ്യാനായി അജിത്തിന് താക്കോൽ നൽകുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്നും സ്ത്രീ പരാതി നൽകി.
തുടർന്ന് കഴിഞ്ഞമാസം 27ന് അജിത് കുമാറിനെ ചോദ്യം ചെയ്യാനായി സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് മർദിച്ചുവെന്ന് സഹോദരൻ ആരോപിച്ചു. അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ജൂൺ 29 ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ അജിത് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. പൊലീസ് ക്രൂരതയാണ് മകന്റെ മരണത്തിന് പിന്നിലെന്ന് അജിത് കുമാറിന്റെ കുടുംബം ആരോപിച്ചു. ഇതിന് പിന്നാലെ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.ശിവഗംഗ പൊലീസ് സൂപ്രണ്ട് ആശിഷ് റാവത്തിനെ ചുമതലകളിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. രാമനാഥപുരം പൊലീസ് സൂപ്രണ്ട് ജി ചന്ദീഷിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.
അതേസമയം,കസ്റ്റഡി മരണത്തിൽ തമിഴ്നാട് സർക്കാരിനെതിരെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചും രൂക്ഷ വിമർശനം ഉന്നയിച്ചു. കേസിൽ സർക്കാരിന്റെ നടപടികൾ പര്യാപ്തമല്ലെന്ന് കോടതി പറഞ്ഞു. അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമർശനം. ആഭരണ മോഷണ പരാതി ഫയൽ ചെയ്തപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ മജിസ്ട്രേറ്റിന് സമർപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.അന്വേഷണം ആരംഭിക്കാൻ പ്രത്യേക സംഘത്തിന് ആരാണ് അധികാരം നൽകിയതെന്ന് ഡിജിപി വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ സര്‍ക്കാറിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. 2021 ല്‍ ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് 24 പൊലീസ് കസ്റ്റഡി മരണങ്ങളുണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചു. ഡിഎംകെ സർക്കാറിന്റെ കീഴിലുണ്ടായിരുന്ന കസ്റ്റഡി മരണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൊലീസ് സേനയെ കൈകാര്യം ചെയ്യാൻ പോലും സ്റ്റാലിന് കഴിയുന്നില്ലെന്നും പളനി സ്വാമി വിമർശിച്ചു.
Adjust Story Font
16

