Quantcast

തെലങ്കാനയിൽ ശരീരഘടന പഠിപ്പിക്കാൻ പശുവിന്റെ തലച്ചോറ് കൊണ്ടുവന്നെന്ന് ആരോപണം; അധ്യാപകന് സസ്പെൻഷൻ

ഗോവധ നിയമപ്രകാരം അധ്യാപകനെതിരെ പൊലീസ് കേസെടുത്തു

MediaOne Logo

Web Desk

  • Published:

    28 Jun 2025 12:24 PM IST

തെലങ്കാനയിൽ ശരീരഘടന പഠിപ്പിക്കാൻ പശുവിന്റെ തലച്ചോറ് കൊണ്ടുവന്നെന്ന് ആരോപണം; അധ്യാപകന് സസ്പെൻഷൻ
X

ഹൈദരാബാദ്: ശരീരഘടന വിശദീകരിക്കുന്നതിനായി പശുവിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്നെന്നാരോപിച്ച് അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. വികരാബാദ് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ ഗോവധ നിയമപ്രകാരം അധ്യാപകനെതിരെ പൊലീസ് കേസെടുത്തു.

ജൂൺ 24നായിരുന്നു കേസിനാസ്പദമായ സംഭവം. പത്താം ക്ലാസ് വിദ്യാർഥികൾക്ക് ശരീരഘടന പഠിപ്പിക്കുന്നതിനായി ഖാസിം ബി എന്ന ശാസ്ത്ര അധ്യാപകൻ കൊണ്ടുവന്നത് പശുവിന്റെ തലച്ചോറാണെന്ന് അദ്ദേഹം പറഞ്ഞതായി വിദ്യാർഥികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് വിവാദമുണ്ടായത്.

അധ്യാപകൻ മനുഷ്യന്റെ തലച്ചോർ എങ്ങനെയിരിക്കുമെന്ന് കാണിക്കുന്നതിനായി ഡെമോയായി പശുവിന്റെ തലച്ചോർ കൊണ്ടുവന്നെന്നാണ് റിപ്പോർട്ട്. അധ്യാപകൻ മാതൃകയോടൊപ്പം ഫോട്ടോയെടുത്ത് ക്ലാസ് മുറിക്കുള്ളിൽ പോസ് ചെയ്തുവെന്നും പിന്നീട് ചിത്രങ്ങൾ സ്കൂളിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കിട്ടതായും പറയപ്പെടുന്നു.

കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തലച്ചോറിന്റെ സാമ്പിൾ പശുവിന്റേതാണോ എന്ന് നിർണയിക്കാൻ തെലങ്കാന ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും വികാരാബാദ് ജില്ലാ സൂപ്രണ്ട് നാരായണ റെഡ്ഡി പറഞ്ഞു. തെലങ്കാനയിൽ ഗോവധം നിരോധിച്ചിരിക്കുന്നതിനാൽ ഇത് നിയമപ്രകാരം കുറ്റകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്കൂളിലെ പ്രധാനാധ്യാപകൻ ഔദ്യോഗികമായി പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് കേസ് ഫയൽ ചെയ്തു. തുടർന്ന് വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

TAGS :

Next Story